വലവിരിച്ച് കൂടു മീന്‍കൃഷി

കൊച്ചി:അഴുകാതിരിക്കാനും പുതിയതെന്ന് തോന്നിപ്പിക്കാനുമായി പലതരം രാസവസ്തുക്കള്‍ ചേര്‍ത്ത കടല്‍മീനാണ് ചന്തകളില്‍ കിട്ടുന്നതെന്നും അത് വിശ്വസിച്ച് വാങ്ങിക്കഴിക്കാനാവില്ലെന്നും ഉപയോക്താക്കള്‍ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള യത്‌നമാണ് ജില്ലയില്‍ കൂടു മത്സ്യ കൃഷി വഴി നടക്കുന്നത്.നാലു വര്‍ഷത്തിനു മുമ്പ് ഒന്നോ രണ്ടാ കര്‍ഷകരായിരുന്നു കൂടു മത്സ്യ കൃഷിയില്‍ ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇന്നത് അഞ്ഞൂറോളമായിട്ടുണ്ടെന്ന് എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്ര (കെ.വി.കെ.) ത്തിലെ കൂടു മത്സ്യ കൃഷി വിദഗ്ധനായ ഡോ. പി.എ. വികാസ് പറഞ്ഞു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.കെ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്‌ േബ്രക്കിഷ് വാട്ടര്‍ അക്വാ കള്‍ച്ചര്‍, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ അക്വാ കള്‍ച്ചര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി, കൂടു മത്സ്യ കൃഷി വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. കടമക്കുടി, കോട്ടപ്പുറം, പുത്തന്‍വേലിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് കൃഷി കൂടുതല്‍. കായലില്‍ കൂടുണ്ടാക്കിയാണ് കൃഷി. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഉപയോഗശൂന്യമായ പാറമടകളിലും കുളങ്ങളിലും കൃഷി വ്യാപിച്ചുവരുന്നു. കാളാഞ്ചി, കരിമീന്‍, തിലാപ്പിയ, മോത, വറ്റ, തിരുത, വാള എന്നിവയാണ് കായലിലെ കൂടുകളില്‍ കൂടുതലായി വളര്‍ത്തുന്നത്. ഗുണമേന്മയുള്ള മീന്‍കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ് കര്‍ഷകരും ഗവേഷണ സ്ഥാപനങ്ങളുമൊക്കെ നേരിടുന്ന പ്രശ്‌നമാണ്. വിപണിയും പ്രശ്‌നം തന്നെ. ഇപ്പോള്‍ ക്രിസ്മസ്, ഈസ്റ്റര്‍, തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് കര്‍ഷകര്‍ വിളവെടുപ്പ് നടത്തി വില്‍ക്കുന്നത്. വിളവെടുക്കുന്ന മുഴുവന്‍ മീനും അപ്പോള്‍ വിറ്റുപോകുന്നുണ്ട്. എന്നാല്‍ കാര്യക്ഷമമായ സ്ഥിരം വിപണി ഇവര്‍ക്കില്ല.View on mathrubhumi.com