ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍ എം.എ. യൂസഫലി എം.എ. യൂസഫലി

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാമത്. ദുബായിയിലെ 'അറേബ്യന്‍ ബിസിനസ്' മാസിക പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് യൂസഫലി ഒന്നാമതെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പവും റീട്ടെയില്‍ വ്യാപാര മേഖലയിലെ ശക്തമായ സാന്നിധ്യവുമാണ് യൂസഫലിയെ പട്ടികയില്‍ തുടര്‍ച്ചയായി ഒന്നാമതെത്തിക്കുന്നത്. 44,800 കോടി രൂപ വിറ്റുവരവുള്ള ലുലു ഗ്രൂപ്പിന് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യ, ഈജിപ്ത്, മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലുമായി 138 റീട്ടെയില്‍ സ്ഥാപനങ്ങളുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാലിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനി രണ്ടാമതായും ഫൈവ് ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ കബീര്‍ മുല്‍ചന്ദാനി മൂന്നാമതായും പട്ടികയില്‍ ഇടംപിടിച്ചു. വി.പി.എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍, എന്‍.എം.സി. ഹെല്‍ത്ത് സി.ഇ.ഒ. പ്രശാന്ത് മങ്ങാട്ട്, ലുലു എക്‌സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്, ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, മലബാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എം.ഡി. ഷംലാല്‍ അഹമ്മദ്, യു.എ.ഇ. എക്‌സ്‌ചേഞ്ച് സി.ഇ.ഒ. പ്രമോദ് മങ്ങാട്ട്, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍, ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, സുനില്‍ ജോണ്‍, മുഹമ്മദ് ജാഫര്‍ മുസ്തഫ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍.


View on mathrubhumi.com