ഡ്രാക്കുളയും മാങ്ങാ അച്ചാറും

By: ഡെന്നിസ് യൂജിന്‍ അറയ്ക്കല്‍
ങ്ങളുടെ വീടിനു കുറച്ചു പടിഞ്ഞാറ് വശത്തുള്ള ശശിധരന്‍ ചേട്ടനെ പേപ്പട്ടി കടിച്ചെന്നും പറഞ്ഞ് ആളുകളെല്ലാം കൂടെ പേടിപ്പിച്ചു ഹാര്‍ട്ട് അറ്റാക്ക് വരുത്തി കൊന്നതിനു ഏകദേശം രണ്ടു മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ പറയുന്ന ഈ സംഭവം നടക്കുന്നത്. ഒരു ശനിയായ്‌ഴ്ച ദിവസം, ഉച്ചകഴിഞ്ഞ് ഒരു മൂന്നു മൂന്നര സമയം. പറമ്പില്‍ കുത്തിയിരുന്ന് ചെടിയുടെ ചുവട്ടില്‍ കിളച്ചു കൊണ്ടിരിക്കുകയാണ് അമ്മ. ഞാന്‍ അമ്മയുടെ അടുത്ത് ചെടികള്‍ക്ക് ഇടാനായി വെച്ചിരിക്കുന്ന ഉണക്ക ചാണക പൊടിയില്‍ കമ്പിട്ടു കുത്തി പുഴുക്കളെയും പ്രാണികളെയും പുറത്തേയ്ക്ക് തെറുപ്പിച്ച് കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഇരുന്ന ഇരുപ്പില്‍ ഒരു കാരണവുമില്ലാതെ എന്റെ നേരെ തിരിഞ്ഞു അമ്മ ചോദിച്ചു.
എടാ, നീ ഈയിടെയായി പള്ളിയില്‍ പോകുന്നില്ലേ? ഞാന്‍ ഒന്ന് ഞെട്ടി. ഭയങ്കരം! ഇതൊക്കെ അമ്മ എങ്ങനെ ഗണിച്ചറിയുന്നു? കഴിഞ്ഞ തിങ്കളാഴ്ച ഐസ് മിഠായി വാങ്ങിച്ചു കഴിച്ചപ്പം ചേട്ടന് കൊടുക്കാത്തത് കൊണ്ട് ചേട്ടന്‍ ഒറ്റിയതാണോ? അങ്ങനെ വരാന്‍ വഴിയില്ല. കാരണം ചേട്ടനും ഈയിടെയായി പള്ളിക്കാര്യത്തില്‍ ഇച്ചിരി ഉഴപ്പൊക്കെ ഉണ്ട്. അത് പക്ഷെ എനിക്ക് മാത്രമേ അറിയൂ!
ഇത് ചോദിച്ചിട്ട് അമ്മ തല തിരിച്ചിരുന്നു കൊണ്ട് തന്നെ എന്നെ ഒന്ന്- രണ്ടു നിമിഷം സൂക്ഷിച്ചു നോക്കി. ഞാന്‍ അമ്മയ്ക്ക് കണ്ണു കൊടുക്കാതെ ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ ഒരു ഉണക്ക ചാണകക്കട്ട ചാണക കൂനയുടെ മുകളില്‍ നിന്നും കമ്പ് കൊണ്ട് കുത്തി താഴോട്ട് ഉരുട്ടിവിടുന്ന കാര്യത്തില്‍ വ്യാപ്രിതനായി ഇരിക്കുന്ന പോലെ കാണിച്ചു.
ഡാ! നിന്നോടാ ചോദിച്ചത്. നീ വേദപാഠ ക്ലാസ് ഉഴപ്പുന്നുണ്ടോ? നിന്റെ മേരി ടീച്ചര്‍ ഇന്നലെ എന്നോട് അങ്ങനെ എന്തോ സൂചിപ്പിച്ചു. ബസ് കേറാന്‍ ഓടിക്കൊണ്ടിരുന്നതു കൊണ്ട് അപ്പോള്‍ ഞാന്‍ ശരിക്കു കേട്ടില്ല. സത്യം പറ. നാളെയോ മറ്റന്നാളോ ഞാന്‍ ടീച്ചറിനെ വീണ്ടും കാണും. അതുകൊണ്ട് മുട്ടന്‍ കള്ളം പറഞ്ഞു രക്ഷപെടുന്ന നിന്റെ സ്ഥിരം പണി ഇപ്പോള്‍ നടക്കത്തില്ല. പറ! നീ ഈയിടയായി പള്ളിയില്‍ പോകുന്നില്ല, അല്ലെ?
പെട്ടു! സംഭവം സത്യമാണ്. എന്ത് ചെയ്യാനാണ്? ഞായറാഴ്ച രാവിലെ ഒമ്പതു മണിക്കാണ് പള്ളിയില്‍ കുര്‍ബാന തുടങ്ങുക. അപ്പോള്‍ തന്നെ ടിവിയില്‍ രാമായണം സീരിയലും തുടങ്ങും. ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ് ഈ സീരിയല്‍. കടു കട്ടി ഹിന്ദിയിലാണ് ഈ സീരിയലില്‍ കാര്യങ്ങള്‍. ഡയലോഗില്‍ 'കിന്തു', 'പരന്തു', 'ആര്യപുത്ര്' എന്നൊക്കെയുള്ള വാക്കുകളുടെ അയ്യരുകളിയാണ്.
ഇടയ്ക്കിടയ്ക്ക് ചുമ്മാ യുദ്ധം. യുദ്ധം ചെയ്യുന്ന വീരന്മാര്‍ നേര്‍ക്ക് നേര്‍ നിന്ന് വലിയ വലിയ ഡയലോഗ് കാച്ചും. എന്നിട്ട് ദേഷ്യം വരുമ്പോള്‍ ഓരോ അമ്പൊക്കെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെടുതി അങ്ങോട്ടും ഇങ്ങോട്ടും അയയ്ക്കും. അങ്ങോട്ടും ഇങ്ങോട്ടും അയക്കും എന്ന് വെച്ചാല്‍ നേരെ അയക്കാതെ ചുമ്മാ മേലോട്ട് വിടും. തീതുപ്പുന്ന അമ്പ് ഒരാള്‍ അയക്കുമ്പോള്‍ വെള്ളം ചാടുന്ന അമ്പ് വേറൊരാള്‍ അയക്കും. ഇത് രണ്ടും കൂടി ആകാശത്ത് വെച്ച് ഭയാനകനമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കൂട്ടിമുട്ടി തകരും.
ജയിക്കുന്ന അമ്പുകാരന്‍ ശാന്തനായി ചിരിക്കും, കണ്ണുകള്‍ ശാന്തമായി അടച്ചു തുറക്കും. തോക്കുന്നയാള്‍ ഞെട്ടുന്ന മുഖം കാണിക്കും, എന്നിട്ട് ഒരു പത്തു- പതിനഞ്ചു മിനിട്ട് ചുമ്മാ അട്ടഹസിക്കും. അട്ടഹാസം കഴിയാന്‍ സമയമെടുക്കുന്നത് കൊണ്ട് ഈ സമയത്ത് ചേച്ചി പോയി ഞങ്ങള്‍ക്ക് കട്ടന്‍ചായ ഒക്കെ ഇട്ടു വരും. ഇതിനു ശേഷം കാണിച്ചു തരാമെടാ എന്ന ഭാവത്തില്‍ അടുത്ത അമ്പിനായി പ്രാര്‍ഥിക്കും. സ്വര്‍ഗത്തില്‍ ഇരുന്ന് ഈ യുദ്ധമൊക്കെ കാണുന്ന നാരദനാകട്ടെ അപ്പോള്‍ നാരായണ, നാരായണ എന്ന് പറഞ്ഞു കൊണ്ട് ചാപ്ലം കട്ടയടിച്ചു പുഞ്ചിരിക്കും!
എനിക്ക് ഹിന്ദി അത്ര ഇഷ്ടമൊന്നും ഇല്ല, വലിയ വശവുമില്ല. അതുകൊണ്ട് ഓരോ സീന്‍ കഴിയുമ്പോഴും ഞാന്‍ തിരിഞ്ഞു പുറകില്‍ ഇരിക്കുന്ന ചേച്ചിയോട് ചോദിക്കും, 'ആ അസുരന്‍ എന്നാ പറഞ്ഞെ?' 'ആ തടിയന്‍ മറ്റേ തടിയന്റെ തലയെന്താ വെട്ടിയെ?' എന്നിങ്ങനെ. ചേട്ടനാകട്ടെ ഹിന്ദി ഒരു പിടുത്തവും കിട്ടാത്തതുകൊണ്ടുതന്നെ കണ്ണും തുറിച്ച് ടിവിയും നോക്കിയിരിക്കും. സീരിയല്‍ തീര്‍ന്ന് അടുത്ത സീരിയല്‍ തുടങ്ങിയാല്‍ പോലും ചേട്ടന് ഒന്നും മനസിലാകില്ല.
പക്ഷെ ചേച്ചി അങ്ങനെയല്ല. പണ്ടുതൊട്ടേ ചേച്ചിക്ക് ഹിന്ദിയും ഹിന്ദിക്കാരെയുമൊക്കെ ഭയങ്കര ഇഷ്ടമാണ്. രാജേഷ് ഖന്ന, ഡിംബിള്‍ കപാഡിയ, കുമാര്‍ ഗൗരവ്, ചങ്കി പാണ്ടേ എന്നിവരോടൊക്കെ പുള്ളിക്കാരത്തിക്ക് മുഴുത്ത ആരാധനയാണ്. ശനിയാഴ്ച വൈകിട്ട് വരുന്ന ഹിന്ദി സിനിമകള്‍ മുഴുവനും ചേച്ചി ഇരുന്നു കാണും. ബുധനാഴ്ച ഉറപ്പായിട്ടും ചിത്രഹാര്‍ വിടാതെ കാണും. മീനൊക്കെ വെട്ടുന്ന സമയത്ത് ചില ഹിന്ദി സിനിമാ പാട്ടുകള്‍ പാടും. എനിക്കും ചേട്ടനും കൂട്ടുകാരികളില്‍ നിന്നും കേട്ട ഹിന്ദി സിനിമാ കഥകള്‍ പറഞ്ഞു തരും. ഇങ്ങനെ ചേച്ചിയില്‍ നിന്നും ഹിന്ദി സിനിമാ കഥകള്‍ കേട്ടാണ് അക്കാലത്തെ ഹിന്ദി സിനിമകളെ കുറിച്ച് കുറെ അസാധാരണ സത്യങ്ങള്‍ ഞാന്‍ മനസിലാക്കുന്നത്.
അതായത്...1. സാധാരണ ഹിന്ദി സിനിമയിലെ നായകന്റെ പേരു രാജ്, രോഹിത്, ഋഷി, റോഹന്‍ എന്നൊക്കെ ആയിരിക്കും. വേറെ പേരൊക്കെയുള്ള നായകന്മാര്‍ ഇല്ല എന്ന് തന്നെ പറയാം.2. പുള്ളി മിക്കവാറും അമേരിക്കയില്‍ എന്തെങ്കിലുമൊക്കെ പഠിക്കുവായിരിക്കും. അവിടെ നിന്നും വന്നിട്ട് വേണം കുടുംബ ബിസിനസ്സില്‍ പ്രധാനപ്പെട്ട ആളായി ചാര്‍ജ് എടുക്കാന്‍/സഹായിക്കാന്‍. 3. നായകന് അമ്മ മാത്രമേ ജീവനോടെ കാണൂ, അച്ഛന്‍ ഉറപ്പായിട്ടും മരിച്ചു പോയിരിക്കും. നായികയ്ക്കാണെങ്കില്‍ അച്ഛന്‍ മാത്രവും. 4. കാര്‍ന്നോന്മാര്‍ പെണ്‍കുട്ടികളെ ''ബേട്ടി'' എന്ന് വിളിക്കാതെ ''ബേട്ടെ'' എന്നെ വിളിക്കുള്ളൂ. ''അരെ ഗായത്രി ബേട്ടെ, തും ഇധര്‍ ആ'' എന്ന സ്‌റ്റൈല്‍. 5. നായകനോ നായികയോ ആരെങ്കിലും ഒരാള്‍ മാത്രമേ പണക്കാരന്‍ കുടുംബത്തില്‍ ഉണ്ടാകൂ. 6. പണക്കാരന്‍ വീട്ടിലെ ജോലിക്കാരന്റെ പേരു രാമു. രാമുകാക്ക എന്ന് സ്‌നേഹത്തോടെ വിളിക്കും. പുള്ളിക്ക് തലയുടെ പിന്നില്‍ എന്തായാലും ഒരു കുടുമ ഉണ്ടാവും. 7. നായകനും നായികയുമായുള്ള ആദ്യത്തെ പാട്ടു സീന്‍ ഒരു പുല്‍തകിടിയില്‍ വച്ചായിരിക്കും. പാട്ട് തുടങ്ങുന്നതേ വലിയ ഒരു വയലിന് വായനയോടു കൂടിയാണ്. ക്യാമറ പിന്നോട്ട് പോകുമ്പോള്‍ നായിക പുല്‍ത്തകിടിയില്‍ രണ്ടു കയ്യും വിരിച്ചു താഴോട്ടു ഇറങ്ങി ഓടും. 8. പാട്ടില്‍ ''ദീവാന''' എന്ന ഒരു വാക്ക് കാണും. ആ വാക്ക് കഴിയുമ്പോള്‍ ഉടന്‍ തന്നെ ''പറവാന' അല്ലെങ്കില്‍ ''മസ്താന' എന്ന ഒരു വാക്കും കാണും.
എന്നിങ്ങനെ...
ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടില്‍ അമ്മയ്ക്കും ഹിന്ദി സിനിമകള്‍ ഇഷ്ടമാണ്. ഞങ്ങള്‍ കുട്ടികള്‍ ഹിന്ദി പഠിക്കാൻ ഇവയൊക്കെ കാണുന്നത് നല്ലതാണ് എന്ന അഭിപ്രായക്കാരിയുമാണ്. രാമായണം സീരിയല്‍ കണ്ടു തുടങ്ങിയതിനു ശേഷം എന്റെ ഹിന്ദിക്ക് പുരോഗമനം ഉണ്ടെന്നാണ് അമ്മയുടെയും ചേച്ചിയുടെയും അഭിപ്രായം. പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത് കുട്ടികളുടെ കുര്‍ബാനയുടെ സമയം മാറ്റിയപ്പോഴാണ്. ഇത്രയും നാള്‍ പത്തു മണിക്കായിരുന്ന കുര്‍ബാന ദേ ഇപ്പോള്‍ ഒന്‍പതു മണിക്ക് ആക്കിയിരിക്കുന്നു. എന്ത് കഷ്ടമാണ്? കുരങ്ങന്മാരെല്ലാം കൂടെ കല്ലൊക്കെ ഇട്ടു ലങ്ക വരെ എത്തിയതേയുള്ളൂ കഴിഞ്ഞ ആഴ്ച്ച. പ്രധാനപ്പെട്ട യുദ്ധമൊക്കെ വരാന്‍ ഇരിക്കുന്നതേയുള്ളൂ! രാമായണം എങ്ങനെ കാണാതിരിക്കും? പള്ളിയില്‍ പോകാതുള്ള ഒരു കാര്യവും അമ്മ സമ്മതിക്കുകയുമില്ല.
പക്ഷെ ഞാന്‍ സീരിയല്‍ കാണാതിരുന്നില്ല, കണ്ടു. സീരിയല്‍ കാണാന്‍ വേണ്ടി ഞാനൊരു വഴി കണ്ടുപിടിക്കുക തന്നെ ചെയ്തു. ഞായറാഴ്ച ഒരു എട്ടു എട്ടരയ്ക്ക് തന്നെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങും. നേരെ പോകുക പള്ളിക്ക് പോകുന്ന വഴിക്കുള്ള എന്റെ ഒരു കസിന്റെ വീട്ടിലേക്കാണ്. അവിടെ പോയിരുന്നു ആരും കാണാതെ രാമായണമൊക്കെ കണ്ടുകഴിഞ്ഞ് ആരും അറിയാതെ നേരെ വേദപാഠക്ലാസ്സില്‍ ചെന്നിരുന്ന് ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ എല്ലാവരുടെയും കൂടെ വീട്ടിലേക്ക് തിരിച്ചു പോരും.
കാര്യങ്ങള്‍ ഇങ്ങനെ ഉഷാറായി പോകുകയായിരുന്നു. ഞാന്‍ ആരോടും പറഞ്ഞില്ല, ആരും എന്നോട് ചോദിച്ചതുമില്ല. മേരി ടീച്ചര്‍ പക്ഷെ ഇതെങ്ങനെ അറിഞ്ഞു? ഒരു സംശയത്തിനും ഇടകൊടുക്കാതെ കൃത്യ സമയത്ത് തന്നെ ഞാന്‍ ക്ലാസ്സില്‍ എത്താറുണ്ടല്ലോ?
ഏതായാലും ഇനി ഒളിച്ചു വെച്ചിട്ട് കാര്യമില്ല. ഞാന്‍ കാര്യങ്ങളങ്ങ് തുറന്നു പറഞ്ഞു. അമ്മ എണീറ്റു വന്നു എന്റെ ചെവിക്കു പിടിച്ചു കിഴുക്കി. ഇനി ഇതുപോലുള്ള കുരുത്തക്കേട് കാണിച്ചാല്‍ നിന്റെ കീഴ്ത്താടി തട്ടി ഞാന്‍ മേല്‍ത്താടിയാക്കും. കുറച്ചു നാളായി ചെറുക്കന് ഭയങ്കര ഉഴപ്പ്. ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും വലിയ സാമര്‍ത്ഥ്യമാണല്ലോ? ഈ ശുഷ്‌ക്കാന്തി പഠിക്കുന്ന കാര്യത്തില്‍ കൂടെ കാണിച്ചിരുന്നെങ്കില്‍! രാത്രി തനിയെ പുറത്തിറങ്ങി മൂത്രമൊഴിക്കാന്‍ പോലും അഞ്ചു പേരുടെ കൂട്ടു വേണം. പേടി തൊണ്ടന്‍! പൊക്കോ അങ്ങോട്ട്.
എനിക്ക് ശരിക്കും ദേഷ്യം വന്നു. അമ്മയെന്തിനാണ് ഇപ്പോള്‍ ഈ കാര്യങ്ങളൊക്കെ പറയുന്നത്? സംഭവം സത്യമാണ്. എനിക്കിപ്പോള്‍ പഴയതിനേക്കാള്‍ കുറച്ചു പേടി കൂടിയിട്ടുണ്ട്. എനിക്ക് മാത്രമല്ല, ചേട്ടനും രാത്രിയായാല്‍ പുറത്തിറങ്ങിയാല്‍ ആകപ്പാടെ ഒരു വെപ്രാളമാണ്. അതിനു സത്യത്തില്‍ കാരണക്കാരന്‍ വേറെ ആരുമല്ല, ഞങ്ങളുടെ അച്ഛനാണ്!
ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു ലൈബ്രറി ഉണ്ട്. ഉദയ റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി. പഴയ പ്രസ്ഥാനമാണ്. അവിടെ ചേച്ചിക്ക് മെമ്പര്‍ഷിപ് ഉണ്ട്. അവിടെ നിന്നും ചേച്ചി ബാറ്റന്‍ ബോസിന്റെയും, പുഷ്പ്പരാജിന്റെയും പിന്നെ മറ്റു പലരുടെയും ക്രൈം ത്രില്ലര്‍ നോവലുകള്‍ എടുത്തു കൊണ്ട് വരും. ചിലതൊക്കെ വെറും ചവറു കഥകള്‍ ആയിരിക്കും. ഒരിക്കല്‍ 'കുളമ്പടി കുഞ്ഞപ്പന്‍' എന്നോ മറ്റോ പേരുള്ള ഒരാള്‍ എഴുതിയ 'ഭീകര ദുര്‍ഗ്ഗത്തിലെ ഇരട്ട കൊലപാതകം' എന്ന നോവല്‍ ചേച്ചി എടുത്തു കൊണ്ട് വന്നു. ഇത് കണ്ടാല്‍ അച്ഛന്‍ വഴക്ക് പറയും എന്നതു കൊണ്ട് രഹസ്യമായാണ് വായനയൊക്കെ. വായിച്ചു കഴിഞ്ഞു ചേച്ചി എനിക്കും അത് വായിക്കാന്‍ തന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഇതും വായിച്ച് ഞാന്‍ അടുക്കളയുടെ കട്ടിള്ളപ്പടിയില്‍ ഇരുന്ന് ഉറങ്ങിപ്പോയി. എടാ! ഉറക്കെയുള്ള വിളികേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. നോക്കുമ്പോള്‍ മുന്നില്‍ അച്ഛന്‍ എന്റെ കൈയിലിരുന്ന നോവലും പിടിച്ചുകൊണ്ടു നില്‍ക്കുന്നു. എപ്പോഴോ എന്റെ കയില്‍ നിന്നും താഴെ വീണു പോയതാണ്. നിന്നോടൊക്കെ ഈ ചവറൊന്നും വായിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ? അച്ഛന്‍ ദേഷ്യത്തോടെ ചോദിച്ചു.
ഏതായാലും അമ്മ ചെയ്യുന്ന പോലെ എന്റെ ചെവിയൊന്നും അച്ഛന്‍ പിടിച്ചു തിരുമ്മിയില്ല. അതിനു പകരം ഞങ്ങളെയൊക്കെ ഒന്നു നന്നാക്കാനായി പൈക്കോ കമ്പനി പുറത്തിറക്കുന്ന 'പൈക്കോ ക്ലാസ്സിക്‌സ്' ചിത്രകഥാ പുസ്തകങ്ങള്‍ വീട്ടില്‍ വരുത്താന്‍ തീരുമാനിച്ചു. ലോകത്തെ ഒരുമാതിരിപ്പെട്ട ക്ലാസ്സിക് കഥകളൊക്കെ അതില്‍ സീരീസ് ആയി വരും. ഇനി ഈ വീട്ടില്‍ ഈ ജാതി പരട്ട കഥകളൊക്കെ കൊണ്ടുവന്നാല്‍ എല്ലാം കൂടി ഞാന്‍ അടുപ്പില്‍ എടുത്തിട്ട് ചുടും. പത്രക്കാരനോട് ഇനിമുതല്‍ അതും കൂടി കൊണ്ട് വരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അവന്റെ ഒരു 'ഭീകര ദുര്‍ഗ്ഗത്തിലെ ഇരട്ട കൊലപാതകം!' എവിടുന്നു കിട്ടുന്നെടാ ഇതൊക്കെ?. രാത്രി കഞ്ഞി കുടിക്കുമ്പോള്‍ അച്ഛന്‍ ചൂടായി. ഞാന്‍ ഒളികണ്ണിട്ട് ചേച്ചിയെ നോക്കി. ചേച്ചി അപ്പോള്‍ എന്നെ നോക്കി ആരും കാണാതെ ശബ്ദം താഴ്ത്തി 'പോടാ' എന്ന് പറഞ്ഞിട്ട് പല്ല് ഇറുമ്മി കാണിച്ചു.
അച്ഛന്‍ വാക്ക് പാലിച്ചു. പക്ഷെ ആദ്യത്തെ കഥാ പുസ്തകം പത്രക്കാരന്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. വൈകിട്ട് കുടുംബ പ്രാര്‍ഥനയൊക്കെ കഴിഞ്ഞ് ചേച്ചിയുടെ മുറയില്‍ ചെന്ന്, അങ്ങോട്ടും ഇങ്ങോട്ടും തിരഞ്ഞ് നടന്ന് അതും ഇതുമൊക്കെ പൊക്കി നോക്കിക്കൊണ്ടിരുന്നപ്പോള്‍, ദേ ഇരിക്കുന്നു കട്ടിലില്‍ പുതപ്പിന് താഴെ ഒരു ചിത്രകഥ. ഞാന്‍ പതുക്കെ അതെടുത്തു നിക്കറിന്റെ പോക്കറ്റില്‍ വെച്ച് ഒന്നും അറിയാത്ത പോലെ നേരെ എന്റെ മുറിയില്‍ പോയി. അവിടെ ചെന്ന് പുസ്തകമെടുത്തു എന്റെ തലയിണയുടെ അടിയില്‍ വെച്ചു. കിടക്കുന്നതിനു മുമ്പ് സാവകാശം വായിക്കാം, ഞാന്‍ കരുതി.
രാത്രി ഭക്ഷണം കഴിഞ്ഞ് ഞാന്‍ നേരെ മുറിയില്‍ ചെന്ന് വാതിലൊക്കെ പതുക്കെ ചാരി എന്റെ കട്ടിലില്‍ കയറിയിരുന്നു. തലയിണയുടെ അടിയില്‍ നിന്ന് കഥാപുസ്തകമെടുത്തു തുറന്നു അതിന്റെ കവര്‍ ചിത്രം നോക്കി. എന്നിട്ട് പതുക്കെ കഥയുടെ പേരു വായിച്ചു, 'ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള'. ഡ്രാക്കുളയെ പറ്റിയൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അത്ര പരിചയം പോരാ. കൊള്ളം! ഞാന്‍ പുസ്തകം രസിച്ചു വായിച്ചു തുടങ്ങി.
രസമൊന്നും പക്ഷെ അധികം നേരം നീണ്ടു നിന്നില്ല. കഥ പകുതിയാകുന്നതിനു മുമ്പ് തന്നെ ഞാന്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. ഇത് എന്ത് കഥയാണ്? മനുഷ്യന്മാരെ പേടിപ്പിക്കുവാന്‍ വേണ്ടി മാത്രം എഴുതിയത് പോലെ. ഞാന്‍ കണ്ണുകള്‍ താഴ്ത്തി മുറിക്കു ചുറ്റും നോക്കി. നിഴലുകളില്‍, ഇരുണ്ട മൂലകളില്‍ നിന്നും ആരെങ്കിലും എന്നെ നോക്കുന്നുണ്ടോ? നീണ്ട കോട്ടൊക്കെയിട്ട ഡ്രാക്കുള എന്നെ കടിക്കുവാന്‍ വേണ്ടി പിന്നില്‍ നിന്നും പമ്മി വരുന്നുണ്ടോ? ജനലിനു പുറത്ത് എന്തോ അനങ്ങിയോ? ഇപ്പോള്‍ ആ പറന്നു പോയത് ഒരു വവ്വാലല്ലേ?
എല്ലാം കൂടി ആലോചിച്ചും ചിന്തിച്ചും ഞാന്‍ ആകപ്പാടെ വിരണ്ടു. എന്ത് കഷ്ടം! ഞാന്‍ കഥ പുസ്തകമെടുത്തു കട്ടിലിനു താഴേക്കിട്ടിട്ട് ഒന്നും അറിയാത്ത പോലെ ചെന്ന് ചേട്ടന്റെ കട്ടിലില്‍ കയറി ചേട്ടന്റെ കൂടെ തല വഴി മൂടി പുതച്ചു കിടന്നു.
ആയിടയ്ക്ക് ഞങ്ങളുടെ ഇടവകയില്‍ പുതിയ ഒരു അച്ചന്‍ വികാരിയായി വന്നു. പുള്ളി വലിയ കണിശക്കാരനാണ്. ഭയങ്കര ചൂടന്‍! അദ്ദേഹം മുന്‍കൈയെടുത്ത് ഞങ്ങളുടെ ഉറങ്ങികിടന്നിരുന്ന ഇടവകയില്‍ പല പല പുതിയ കാര്യങ്ങളും കൊണ്ടുവന്നു. അതിലൊന്നാണ് എല്ലാ വെള്ളിയാഴ്ച തോറുമുള്ള കുടുംബ പ്രാര്‍ത്ഥന. ഇടവകയിലെ വീടുകളെയെല്ലാം പല യൂണിറ്റുകളായി തിരിച്ച് ഓരോ യൂണിറ്റിലെയും ആളുകള്‍ കൂട്ടമായി ചെന്ന് വെള്ളിയാഴ്ചകളില്‍ ഓരോ വീടുകളില്‍ പ്രാര്‍ഥിക്കണം.
അങ്ങനെ അടുത്ത വെള്ളിയാഴ്ച വന്നു. ഞാനും ചേട്ടനും കൂടിയാണ് എട്ടുമണിക്കുള്ള ഈ പ്രാര്‍ഥനയ്ക്ക് പോകേണ്ടത്. ചേച്ചിയെ അങ്ങനെ രാത്രി പുറത്തു വിടില്ല. ഈ ഒരാഴ്ചകൊണ്ട് ഞാന്‍ ഡ്രാക്കുള കഥ മുഴുവന്‍ വായിച്ചു മൂത്രമൊഴിക്കാന്‍ പോലും ഒറ്റയ്ക്ക് പോകാത്ത അവസ്ഥയെത്തിയിരുന്നു. രാത്രി ബാത്‌റൂമിലൊക്കെ പോകുമ്പോള്‍ ഞാനും ചേട്ടനും കൂടി പോകും. ചേട്ടന്‍ പേടിച്ചു വിറച്ചു പുറത്തിരിക്കും, ഞാന്‍ പേടിച്ചു വിറച്ച് അകത്തിരിക്കും. ഓരോ മിനിട്ട് കഴിയുമ്പോഴും ഞാന്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ ചേട്ടാ എന്ന് വിളിക്കും, ചേട്ടന് പേടിച്ചു വിറയ്ക്കുന്ന ശബ്ദത്തില്‍ എന്തോ എന്ന് വിളികേള്‍ക്കും. അല്ലെങ്കില്‍ പുറത്തിരുന്ന് ചേട്ടന്‍ ഓരോ മിനിട്ട് കഴിയുബോളും വിറയ്ക്കുന്ന ശബ്ദത്തില്‍ എടാ എന്ന് വിളിക്കും, അപ്പോള്‍ ഞാന്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ എന്തോ എന്ന് വിളികേള്‍ക്കും.
അങ്ങനെ ആ വെള്ളിയാഴ്ച ഞങ്ങളുടെ വീടിനു കുറച്ചു പടിഞ്ഞാറു വശത്തുള്ള ഒരു വീട്ടില്‍ ഞങ്ങള്‍ രണ്ടു പേരും കൂടി പ്രാര്‍ഥനയ്ക്ക് പോയി. അങ്ങോട്ട് പോയപ്പോള്‍ അയല്‍ക്കാരുടെ കൂടെയാണ് പോയത്. അത് കൊണ്ട് എനിക്കും ചേട്ടനും വലിയ ധൈര്യമായിരുന്നു. പക്ഷെ പ്രാര്‍ത്ഥന തീരുന്നതിനു മുന്‍പേ അവര്‍ ഏതോ കാരണം കൊണ്ട് തിരിച്ചു പോന്നു. ഇത് ഞങ്ങള്‍ മനസിലാക്കിയത് എല്ലാം കഴിഞ്ഞപ്പോഴാണ്. ഞങ്ങളുടെ കൂടെ വരാന്‍ അന്നേരം ആരും ഇല്ല. എന്ത് ചെയ്യാനാണ്? ധൈര്യം സംഭരിച്ചു ഞാനും ചേട്ടനും കൂടി പതുക്കെ വീട്ടിലേക്ക് നടന്നു.
നേരം ഒരു ഒമ്പത് ഒമ്പതര ആയിക്കാണും. ചുറ്റും ഭയങ്കര ഇരുട്ട്. ഞങ്ങളുടെ വീട്ടിലേക്കു പോകുന്ന വഴിക്ക് ഇരുവശത്തുമായി മൊത്തം കൈതച്ചെടികളാണ്. ഇടയ്ക്കിടയ്ക്ക് പറങ്കിമാവ് നിറഞ്ഞു വര്‍ളന്ന് ആകാശം കാണാത്ത പ്രദേശങ്ങളും. പൂര്‍ണ നിശബ്ദത. ഞങ്ങള്‍ രണ്ടു പേരും പേടി കാരണം വേഗത്തില്‍ നടക്കാന്‍ തുടങ്ങി. ചേട്ടന്‍ എന്റെ മുമ്പിലാണ് നടക്കുന്നത്. പുറകില്‍ കൂടി ഡ്രാക്കുള വന്നു പിടിച്ചാലോ എന്ന് കരുതി ഞാന്‍ വേഗത്തില്‍ നടന്നു ചേട്ടന്റെ മുമ്പില്‍ കയറാന്‍ നോക്കുന്നുണ്ട്. നോ രക്ഷ. ഞാന്‍ വേഗം കൂട്ടുമ്പോള്‍ ചേട്ടന്‍ ഇരട്ടി വേഗം കൂട്ടും.
പേടി മാറാനായി ചേട്ടന്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പേടി കൂടിയാലും വിശപ്പ് കൂടിയാലും ചേട്ടന്‍ നിറച്ചും സംസാരിക്കും. ഇഷ്ടവിഷയമായ ക്രിക്കറ്റാണ് ഇപ്പോള്‍ സംസാര വിഷയം. വെസ്റ്റ് ഇന്‍ഡീസ് കളിക്കാരെ പറ്റിയുള്ള സമഗ്രമായ ഒരു വിശകലനമാണ് ചേട്ടന്‍ നടത്തുന്നത്. കളിക്കുന്ന ദിവസം ഹുമിഡിറ്റി കൂടുമ്പോള്‍ പിച്ചിന്റെ ബൗണ്‍സ് കൂടുമെന്നോ അപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ കപില്‍ ദേവിനെ എറിഞ്ഞ് ഓടിക്കുമെന്നോ മറ്റോ ചേട്ടന്‍ പറയുന്നുണ്ട്. പ്രാന്ത് പിടിച്ച വേഗത്തില്‍ നടക്കുന്നത് കൊണ്ട് പുള്ളി നന്നായി കിതയ്ക്കുന്നുണ്ട്. പുറകില്‍ പേടി കൊണ്ട് പുറകോട്ട് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടക്കുന്ന എനിക്ക് ഒന്നും മനസിലാകുന്നിലെങ്കിലും ഞാനും അര്‍ത്ഥമില്ലാതെ എന്തെക്കെയോ പറയുന്നുണ്ട്. പേടി കാരണം ഇടയ്ക്ക് ഞങ്ങള് രണ്ടു പേരും ഒരു സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നുമുണ്ട്!
ഇങ്ങനെ നടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ചേട്ടന്‍ സംസാരം നിര്‍ത്തി. നടത്തത്തിനു പെട്ടെന്ന് ഇച്ചിരി വേഗത കുറഞ്ഞ പോലെ. കുറഞ്ഞ പോലെയല്ല, ചേട്ടന്‍ പതുക്കെ അങ്ങ് നിന്നു. ചേട്ടന്‍ നിന്നപ്പോള്‍ ഞാനും നിന്നു. എനിക്ക് ആകെ വെപ്രാളമായി. എന്താ സംഭവം?
കാര്യം എനിക്ക് അപ്പോള്‍ തന്നെ പിടികിട്ടി. നോക്കിയപ്പോള്‍ ചേട്ടന്‍ മുമ്പിലത്തെ വീട്ടിലോട്ടു നോക്കി നില്‍ക്കുവാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോയ ശശിധരന്‍ ചേട്ടന്റെ വീടാണ്. അവരുടെ വീടിനു ചുറ്റും പറങ്കിമാവു വളര്‍ന്നു മൊത്തം കുറ്റാകൂരിരുട്ട്! എടാ അവിടെ ആരെങ്കിലും നില്‍ക്കുന്നുണ്ടോ? ചേട്ടന്‍ എന്നോട് തിരിഞ്ഞു നോക്കാതെ ചോദിച്ചു. ചേട്ടന്റെ ശബ്ദത്തിനു നല്ല വിറയല്‍. ചേട്ടന്‍ നോക്കുന്ന ദിക്കില്‍ ഞാന്‍ സൂക്ഷിച്ചു നോക്കി. ഇരുട്ടില്‍, കശുമാവിന്‍ കൂട്ടങ്ങള്‍ക്കു മുമ്പില്‍, ഒരു തെങ്ങും അതിനു വലതുവശത്തായി ഒരു ചെറിയ തെങ്ങിന്‍തൈയ്യും, അതെ ഞാന്‍ കണ്ടുള്ളൂ. ഡാ, നോക്കെടാ! കണ്ടോ, ആ തെങ്ങിന് വലതുവശത്തായി ഒരു ആള്‍ നില്‍ക്കുന്നെടാ, ചേട്ടന്‍ വിടുന്നഭാവമില്ല. ഞെട്ടലോടു കൂടി ഞാന്‍ വീണ്ടും നോക്കിയപ്പോള്‍ ആ ചെറിയ തെങ്ങിന്‍തൈയ്ക്ക് പതുക്കെ ഒരു ഡ്രാക്കുളയുടെ രൂപ പകര്‍ച്ച. ശരിയാണ്. ഡ്രാക്കുള തന്നെ. തിളങ്ങുന്ന കണ്ണുകള്‍. നീളന്‍ കൈകാലുകള്‍. കാറ്റില്‍ കറുത്തകോട്ട് ഉയര്‍ന്നു പൊങ്ങുന്നു. എനിക്ക് എല്ലാം കാണാം!
ദേ! ഞങ്ങളുടെ തൊട്ടു മുന്നില്‍ ഡ്രാക്കുള! ഓടിക്കോടാ... ചേട്ടന്‍ അമറി വിളിച്ചു.
കേള്‍ക്കേണ്ട താമസം, ഞാന്‍ പറന്നു. വലത്തോട്ട് തിരിഞ്ഞു പാഞ്ഞ ഞാന്‍ കശുമാവിന്‍ തോപ്പ് കടന്ന് ജേക്കബ് ആശാന്റെ കപ്പ്‌ത്തോട്ടത്തിന്റെ നടുവിലൂടെ കുതിച്ച് ഓടി. ചേട്ടന്‍ എങ്ങോട്ട് ഓടി? അറിയില്ല! ചേട്ടനെ ഡ്രാക്കുള എവിടെയെങ്കിലുമിട്ട് പിടിച്ചു കൊന്നു കാണുമോ? അല്ലെങ്കില്‍ ഡ്രാക്കുള ഇപ്പോള്‍ എന്റെ പിന്നില്‍ ഉണ്ടാവും. എന്നെ പിടിക്കാന്‍ കൈ മുന്നോട്ട് ആയുന്നുണ്ടാവും. ഓടിക്കൊണ്ടിരിക്കുന്ന എന്റെ മുതുകത്തു ഡ്രാക്കുള ഇപ്പോള്‍ തൊടും. ഓര്‍ത്തപ്പോള്‍ ഓടിക്കൊണ്ട് തന്നെ ഞാന്‍ ഒന്ന് ഞെട്ടി.
ഞാന്‍ ഓടി ചാടി മറിഞ്ഞു ചെന്നത് മണിച്ചിചേച്ചിയുടെ പറമ്പിലേക്കാണ്. മണിച്ചിചേച്ചിയും അവരുടെ പ്രായമായ അമ്മയുമൊക്കെയാണ് ഞങ്ങള്‍ക്ക് വീട്ടിലേക്കു ആവശ്യമുള്ള മുറവും കുട്ടയുമൊക്കെ നെയ്തു തരുന്നത്. തുറസായ പറമ്പിന്റെ മൂലയ്ക്കായി അരണ്ട വെട്ടത്തില്‍ എനിക്ക് അവരുടെ വീട് കാണാം. അടുത്തേയ്ക്ക് ഓടി ചെന്ന ഞാന്‍ കാണുന്നത് മണിച്ചിചേച്ചിയുടെ പ്രായമായ അമ്മച്ചി എനിക്ക് പുറംതിരിഞ്ഞിരുന്നു മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ മുറം നെയ്യുന്നതാണ്. വിളക്ക് കുറച്ച് ഇഷ്ടികകള്‍ കൂട്ടിവെച്ച് അതിന്റെ മുകളിലാണ് വെച്ചിട്ടുള്ളത്.
എനിക്ക് ഇച്ചിരി ആശ്വാസം തോന്നി. ഈ അമ്മച്ചിക്ക് എന്നെ അറിയാവുന്നതാണ്. ഞങ്ങളുടെ വീട്ടില്‍ കുട്ടയൊക്കെ ഉണ്ടാക്കി കൊണ്ട് വരുമ്പോള്‍ ചിലപ്പോള്‍ ഞാനാണ് അമ്മയുടെ കൈയില്‍ നിന്നും പൈസ മേടിച്ചു ഇവര്‍ക്ക് കൊടുക്കുന്നത്. അപ്പോള്‍ അവര്‍ എന്നെ എന്റെ താടിയില്‍ പിടിച്ചൊക്കേ കൊഞ്ചിക്കാറുള്ളതാണ്. ഞാന്‍ ഉച്ചുയുയര്‍ത്തി വിളിച്ചു.
അമ്മച്ചീ.......
ഉച്ചത്തില്‍ വിളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷെ ഞാന്‍ കേട്ടത് ഒരു കിളി നാദം പോലെയെന്തോ ആണ്! എന്റെ ശബ്ദത്തിന് കാറ്റ് കൂടുതലും ഒച്ച കുറവും! വീര്‍പ്പിച്ച ബലൂണിന്റെ ഒരറ്റം പിടിച്ചു കാറ്റ് വിടുമ്പോഴത്തെ ശബ്ദം പോലെ എന്തോ ഒന്ന്. ഇതൊക്കെ എന്റെ ശബ്ദം തന്നെയാണോ?
ഒരു നിമിഷം. പെട്ടെന്ന് ലോകം നിശബ്ദമായത് പോലെ. അമ്മച്ചി പതുക്കെ തിരിഞ്ഞ് എന്നെ നോക്കി. ഞാന്‍ നല്ല ഇരുട്ടത്ത് നില്‍ക്കുവാണ്. എന്നെ അത്ര കാണാന്‍ പറ്റിയെന്നു വരില്ല. ഞാന്‍ അമ്മച്ചിയെ നോക്കിയൊന്നു നന്നായി പല്ല് കാണിച്ചു ചിരിച്ചു.
ഒന്നേ ചിരിച്ചുള്ളൂ... ഒരു നിമിഷം അമ്മച്ചി എന്നെ ഒന്ന് തുറിച്ചു നോക്കി. എന്നിട്ട് ഒട്ടകം കരയുന്ന് പോലെ എന്തോ ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ട് പുറകോട്ടു മറിഞ്ഞു വീണു. വീഴുന്ന വീഴ്ചയില്‍ അമ്മച്ചിയുടെ കൈതട്ടി മണ്ണെണ്ണ വിളക്ക് മറിഞ്ഞു വീണു കെട്ടു പോകുകയും ചെയ്തു.
എനിക്ക് എന്തോ പന്തികേട് തോന്നി. ഏന്തോ പ്രശ്‌നമുണ്ട്. അവര്‍ക്ക് എന്നെ മനസിലായില്ലെന്നു തോന്നുന്നു. ഞാന്‍ തിരിച്ച് ഓടി വേലി ചാടി മറിഞ്ഞപ്പോഴേക്കും എവിടുന്നോ ചേട്ടന്‍ ഓടി വരുന്നു. ചേട്ടനെ അപ്പോള്‍ ഡ്രാക്കുള പിടിച്ചില്ല! കൊള്ളാം!
എനിക്ക് എന്തുകൊണ്ടോ ചേട്ടനെ കണ്ടപ്പോള്‍ കുറച്ചു ധൈര്യം തോന്നി. ഞാന്‍ മണിച്ചിചേച്ചിയുടെ വീട്ടില് നടന്ന കാര്യമൊന്നും ചേട്ടനോട് പറയാന്‍ പോയില്ല. ഞങ്ങള്‍ രണ്ടു പേരും കൂടി പതുക്കെ ഓടി വീട്ടില്‍ ചെന്ന്. കിണറ്റിന്‍ കരയില്‍ പോയി കൈയും കാലുമൊക്കെ കഴുകി ഒന്നും അറിയാത്ത പോലെ അകത്തു ചെന്നു.
പിറ്റേന്ന് രാവിലെ അമ്മ അടുക്കളയില്‍ നിന്നും എന്നെ വിളിച്ചു, ഡാ, നീ അവിടെ ഉണ്ടോ? വേഗം ഇവിടെ വാ ഞാന്‍ അപ്പോള്‍ വീടിനു പുറത്തിരുന്ന് ചേച്ചി പിങ്ക് മുസാണ്ട്രയില്‍ ചുമന്ന മുസാണ്ട്ര ബഡ് ചെയ്യുന്നതും നോക്കി നില്‍ക്കുവായിരുന്നു. നിന്നെ അമ്മ വിളിക്കുന്നു, എന്തോ പുകിലുണ്ട്, ചെന്നിട്ടു വാ, ചേച്ചി എന്നോട് ചെടിയില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
എന്തായിരിക്കും പ്രശ്‌നം ? ഞാന്‍ ചെന്നപ്പോള്‍ അമ്മ ഒരു ചെറിയ സ്ടൂളില്‍ ഇരുന്ന് മാങ്ങാ അച്ചാര്‍ കുപ്പികളില്‍ ആക്കുകയാണ്. അമ്മയുണ്ടാക്കുന്ന മാങ്ങാ അച്ചാര്‍ ഞങ്ങളുടെ ബന്ധുക്കള്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടതാണ്. ഇടയ്ക്കിടയ്ക്ക് ഇതുപോലെ അച്ചാറുണ്ടാക്കി അമ്മ എല്ലാ വീടുകളിലും കൊടുത്തു വിടാറുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അമ്മയെ സഹായിക്കാനായി മണിച്ചിചേച്ചിയും വന്നിട്ടുണ്ട്. മണിച്ചി ചേച്ചി എനിക്ക് പുറംതിരിഞ്ഞു നിന്നുകൊണ്ട് അടുപ്പില്‍ എന്തോ ഇളക്കുവാണ്.
നീ കൈയ്യൊന്നു നീട്ടിക്കേ. ഇത് എങ്ങനെയുണ്ടെന്നു പറ, അമ്മ ഒരു സ്പൂണില്‍ കുറച്ച് അച്ചാറെടുത്ത് എന്റെ നേരെ നീട്ടിയിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു, അത് മാത്രമല്ല നീ കൊതിപിടിച്ചാല്‍ എല്ലാം പൂത്തു പോകും. കൊതിയനു കൊടുത്തില്ല എന്ന് വേണ്ട, ഞാന്‍ ഉള്ളംകൈയ്യില്‍ അമ്മ വെച്ച് തന്ന അച്ചാര്‍ നക്കവേ അമ്മ മണിച്ചിചേച്ചിയൊടു ചോദിച്ചു, അല്ല, ശശിധരന്റെ കുട്ടിപ്രേതത്തെയാണ് കണ്ടെന്നു നിന്റെ അമ്മയ്ക്ക് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും. അവര്‍ക്ക് നല്ല കാഴ്ച പോലും ഇല്ല! പിന്നെയാ... അതും കുട്ടികളുടെ രൂപത്തിലൊക്കെ പ്രേതങ്ങള്‍ വരുമോ?
അപ്പോള്‍ അതാണ് കാര്യം. എനിക്ക് സംഭവം പിടികിട്ടി. ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.
എന്റെ ചേച്ചി, എന്റെ അമ്മയ്ക്ക് ആ ശശിധരനെ കുട്ടികാലത്തേ അറിയാം, മണിച്ചിചേച്ചി ചട്ടിയില്‍ ഇളക്കുന്നത് നിര്‍ത്തി, സ്റ്റൗവിലെ തീ അല്‍പം കുറച്ചിട്ട്, തിരിഞ്ഞു നിന്ന് പറഞ്ഞു തുടങ്ങി. ചെറുതായിരുന്നപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് അമ്മയുടെ അടുത്തു നിന്നു കഞ്ഞിയൊക്കെ കുടിച്ചു പോകുമായിരുന്നത്രേ അയാള്‍. അമ്മയ്ക്ക് അയാളുടെ കുട്ടിക്കാലത്തെ രൂപം നന്നായി അറിയാം. കറുത്ത് മെലിഞ്ഞു ഒരു ഗ്രഹണി പിടിച്ച രൂപം! ഇന്നലെ രാത്രി അയാളെയാണ് കണ്ടത് എന്ന് അമ്മച്ചി എന്നോട് തറപ്പിച്ചു പറയുവാ.
അയാള് തന്റെ കുട്ടിക്കാലത്തെ രൂപത്തില്‍ വന്നിട്ട് രാത്രി പുറത്തിരുന്നു മുറം നെയ്തുകൊണ്ടിരുന്ന അമ്മയെ വിളിച്ചത്രേ. ഞാന്‍ ഇടയ്ക്ക് അനക്കം ഒന്നും കേള്‍ക്കാഞ്ഞതു കൊണ്ട് ചെന്ന് നോക്കുമ്പോള്‍ അമ്മ ബോധം കെട്ട് കിടക്കുന്നു. എന്റെ നിലവിളി കേട്ട് ഓടി വന്ന എല്ലാരും കൂടി പൊക്കി അകത്തു കിടത്തിയതാണ്. ഏതായാലും അമ്മയ്ക്ക് ഇന്ന് രാവിലെ നല്ല പനി. നല്ല വിറച്ചിലും പിച്ചും പേയും പറച്ചിലും. ചേച്ചിയോട് നേരത്തെ ഈ ജോലിക്ക് ഏറ്റതു കൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് വന്നത്. എനിക്ക് ഇച്ചിരി നേരത്തെ പോണം, ഇത് പറഞ്ഞിട്ട് കൈ ഒന്ന് കുടഞ്ഞു ലുങ്കിയില് തേച്ചിട്ട് മണിച്ചിചേച്ചി വീണ്ടും ചട്ടിയില്‍ ഇളക്കി തുടങ്ങി.
കൊള്ളാമോടാ? അമ്മ എന്നോടായി ചോദിച്ചു. ഞാന്‍ ഉവ്വെന്നു തലകുലിക്കിയിട്ടു ഒന്നും മിണ്ടാതെ അടുക്കളയില്‍ നിന്നും പുറത്തിറങ്ങി ചേച്ചിയുടെ അടുത്തേയ്ക്ക് നടന്നു.
മാങ്ങ അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍:മാങ്ങാ 3 എണ്ണം വെളുത്തുള്ളി 20 അല്ലി, നന്നായി അരിഞ്ഞത് ഇഞ്ചി ഒരെണ്ണം മീഡിയം സൈസില് ഉള്ളത്, നന്നായി അരിഞ്ഞത്കാശ്മീരി മുളക് പൊടി 3 ടേബിള്‍ സ്പൂണ്‍മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍ കടുക് - 1 ടീസ്പൂണ്‍ കടുക് ചതച്ചത് 1 ടീസ്പൂണ്‍ കറിവേപ്പില മൂന്നു തണ്ട് ഉലുവ - കാല്‍ ടീസ്പൂണ്‍ ഉലുവാപൊടി - 1 ടീസ്പൂണ്‍ കായം - 1 ടീസ്പൂണ്‍ വിനാഗിരി - 3 ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ, ഉപ്പ് ആവശ്യത്തിന്
എന്നാല്‍ ഉണ്ടാക്കിയാലോ?പുളിയുള്ള മാങ്ങയും അല്ലാത്ത ഇടത്തരം മാങ്ങയും അച്ചാര്‍ ഉണ്ടാക്കാനായി ഉപയോഗിക്കാം. ആദ്യം മാങ്ങ തൊലിയോടുകൂടി ചെറുതായി അരിയുക. അതില്‍ ആവശ്യത്തിന് ഉപ്പും, മഞ്ഞള്‍പൊടിയും, 1 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടിയും നന്നായി ഇളക്കി പിടിപ്പിക്കണം. കൂട്ടു നന്നായി പിടിക്കുന്നതിനായി ഒരു ദിവസ്സം ഫ്രിഡ്ജില്‍ വയ്ക്കുക. പിറ്റേന്ന് തണുപ്പ് മാറിയതിനു ശേഷം ചതച്ച കടുകും ചേര്‍ത്ത് വീണ്ടും ഇളക്കി കുറച്ചു സമയം കൂടി വയ്ക്കുക.
ഒരു കുഴിയന്‍ ഇരുമ്പ് ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് കടുകും, ഉലുവയും പൊട്ടിച്ചതിനു ശേഷം ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും നന്നായി ബ്രൗണ് നിറമാകുന്നതു വരെ മൂപ്പിച്ചെടുക്കുക. അതിനു ശേഷം തീ, നന്നായി കുറച്ചുവെച്ച് ബാക്കിയിരിക്കുന്ന കാശ്മീരി മുളകുപൊടി ചേര്‍ത്ത് ഒന്ന് രണ്ടു നിമിഷം ഇളക്കിയതിന് ശേഷം മാങ്ങ ചേര്‍ത്തു നന്നായി യോജിപ്പിച്ച് തീ കെടുത്തുക. ഇതിലേക്ക് ഉലുവാപ്പൊടിയും കായപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം വിനാഗിരിയും ചേര്‍ത്തു നന്നായി വീണ്ടും ഇളക്കുക. അപ്പോള്‍ തന്നെ ഉപയോഗിച്ച് തുടങ്ങാം.
(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com)വര: ദേവപ്രകാശ്
വള്ളിനിക്കറിട്ട കൂടുതല്‍ റെസിപ്പികള്‍ വായിക്കാം
മായാത്ത ചിരിയും ചെമ്മീന്‍ ഉലര്‍ത്തിയതും


VIEW ON mathrubhumi.com


READ MORE FOOD STORIES: