'എം' കൃഷി ഫിഷറീസ് മൊബൈല്‍ ആപ്പിന് ദേശീയ അംഗീകാരം

മത്സ്യം കൂടുതല്‍ ലഭിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ആപ്ലിക്കേഷന്‍
കൊച്ചി:മത്സ്യബന്ധനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച 'എം' കൃഷി ഫിഷറീസ് മൊബൈല്‍ ആപ്പിന് ദേശീയ അംഗീകാരം. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ രാജ്യത്തെ 20 മികച്ച നൂതന സാമൂഹിക നേട്ടങ്ങളുടെ പട്ടികയില്‍ 'എം' കൃഷി ആപ്പിനെയും ഉള്‍പ്പെടുത്തി. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സി.എം.എഫ്.ആര്‍.ഐ.) ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്റെയും (ഇന്‍കോയിസ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. കടലില്‍ കൂടുതല്‍ മത്സ്യ ലഭ്യതയുള്ള മേഖല, സമുദ്ര ജലോപരിതല ഊഷ്മാവ്, കാലാവസ്ഥ, മത്സ്യങ്ങളുടെ തീറ്റയായ പ്ലവകങ്ങളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ അറിയാം. സി.എം.എഫ്.ആര്‍.ഐ.യുടെ മുംബൈ ഗവേഷണ കേന്ദ്രമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് 30 ശതമാനം വരെ ഇന്ധന ഉപഭോഗം കുറയ്ക്കാനായെന്ന് സി.എം.എഫ്.ആര്‍.ഐ. കണ്ടെത്തിയിരുന്നു. മത്സ്യ ലഭ്യതയിലും വര്‍ധനയുണ്ടായി. മഹാരാഷ്ട്രയിലെ 13 മത്സ്യത്തൊഴിലാളി സംഘങ്ങളിലാണ് പഠനം നടത്തിയത്. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വികസിപ്പിച്ച ഫിഷര്‍ ഫ്രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ (എഫ്.എഫ്.എം.എ.) എന്ന മൊബൈല്‍ ആപ്പാണ് കേരളത്തിലെ തീരങ്ങളില്‍ ഉപയോഗിക്കുന്നതിനായി നിലവിലുള്ളത്. ഈ സംരംഭത്തിലും സി.എം.എഫ്.ആര്‍.ഐ. പങ്കാളിയാണ്.


View on mathrubhumi.com