മാഞ്ചിപ്പുല്ല് കൊണ്ട് പുല്‍പ്പായ; കുളവാഴ കൊണ്ട് വെയ്സ്റ്റ് ബാസ്‌കറ്റും ബാഗും

By: നിത.എസ്.വി
പ്രകൃതിയിലേക്ക് മടങ്ങാന്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ചിലര്‍ ഇവിടെയുണ്ട്. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന പുല്ലുകളും ചെടികളും ഉപയോഗിച്ച് പൂര്‍ണമായും പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഇവര്‍ ആരോഗ്യസംരക്ഷണത്തിനുള്ള മാര്‍ഗം കൂടിയാണ് പറഞ്ഞുതരുന്നത്. കുളവാഴയും മാഞ്ചിപ്പുല്ലും കൈതയോലയും ഇവരുടെ കരവിരുതില്‍ മനോഹരമായ വസ്തുക്കളായി മാറുകയാണ്. ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ നിന്നും പരിശീലനം നേടിയ ഇവര്‍ കഴിഞ്ഞ ആറു വര്‍ഷത്തോളമായി വ്യത്യസ്തമായ ഉത്പന്നങ്ങള്‍ സന്ദര്‍ശകര്‍ക്കായി നിര്‍മിക്കുകയാണ് .
കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ സംരംഭമായ സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ നിന്നും കരകൗശല വസ്തുക്കളും പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും കാണാന്‍ മാത്രമല്ല; എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ചുമുള്ള ഏകദേശ ധാരണ കൂടിയാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. കോഴിക്കോട് സിറ്റിയില്‍ നിന്നും 42 കി.മീ അകലെയുള്ള സ്ഥലമാണ് വടകരയ്ക്കടുത്തുള്ള ഇരിങ്ങല്‍.
കേരളത്തില്‍ കാണാത്ത മാഞ്ചിപ്പുല്ല്
'സാധാരണ അങ്ങാടിയില്‍ കിട്ടുന്ന പായകള്‍ ഈടു നില്‍ക്കുന്നതല്ല. മാഞ്ചിപ്പുല്ല് കൊണ്ട് നിര്‍മിക്കുന്ന പായകള്‍ 30 വര്‍ഷത്തോളം നിലനില്‍ക്കും. മാഞ്ചിപ്പുല്ല് കേരളത്തില്‍ തന്നെ കാണാനില്ല. കുടുംബശ്രീയുടെ ആളുകള്‍ റോഡുകളും തോടുകളുമൊക്കെ വൃത്തിയാക്കുന്ന കൂട്ടത്തില്‍ ഈ പുല്ല് നശിച്ചു പോകുകയാണ്. കുളത്തിലോ പാതയോരത്തോ വളരുന്ന പുല്ലാണ് ഇത്. 10 കിലോ അല്ലെങ്കില്‍ 15 കിലോ പുല്ല് വാളയാറില്‍ നിന്ന് കൊണ്ടുവന്നാണ് ഈ പുല്‍പ്പായകള്‍ നിര്‍മിക്കുന്നത്.' കോറാഗ്രാസ് കൊണ്ട് പുല്‍പ്പായകള്‍ നിര്‍മിച്ച് അവാര്‍ഡ് നേടിയ അയ്യപ്പന്റെ വാക്കുകള്‍.
പണ്ടുകാലത്ത് ഓര്‍ക്കാട്ടേരി ചന്തയില്‍ കൊണ്ടുപോയാണ് ഈ പായകള്‍ വിറ്റിരുന്നത്. വടക്കാഞ്ചേരി പായ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഒരു കിലോ മാഞ്ചിപ്പുല്ലിന് 250 രൂപ വരും. ഈ പുല്ല് വേണമെങ്കില്‍ കേരളത്തില്‍ കൃഷി ചെയ്യാമെന്ന് അയ്യപ്പന്‍ പറയുന്നു. ഇഞ്ചി പോലെയുള്ള സസ്യമാണ് ഇത്. ഒരാള്‍പ്പൊക്കത്തില്‍ വളരുന്ന പുല്ലാണ് ഇത്. ഈ പായ ഉപയോഗിച്ചാല്‍ ഇടുപ്പുവേദന, കടച്ചില്‍ എന്നിവയെല്ലാം മാറുമെന്ന് അയ്യപ്പന്‍ ഉറപ്പുതരുന്നു. ഡല്‍ഹിക്കും ബോംബെയ്ക്കുമൊക്കെ കോറാഗ്രാസ് പായകള്‍ അയച്ചുകൊടുക്കുന്നുണ്ട്. 1700 മുതല്‍ 2000 രൂപ വരെയുള്ള പായകളുണ്ട്.
പായകള്‍ക്ക് നിറം നല്‍കുന്നത് പ്രകൃതിയില്‍ നിന്ന് കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ. പതിമുഖം ചേര്‍ത്ത് ഒരു പ്രത്യേകരീതിയില്‍ തയ്യാറാക്കുമ്പോളാണ് ചുവപ്പ് നിറം ലഭിക്കുന്നത്. ഈ ചുവപ്പ് നിറമുള്ള വസ്തു ചളിയില്‍ രണ്ടു ദിവസം ഇട്ടുവെച്ചാല്‍ കറുപ്പായി മാറും. വെറ്റിലയും പുല്ലും കൂട്ടി പുഴുങ്ങിയാല്‍ പച്ചക്കളറായി മാറും. കൈകള്‍ ഉപയോഗിച്ചാണ് മുഴുവന്‍ പണിയും ചെയ്യുന്നത്.
കൈതയോല കൊണ്ടുള്ള വെയ്‌സ്റ്റ് ബാസ്‌കറ്റ് ഏറെ പ്രിയം
'കുളവാഴയുടെ വെള്ളം നിറഞ്ഞ തണ്ട് നന്നായി ഉണക്കി പുഴുങ്ങി കളര്‍ ചെയ്ത് വെയ്‌സ്റ്റ് ബാസ്‌കറ്റ്, ഷോപ്പര്‍ ബാഗ് ,ഫയല്‍ എന്നിവയെല്ലാം ഉണ്ടാക്കാം. കുളവാഴ കൊണ്ടുണ്ടാക്കുന്ന എല്ലാ വസ്തുക്കളും കൈതയോല ഉപയോഗിച്ചും നിര്‍മിക്കാം. കഴുകി ഉപയോഗിക്കാവുന്നതാണ് ഇതെല്ലാം.' കഴിഞ്ഞ ആറു വര്‍ഷത്തോളമായി സര്‍ഗാലയിലെ സന്ദര്‍ശകര്‍ക്ക് മനോഹരമായ ബാഗുകളും ഫയലുകളും തൊപ്പികളുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്ന ലളിത പറയുന്നു.
സൗകര്യപ്രദമായ രീതിയില്‍ മടക്കി സ്യൂട്ട്‌കേസിലും ബാഗിലുമൊക്കെ വെച്ച് എവിടെയും കൊണ്ടുപോകാമെന്നതാണ് ഇത്തരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രത്യേകത.
കൈതയോല നിര്‍മിച്ചുണ്ടാക്കുന്ന വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് വെയ്‌സ്റ്റ് ബാസ്‌ക്കറ്റാണ്. കൊടുങ്ങല്ലൂരില്‍ നിന്നാണ് ഇത് നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍ കൊണ്ടുവരുന്നത്. വെയ്സ്റ്റ് ബാസ്‌ക്കറ്റിന് 10 വര്‍ഷം ഗ്യാരണ്ടിയുണ്ട്. സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ആകര്‍ഷകമായ ബാഗുകള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്.
പ്രകൃതിയില്‍ നിന്ന് കിട്ടുന്ന വസ്തുവായ കൈതയോല പുഴുങ്ങി പ്രത്യേക രീതിയില്‍ തയ്യാറാക്കിയാണ് ഇത്തരം വസ്തുക്കള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ല. ഫംഗസ് , പൂപ്പല്‍ എന്നിവ ബാധിക്കുകയില്ല. എത്ര കഴുകിയാലും കളര്‍ നഷ്ടപ്പെടില്ലെന്നതും കൈതയോല നിര്‍മിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങളുടെ പ്രത്യേകതയാണ്.
രാമച്ചത്തിന്റെ ചെരിപ്പുകളും മെത്തയും
പുല്‍വര്‍ഗത്തില്‍പ്പെട്ട ഔഷധ സസ്യമായ രാമച്ചത്തിന്റെ ഗുണഗണങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് പ്രജിത. ശരീരത്തിന് തണുപ്പു നല്‍കുന്ന രാമച്ചം ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.
പ്രജിത നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ രാമച്ചം ഉപയോഗിച്ചുള്ള ചെരിപ്പുകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. പാലക്കാട് നിന്നാണ് രാമച്ചം കൊണ്ടുവരുന്നത്. ശരീരത്തില്‍ തേയ്ക്കാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ്ബുകള്‍, കാറിന്റെ സീറ്റ് കവര്‍, ,ചെരുപ്പുകള്‍, മെത്ത എന്നിവയെല്ലാം ഇവര്‍ ഉണ്ടാക്കുന്നു. ആറ് വര്‍ഷമായി ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പ്രജിത പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്നതായാണ് പറയുന്നത്.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: