ഖത്തറിന്റെ നിലപാട് രാഷ്ട്രതന്ത്രജ്ഞതയ്ക്കുള്ള മാതൃക- യൂത്ത്‌ഫോറം

ദോഹ:വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റാനുള്ള രാഷ്ട്രതന്ത്രജ്ഞതയ്ക്കുള്ള മാതൃകയായി ഖത്തര്‍ ഭരണകൂടവും സമൂഹവും അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് കഴിഞ്ഞ നാലുമാസത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് അഭിപ്രായപ്പെട്ടു.
അനുകൂല സാഹചര്യങ്ങളെക്കാള്‍ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നിടത്താണ് ഒരു നേതാവിന്റെ രാഷ്ട്രീയപാടവം ബോധ്യപ്പെടുന്നത്.രാജ്യത്തിനെതിരെയുള്ള പ്രസ്താവനകള്‍ക്കും ദുരാരോപണങ്ങള്‍ക്കും മുന്നില്‍ സംവാദത്തിലൂടെ പരിഹാരം എന്ന ഖത്തര്‍ അമീറിന്റെ മുദ്രാവാക്യം ആധുനികരാഷ്ട്രങ്ങള്‍ക്ക് മാത്രമല്ല, വ്യക്തികള്‍ക്കും വ്യത്യസ്ത മത സാംസ്‌കാരിക സ്വത്വങ്ങള്‍ക്കുമെല്ലാം അനുകരണീയമാണ്.
തങ്ങളുടെ നിലപാടുകള്‍ക്ക് പ്രവാസികളും സ്വദേശികളും അടങ്ങുന്ന രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ നേടിയെടുക്കാന്‍ ഖത്തര്‍ ഭരണാധികാരികള്‍ക്ക് സാധിക്കുന്നത് അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നതിന്റെ തെളിവാണ്.
ഖത്തറിലെ പ്രവാസിസമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നും ഐക്യദാര്‍ഢ്യ പരിപാടികളുമായി കൂട്ടായ്മകള്‍ മുന്നോട്ടുവന്നത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ബ്രിഡ്ജ് ഖത്തറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ നടത്തിയ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സാംസ്‌കാരികമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഴങ്ങിയ കരഘോഷം ഓര്‍ക്കാതെ വയ്യ.ഖത്തറിലെ ജീവിതം സന്തോഷകരമായ ഒരു അനുഭവം ആയിരുന്നെങ്കില്‍ ഇന്നത് അഭിമാനവും ഒരല്പം അഹങ്കാരവും നിറഞ്ഞ ആഘോഷമായി മാറിയിരിക്കുന്നു എന്ന് പറയാതെ വയ്യ.( 'മാതൃഭൂമി' വ്യാഴാഴ്ച രണ്ടാം പേജില്‍ പ്രസിദ്ധീകരിച്ച 'വെല്ലുവിളികളെ അതിജീവിച്ച ഭരണനേതൃത്വത്തിന് അഭിനന്ദന പ്രവാഹം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസിന്റെ പ്രതികരണം മാറിയാണ് കൊടുത്തത്. മുകളില്‍ കൊടുത്തിരിക്കുന്നതാണ് യഥാര്‍ഥ പ്രസ്താവന.)


VIEW ON mathrubhumi.com