വയനാടന്‍ ഉള്‍ക്കാടുകളില്‍ നീറുന്ന ജീവിതങ്ങള്‍, ഒരു നേര്‍ക്കാഴ്ച

By: ഹണിഭാസ്‌കരന്‍
ദുരൂഹമായ യാഥാര്‍ത്ഥ്യങ്ങളുടെയും, ശോഷിച്ച സംസ്‌കാരത്തിന്റെയും വെന്ത കാഴ്ച്ചകള്‍ പൊയ്മുഖം കൊണ്ട് മറച്ചുപിടിച്ചാല്‍ കേരളത്തില്‍ മറ്റെങ്ങും കാണാത്ത വശ്യഭംഗിയുണ്ട് വയനാടിന്. തേയില തോട്ടങ്ങളും നെല്‍വയലുകളും വാഴത്തോപ്പുകളും പ്രകൃതിയിലേക്ക് ഹരിതജാലകം തുറന്നു പിടിക്കുന്ന പച്ചമണമുള്ള നാട്... പ്രകൃതി രമണീയം.
എപ്പോഴും ഈര്‍പ്പം തങ്ങിനില്‍ക്കുന്ന അന്തരീക്ഷം. ആര്‍ത്തലച്ചു ഒഴുകുന്ന പുഴകള്‍, കളകളാരവവുമായ്അരുവികള്‍, ആകാശത്തേക്ക് കൈകള ഉയര്‍ത്തി നില്ക്കുന്ന സില്‍വര്‍ ഓക് മരങ്ങള്‍, കാപ്പി തോട്ടങ്ങള്‍, ഹെയര്‍ പിന്‍ വളവുകളുള്ള റോഡുകള്‍, മൂടല്‍ മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ചുരങ്ങള്‍, വനസംരക്ഷണ മേഖലകള്‍. പ്രകൃതിയുടെ വന സമ്പത്ത് കണ്ണിനു കുളിര്‍മ്മ നല്‍കുന്ന ദൃശ്യങ്ങളായി യാത്രയില്‍ ഉടനീളം കാണാം.
കാര്‍ഷിക ജീവിതവുമായി വളരെ അടുത്ത് ജീവിക്കുന്ന ആളുകള്‍ ഏറെ ഉള്ളതുകൊണ്ടാവും അവരുടെ ജീവിതത്തിനു മണ്ണിന്റെ മണമാണ്. പശ മണ്ണ് പോലെ ഒട്ടിപ്പിടിക്കുന്ന നോവുകള്‍ ഏറെ ഉണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇന്നും വലിയ പുരോഗതിയിലേക്ക് വന്നെത്താന്‍ കഴിയാതെ ഉള്‍വലിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍. കാര്‍ഷിക ആത്മഹത്യകള്‍ പെരുകുമ്പോഴും അവരിലേക്ക് സഹായ ഹസ്തങ്ങള്‍ നീട്ടാന്‍ മനപ്പൂര്‍വ്വം അന്ധത നടിക്കുന്ന ഭരണ വൈരൂപ്യങ്ങള്‍.
നമ്മളില്‍ നമ്മളെ പോലെ അല്ലാതെ ജീവിക്കുന്ന ചിലര്‍ ഉണ്ട് അവിടെ...മാനസികമായും ശാരീരികമായും ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ചിലര്‍. ആദിവാസി സമൂഹം...അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ മെനക്കെടാത്ത ഭരണകൂടം.... പ്രാണന്റെ നുരയും പതയും അവസാന പിടച്ചിലും കാടിന്റെ ഉള്‍ഭിത്തികളില്‍ മുന്നോക്ക സമൂഹം വലിച്ചടയ്ക്കുമ്പോള്‍ നമ്മളില്‍ വിരളം ആളുകളില്‍ മനസാക്ഷിക്ക് യോജിക്കാത്ത ചിലതുണ്ട്.. സഹജീവികളുടെ സങ്കടങ്ങള്‍.... അക കണ്ണും പുറം കണ്ണും അടിച്ചമര്‍ത്തപ്പെട്ടവന്റെ ജീവിത നഗ്‌നതകളിലേക്ക് തുറന്നു പിടിക്കുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ പലതും ഹൃദയ ഭേദകം...
തിരക്ക് പിടിച്ച നഗര ജീവിത പ്രഹസനങ്ങളില്‍, ആഘോഷതിമിര്‍പ്പുകളില്‍ നാം കണ്ടിട്ടും കാണാതെയും അറിഞ്ഞിട്ടും അറിയാതെയും പോകുന്ന ചിലത്... സഹജീവികളുടെ പട്ടിണിയും ദാരിദ്ര്യവും കണ്ണീരു വീണു കലര്‍ന്ന് വികലമായ അവരുടെ പച്ചയായ ജീവിതത്തിനും മീതെ വട്ടമിട്ടു പറക്കുന്ന ഒരു വിഭാഗം വേറെയുമുണ്ട് നമ്മുടെ സമൂഹത്തില്‍..... അവരുടെ ആവാസ വ്യവസ്ഥയില്‍ കൈ കടത്തി അവരെ നമ്മിലേക്ക് ചേര്‍ത്ത് നിരത്താന്‍ ശ്രമിക്കുന്നു എന്നത് ഗുണത്തെക്കാള്‍ ഏറെ അവരെ ദോഷമായി ബാധിക്കുന്നു.
എല്ലാം തികഞ്ഞവര്‍ എന്നഹങ്കരിക്കുന്ന നമ്മള്‍ ഇവരിലേക്ക് ഇടയ്‌ക്കൊന്നു എത്തിനോക്കുക.. പുറം പൂച്ചുകള്‍ കുറച്ചെങ്കിലും പൊളിഞ്ഞു വീഴുമെന്നു തീര്‍ച്ച... ദൈന്യതയൂറുന്ന കുഞ്ഞിക്കണ്ണുകളില്‍, വിശപ്പിന്റെതാളമറിയുന്ന കുരുന്നു മനസുകളില്‍, വലിച്ചു കീറപ്പെട്ട സ്ത്രീത്വങ്ങളില്‍ കാഴ്ചകള്‍ ഉടക്കി വലിക്കുമ്പോള്‍ മനസ് നീറി പോകും. രാവിലെ കുടിലുകളില്‍ നിന്നു ഒന്നും കഴിക്കാതെ സ്‌കൂളില്‍ വരുന്ന കുരുന്നു മക്കളുടെ പരിഭവങ്ങള്‍, ക്ഷീണങ്ങള്‍, ദയനീയതകള്‍
കുന്നിന്റെ ഉച്ചിയിലാണ് മിക്ക കോളനികളും. നടന്നെത്താന്‍ ഏറെ പണിപ്പെടണം. ചെളിയോഴുകിയിറങ്ങുന്ന കുന്നിന്‍ ചെരിവുകള്‍, പായല്‍ നിറഞ്ഞു വഴുക്ക് പിടിച്ച കൊച്ചു പാതകള്‍, മലിനജലം കുത്തിയൊഴുകുന്ന തോടുകള്‍, ഇടിഞ്ഞു വീണു തടസം നിന്ന ചെമ്മണ്‍ കുഴികളും, കവുങ്ങിന്‍ തടികള്‍ നീട്ടിയിട്ട ശോഷിച്ച പാലങ്ങളും... ഗതാഗത സൗകര്യം ഇല്ലാത്ത ദുര്‍ഘടം പിടിച്ച വഴികള്‍ ഏറെ ദൂരംതാണ്ടണം അവിടെയ്‌ക്കെത്തുവാന്‍.
അവിടേക്ക് കടന്നു ചെല്ലുമ്പോള്‍ ആരൊക്കെയോ ചൂഷണം ചെയ്ത ജീവിതത്തിന്റെ അമര്‍ഷം പല മുഖങ്ങളിലും അസ്വസ്ഥതയായി പ്രതിഫലിക്കുന്നത് കാണാം... മല വിസര്‍ജ്യങ്ങള്‍ കെട്ടിക്കിടക്കുന്ന ചുറ്റുപാടുകള്‍. . കാല്‍ വെയ്ക്കാന്‍ അറയ്ക്കുന്നത്ര മലീമസമാണ് പല കുടില്‍ മുറ്റങ്ങളും... കക്കൂസുകള്‍ വളരെ വിരളം.. കുടിലുകളുടെ മുറ്റത്തു തന്നെ ചാക്ക് കെട്ടി മറച്ചു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍.. മഴ പെയ്യുമ്പോള്‍ മലിനം മുറ്റത്തും വഴികളിലുംനിറഞ്ഞൊഴുകും...
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍. നനഞ്ഞു കുതിര്‍ന്ന മുറികള്‍ നിറഞ്ഞു നില്‍ക്കുന്ന അഴുക്കു ഗന്ധം... ചാക്ക് വിരിച്ചു നിലത്തു കിടന്നുറങ്ങുന്ന വാര്‍ദ്ധക്യ കോലങ്ങള്‍. പലപ്പോഴും പഴന്തുണി കെട്ടുകള്‍ ആണെന്ന് തോന്നും വിധം ചുരുണ്ട് കിടക്കുന്നു.. മുറുക്കി ചുവന്ന ചുണ്ടുകളും ജടപിടിച്ച മുടിയുമുള്ള സ്ത്രീകള്‍ പുറത്ത് നിന്ന് ആരെങ്കിലും കടന്നു ചെല്ലുമ്പോള്‍ മുറികളിലേക്ക് ഉള്‍വലിയും.. കുട്ടികള്‍ മാത്രം ആകാംഷയോടെ പുറത്തേക്കിറങ്ങും... സിക്കിള്‍സ്, അനീമിയ എന്നീ അസുഖങ്ങള്‍ അവിടെ ഉള്ള കോളനികളില്‍ ഒരു ശാപം പോലെ പലരെയും കീഴ്‌പ്പെടുത്തുന്നു...
ചില കോളനികളില്‍ എത്തിപ്പെടാന്‍ കുത്തനെയുള്ള കുന്നുകള്‍ കയണമായിരുന്നു..ഒരാള്‍ക്ക് മാത്രം നടക്കാന്‍ പാകത്തില്‍ വീതി മാത്രം ഉളള കുടുസു വഴികള്‍... ഒരു കുടിലില്‍ കണ്ട കണ്ട കാഴ്ച ഞെട്ടിച്ചു കളഞ്ഞു. ഒരേ മുറിയില്‍ ഭക്ഷണം പാകം ചെയ്യുകയും, ഉറങ്ങുകയും മലവിസര്‍ജ്യം നടത്തുകയും ചെയ്യുന്ന ഒരാളാണ് അവിടെതാമസിക്കുന്നത്.
ഒന്ന് എത്തി നോക്കാന്‍ പോലും പറ്റാത്തത്ര വൃത്തി ഹീനം.ചെരുപ്പ് ഇട്ടിട്ടുപോലും കാല്‍ വെയ്ക്കാന്‍ അറച്ചു പോകുന്ന അവസ്ഥ... വിചിത്ര കഥയിലെ കഥാപാത്രം പോലെ എല്ലും തോലുമായ ചില മനുഷ്യക്കോലങ്ങള്‍. മാറ് പോലും മറയ്ക്കാതെ പ്രാകൃത രീതിയില്‍ തന്നെ ജീവിക്കുന്ന അനേകം പേര്‍.
250 അടിയില്‍ അധികം ആഴമുള്ള കിണറുകളില്‍ നിന്ന് വെള്ളം കോരി വേണം ദൈന്യം ദിന കര്‍മ്മങ്ങള്‍ ചെയ്യാന്‍. റോഡില്‍ നിന്നും എത്രയോ കിലൊമീറ്ററുകള്‍ക്കുള്ളില്‍ കുത്തനെയുള്ള കുന്നുകള്‍ ഇറങ്ങി വേണം കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍, വെള്ളത്തിന്റെ, കക്കൂസുകളുടെ, വൈദ്യുതിയുടെ, റോഡുകളുടെ ഒക്കെ അഭാവങ്ങള്‍ പട്ടിണി മരണങ്ങള്‍ എത്രയോ നടക്കുന്നുണ്ട്. നവജാത ശിശു മരണങ്ങള്‍, മാറാ രോഗങ്ങള്‍ വേറെയും.
ലഹരി ഉപയോഗിക്കുന്നവര്‍ ആണ് ആദിവാസികളില്‍ മിക്കവരും. അടുത്ത് നിന്ന് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടി.. മുഷിഞ്ഞു കീറിയ വസ്ത്രങ്ങള്‍, മുറുക്കാന്‍ കറയും കഞ്ചാവ് കറയും പിടിച്ചു വിളര്‍ത്ത ചുണ്ടുകള്‍... സിസേറിയന്‍ പ്രസവം കഴിഞ്ഞു അധിക ദിവസം ആകും മുന്‍പേ വീട്ടു ജോലി ചെയ്ത് ആരോഗ്യം തളര്‍ന്നു പോയ സ്ത്രീകള്‍.. അമ്മമാര്‍ ആണ് കുടുംബം നോക്കുന്നത്... അടിക്കടിയുള്ള പ്രസവങ്ങള്‍ പലപ്പോഴും മരണത്തിനും പക്ഷപാതത്തിനും കാരണം ആവുന്നു..
ശൈശവ വിവാഹമാണ് മറ്റൊരു പ്രധാന പ്രശ്‌നം. സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ പലപ്പോഴും രാഷ്ട്രീയക്കാരുടെ പോക്കറ്റുകളില്‍ ഒതുങ്ങുന്നു. കാറ്റിനു പോലും മദ്യത്തിന്റെ മണം. കാഴ്ചകള്‍ പലതും പേറ്റു നോവ് പോലെ അസഹ്യപ്പെടുത്തികൊണ്ടിരുന്നു.. രാവേറെ ആകും വരെ കോളനികള്‍ കയറിയിറങ്ങി...
കനത്ത മഴയില്‍ കൊടും തണുപ്പില്‍ കുന്നിറങ്ങാന്‍ പാട് പെട്ടു.. വഴികളില്‍ ചോര കുടിക്കുന്ന അട്ടകള്‍. ദേഹമാസകലം കടുത്ത വേദനയുമായി മഴ നനഞ്ഞു ചുരം ഇറങ്ങുമ്പോള്‍ ദിവസവും ഈ കുന്നുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന കുരുന്നുകളുടെ അവസ്ഥ ഓര്‍ത്തു.
ഭരണവും ഭരണ കൂടങ്ങളും കീശ നിറയ്ക്കാന്‍ നെട്ടോട്ടം ഓടുമ്പോള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് ഉരഗങ്ങളെ പോലെ ഇരുട്ട് നിറഞ്ഞ കൂരകളില്‍ അന്നം കിട്ടാതെ, അസുഖം പിടിച്ചു, ചാക്ക് പുതച്ചു, വസ്ത്രം പോലും ഇല്ലാതെ ഇഴഞ്ഞു ജീവിക്കുന്ന കുറെ മനുഷ്യര്‍, കൊച്ചു കുട്ടികള്‍..കണ്ണേ മടങ്ങുക എന്ന് പലപ്പോഴും മനസിനോട് നിലവിളിച്ചു പറഞ്ഞു പോയി.
കുന്നിറങ്ങിയ ശേഷം സ്വകാര്യ വ്യക്തികളുടെ വയലുകള്‍ക്കും വാഴത്തോപ്പുകള്‍ക്കും ഇടയിലൂടെ തോടും ആണികളും കടന്നു സുഹൃത്തുക്കളോടും ചില അധ്യാപകരോടും പഞ്ചായത്ത് അധികൃതരോടുമൊപ്പം പ്രധാന വഴിയില്‍ എത്തി. രാത്രിയെങ്കിലും റോഡില്‍ നിന്ന് നോക്കുമ്പോള്‍ വയനാടന്‍ കുന്നുകള്‍ മഞ്ഞില്‍ എരിയുന്നത് കണ്ടു.. കരിമ്പടം വിരിച്ച ആകാശം മുട്ടെ ഉയരുന്ന മഞ്ഞു പുകകള്‍.. കാഴ്ചകളില്‍ നീറി അതുപോലെ മനസും പുകഞ്ഞു കൊണ്ടിരുന്നു...


VIEW ON mathrubhumi.com


READ MORE GULF STORIES: