ഗൾഫ് പ്രവാസം: മലയാളികൾ പിന്നിലേക്ക്

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക പ്രതീക്ഷകൾക്ക് തിരിച്ചടിയേകി ഗൾഫ് പ്രവാസത്തിൽ മലയാളികളെ പിന്നിലാക്കി ഉത്തരേന്ത്യ മുന്നിലേക്ക്. ഗൾഫിൽ സാധ്യത അവശേഷിക്കുന്ന തൊഴിലുകളിൽ മറ്റു സംസ്ഥാനക്കാർ സ്ഥാനമുറപ്പിക്കുന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തിൽ നിന്ന് 9000ത്തിൽ താഴെ മാത്രം ആളുകളാണ് തൊഴിൽ തേടി ഗൾഫിലേക്ക് പറന്നിട്ടുള്ളത്.
അതേസമയം ഈ കാലയളവിൽ ബിഹാറിൽ നിന്ന് 35,000 പേരും ഉത്തർപ്രദേശിൽ നിന്ന് 33,000 പേരും ഗൾഫിലേക്ക് കുടിയേറി. 2015-ൽ 43,000ത്തോളം മലയാളികൾ തൊഴിൽ തേടി ഗൾഫിലേക്ക് കുടിയേറിയപ്പോൾ കഴിഞ്ഞ വർഷം ഇത് ഇരുപത്തിയയ്യായിരമായി കുറഞ്ഞു. ഈ വർഷം കേരളത്തിന്റെ പ്രവാസക്കണക്ക് 20,000-ത്തിൽ താഴെയായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്.
2017-ലെ എമിഗ്രേഷൻ ക്ലിയറൻസ് ഡാറ്റ പ്രകാരം ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തിനിടയിൽ ഇന്ത്യയിൽ നിന്ന് 1.84 ലക്ഷം പേരാണ് തൊഴിൽ തേടി ഗൾഫിലേക്ക് പറന്നത്.
ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള മൊത്തം കുടിയേറ്റക്കാരുടെ 20 ശതമാനവും ഇപ്പോൾ ബിഹാറുകാരാണ്. 18 ശതമാനവുമായി ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കേരളം ഏറെ പിന്നിലാണ്. യു.പി.യുടെയും കേരളത്തിന്റെയും തൊഴിൽ സാധ്യതകളിൽ ബിഹാറുകാർ കയറിപ്പറ്റുകയാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകൾ. സെപ്റ്റംബറിൽ നിതാഖാതിന്റെ അടുത്ത ഘട്ടം തുടങ്ങുന്നതോടെ കൂടുതൽ മലയാളികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പാണ്.


VIEW ON mathrubhumi.com


READ MORE GULF STORIES: