110 വര്‍ഷത്തിനിടെ ഇന്ത്യയിലെ താപനില വര്‍ധിച്ചത് 0.60 ഡിഗ്രി

ന്യൂഡല്‍ഹി: കഴിഞ്ഞ 110 വര്‍ഷത്തിനിടെ ഇന്ത്യയിലെ താപനില 0.60 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ പരിസ്ഥിതി മന്ത്രി അനില്‍ ദവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ കാലാവസ്ഥാ പഠന വകുപ്പിന്റെ (ഐഎംഡി) ഗവേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഉഷ്ണതരംഗം (Heat Wave) പോലുള്ള പരിസ്ഥിതി പ്രതിഭാസങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അതിവര്‍ഷം പോലുള്ള ആശാവഹമായ പ്രതിഭാസങ്ങളും സമീപകാലത്ത് വര്‍ധിച്ചതായി ഐഎംഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2014ല്‍ പ്രസിദ്ധീകരിച്ച ഫിഫ്ത് അസസ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം 1880-2012 കാലഘട്ടത്തില്‍ ആഗോള താപനിലയില്‍ 0.85 ഡിഗ്രി വര്‍ധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളതെന്നും പരിസ്ഥിതി മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനായി 2008ല്‍ കേന്ദ്രസര്‍ക്കാര്‍ കര്‍മപദ്ധതി (എന്‍എപിസിസി) ആരംഭിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കര്‍മപദ്ധതി തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അനില്‍ ദവെ അറിയിച്ചു.


View on mathrubhumi.com

READ MORE ENVIRONMENT STORIES: