കോണ്‍ഗ്രസ്സ് നേതൃത്വത്തെ അരക്ഷിതാബോധം വേട്ടയാടുമ്പോള്‍
ഇന്ദിരാഗാന്ധിക്കും ജയലളിതയ്ക്കും തമ്മില്‍ എന്ത് എന്ന് ചോദിച്ചാല്‍ ഒരുത്തരം അരക്ഷിതാബോധം എന്നതായിരിക്കും. പിതാവ് നെഹ്രുവിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നെങ്കിലും ഇന്ദിരയില്‍ എപ്പോഴും അരക്ഷിതാബോധം തളംകെട്ടി നിന്നു.
കോണ്‍ഗ്രസ്സ് അക്കാലത്ത് താപ്പാനകളുടെ ആവാസകേന്ദ്രമായിരുന്നു. മൊറാര്ജിയെപ്പോലുള്ളവര് ഒരു വശത്തും കാമരാജ , എസ്.കെ. പാട്ടീല്‍, അതുല്യ ഘോഷ്, സഞ്ജീവ റെഡ്ഡി, നിജലിംഗപ്പ എന്നിവരുള്‍പ്പെട്ട സിന്‍ഡിക്കേറ്റ് മറുവശത്തും അണിനിരന്നപ്പോള്‍ ഇന്ദിരയ്ക്ക് അരക്ഷിതാബോധം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ശാസ്ത്രിയുടെ അകാല മരണത്തെ തുടര്‍ന്ന് കാമരാജും കൂട്ടരും ഇന്ദിരയെ മൊറാര്‍ജിക്ക് ബദലായി കൊണ്ടുവന്നതിനു പിന്നിലും ഈ ഘടകമുണ്ടായിരുന്നു.
തങ്ങളുടെ താളത്തിനൊത്തു തുള്ളുന്ന ഒരു പാവയാണ് ഇന്ദിരയെന്ന കണക്കുകൂട്ടലാണ് സിന്‍ഡിക്കേറ്റിനെ നയിച്ചത്. പക്ഷേ, ഈ കണക്കുകള്‍ തെറ്റിച്ച് ഇന്ദിര പ്രബലയായി. ഒതുക്കേണ്ടവരെ ഒതുക്കിയും തള്ളേണ്ടവരെ തള്ളിയും ഇന്ദിര വളര്‍ന്നപ്പോള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കോണ്‍ഗ്രസില്‍ കടങ്കഥയായി. കോണ്‍ഗ്രസിനെ ഇന്ന് ബാധിച്ചിരിക്കുന്ന കാറ്റുവീഴ്ചയുടെ വേരുകള്‍ അവിടെയാണ് തുടങ്ങുന്നത്.
ഒരേയൊരു നേതാവ് എന്നതായിരുന്നു ഇന്ദിരയുടെ കാഴ്ചപ്പാട്. കാമരാജും നിജലിംഗപ്പയും അതുല്യഘോഷും സഞ്ജീവ റെഡ്ഡിയും എസ്.കെ. പാട്ടീലുമടക്കമുള്ള എല്ലാ ലോക്കല്‍ നേതാക്കളേയും ഇന്ദിര ഒരു വഴിക്കാക്കി. ഉപെദെവങ്ങളില്ലാത്ത, ഒരേയൊരു മൂര്‍ത്തി മാത്രമുള്ള കോവിലായി കോണ്‍ഗ്രസ് പരിണമിച്ചു.
ഇന്ത്യയെന്നാല്‍ ഡെല്‍ഹി മാത്രമല്ല എന്ന തിരിച്ചറിവാണ് ഇന്ദിരയ്ക്ക് നഷ്ടമായത്. ശക്തരായ പ്രാദേശിക നേതാക്കളുടെ അഭാവം കോണ്‍ഗ്രസിനെ വലച്ചപ്പോള്‍ അതു മുതലെടുത്ത് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപംകൊണ്ടു. തമിഴകത്ത് ഡി എം കെയും ഒഡിഷയില്‍ ജനതാദളുമൊക്കെ ശക്തിയാര്‍ജിച്ചതിനു പിന്നിലുള്ള വലിയൊരു കാരണം ഇതായിരുന്നു. കോണ്‍ഗ്രസില്‍ നേതാവാകാനാവില്ല എന്നു വന്നപ്പോഴാണ് മമതാബാനര്‍ജി പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.
ഇന്ദിരയുടെ കാലത്തിനു ശേഷം കോണ്‍ഗ്രസില്‍ പ്രബലന്‍ എന്ന് വിളിക്കാവുന്ന ഒരു നേതാവ് ഉദിച്ചുയര്‍ന്നത് വൈ.എസ്. രാജശേഖര്റെഡ്ഡിയുടെ രൂപത്തിലാണ്. രാജീവ്ഗാന്ധിയുടെ മരണത്തിനും സോണിയയുടെ വരവിനുമിടയില്‍ നെഹ്രുകുടുംബം കോണ്‍ഗ്രസിന്റെ തലപ്പത്തില്ലാതിരുന്ന കാലത്തായിരുന്നു വൈ എസ് ആറിന്റെ രംഗപ്രവേശം എന്നത് മറക്കാനാവില്ല. സോണിയ കോണ്‍ഗ്രസില്‍ ആധിപത്യമുറപ്പിക്കുമ്പോഴേക്കും വൈ എസ് ആര് നേതാവായിക്കഴിഞ്ഞിരുന്നു.
2004 ല്‍ പ്രഥമ യുപിഎ സര്‍ക്കാരിന് രൂപം നല്കുന്നതില് വൈ എസ് ആറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ നേടിയ വിജയം നിര്‍ണ്ണായകമായിരുന്നു. പക്ഷേ, വൈ എസ് ആര് എന്ന നേതാവ് നെഹ്രുകുടുംബത്തിന്റെ ദാസനായിരുന്നില്ല.
വൈ എസ് ആര് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അതിനെ കണ്ടത് വൈ എസ് ആറിന്റെ കുടുംബത്തെ തകര്‍ക്കാനുള്ള അവസരമായാണ്. അങ്ങിനെ വൈ എസ് ആറിന്റെ മകന് ജഗന്മോഹന് സോണിയയ്ക്കും കൂട്ടര്‍ക്കും അനഭിമതനായി. ജഗനെ തകര്‍ക്കാന്‍ ചിദംബരത്തിനെപോലുള്ളവരുടെ വാക്കുകള്‍ കേട്ട് ആന്ധ്രയെ രണ്ടാക്കാനും സോണിയ സമ്മതം മൂളി. അതോടെ ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ തീരുമാനമായി.
വൈ എസ് ആറിനോളമില്ലെങ്കിലും കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും സ്വന്തം നിലയ്ക്ക് ഒരു നേതാവായിരുന്നു. അരക്ഷിതാബോധം കൂടപ്പിറപ്പായതുകൊണ്ട് സോണിയ എ.കെ.ആന്റണിയുടെ സഹായത്തോടെ ഉമ്മന്‍ചാണ്ടിയേയും ഒതുക്കി. വി.എം. സുധീരനെ കെ പി സി സി പ്രസിഡന്റാക്കിക്കൊണ്ടാണ് ഈ കരുനീക്കം കോണ്‍ഗ്രസ് ഹൈക്കമാന്റ് നടത്തിയത്. മദ്യനിരോധനം, ബാര്‍കോഴ തുടങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടേണ്ടിവന്ന പ്രധാന പ്രതിസന്ധികളത്രയും ഈ കളിയുടെ ഫലമായിരുന്നു.
ഇന്നിപ്പോള്‍ നരേന്ദ്രമോദിയുടെ മുന്നേറ്റത്തിനു മുന്നില്‍ കോണ്‍ഗ്രസ് ആടിയുലയുമ്പോള്‍ ശക്തരായ പ്രാദേശിക നേതാക്കളുടെ വിലയെന്താണെന്ന് സോണിയയും കൂട്ടരും തിരിച്ചറിയുന്നുണ്ടാവണം. മോദി തരംഗത്തെ ഇന്ത്യയില്‍ തടഞ്ഞു നിര്‍ത്തിയ സംസ്ഥാനങ്ങളിലെല്ലാം തന്നെ പ്രബലരായ പ്രാദേശിക നേതാക്കളുണ്ടായിരുന്നു. ബംഗാളില്‍ മമതയും ബിഹാറില്‍ നിതിഷ് ലാലു സഖ്യവും, ഒഡീഷയില്‍ നവീന്‍ പട്നായിക്കും തമിഴ്നാട്ടില്‍ ജയലളിതയുമാണ് മോദിക്ക് വെല്ലുവിളി ഉയര്‍ത്തിയത്.
ഇന്നിപ്പോള്‍ യുപി തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനു പിന്നിലും ഈ തിരിച്ചറിവുണ്ടായിരിക്കാം. പ്രാദേശികതലത്തില്‍ ശക്തരായ നേതാക്കളെ വളര്‍ത്തിയെടുക്കാതെ ഇനിയങ്ങോട്ട് കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിജീവനം അസാദ്ധ്യമായിരിക്കും.
View on mathrubhumi.com