മാറുന്ന കാലാവസ്ഥയും കേരളവും

By: മുരളി തുമ്മാരുകുടി
'ഇത്തവണത്തെ വരവില്‍ നമ്മുടെ എം.എല്‍.എ മാര്‍ക്കുവേണ്ടി കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ഒരു ക്ലാസ്സ് എടുക്കണം' എന്ന് കോട്ടയത്തെ കാലാവസ്ഥാവ്യതിയാന പഠനത്തിനു വേണ്ടിയുള്ള ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഡയറക്ടര്‍ ശ്രീ ജോര്‍ജ്ജ് ചാക്കച്ചേരി എനിക്ക് ഒരു മെയില്‍ അയച്ചു.
'ക്ലാസെടുക്കാനൊക്കെ സന്തോഷമേയുള്ളൂ, പക്ഷെ ആരെങ്കിലും വരുമോ..? ചുരുങ്ങിയത് പതിനഞ്ച് എം.എല്‍.എ മാരെങ്കിലും ഇല്ലെങ്കില്‍ ഞാന്‍ വരില്ല കേട്ടോ' എന്നാണ് മറുപടി എഴുതിയത്.
കാരണമുണ്ട്. രണ്ടുവര്‍ഷം മുന്‍പ് കോര്‍പ്പറേഷനിലെയും മുനിസിപ്പാലിറ്റിയിലെയും മേയര്‍മാര്‍ക്കും ചെയര്‍പേഴ്‌സണ്‍സിനും ഇതുപോലൊരു ക്ലാസെടുക്കണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ചെന്നപ്പോഴേക്കും പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. മുറിയില്‍ പത്തിരുപത് പേരുണ്ട്. എന്റെ ഊഴം വന്നപ്പോള്‍ അരമണിക്കൂര്‍ സംസാരിച്ചു. സദസ്സില്‍ നിന്ന് ഒരു പ്രതികരണവും ഇല്ല. ഉള്ളവര്‍ തന്നെ ഫോണും എടുത്ത് ഇടക്കിടെ പുറത്തു പോകുന്നുണ്ട്. അന്ന് ഞാന്‍ അധികം ദീര്‍ഘിപ്പിക്കാതെ സംസാരം നിര്‍ത്തി.
പോരുന്നതിന് മുന്‍പ് അന്ന് ഞാന്‍ ചോദിച്ചു, 'ഇതില്‍ എത്ര മേയര്‍മാരും മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍സുമുണ്ട്?'
'സാറെ, അവരാരും വന്നില്ല, ഇവര്‍ എല്ലാവരും തന്നെ കോര്‍പ്പറേഷനിലെയും മുനിസിപ്പാലിറ്റിയിലെയും സ്റ്റാഫാണ്.'
എനിക്കന്ന് ദേഷ്യവും സങ്കടവും വന്നത് എന്റെ പ്രസംഗം കേള്‍ക്കാന്‍ അവര്‍ വരാത്തതിലല്ല, കാലാവസ്ഥാവ്യതിയാനം ഈ നൂറ്റാണ്ടില്‍, ഒരുപക്ഷെ നമ്മുടെ ജീവിതകാലത്തു തന്നെ, കേരളത്തിലെ ഓരോ ഗ്രാമത്തെയും നഗരത്തെയും തീവ്രമായി ബാധിക്കാന്‍ പോകുകയാണ്. അപ്പോള്‍ അതിനെ പറ്റി അറിവില്ലാത്ത, അറിയാന്‍ ആഗ്രഹമില്ലാത്ത, അത്രപോലും ദീര്‍ഘവീക്ഷണമില്ലാത്ത ആളുകളാണല്ലോ അവിടെയൊക്കെ ഭരണം നടത്തുന്നത് എന്നോര്‍ത്താണ്.
'സാര്‍, ഇത്തവണ തീര്‍ച്ചയായും ആളുകള്‍ ഉണ്ടാകും. ചുരുങ്ങിയത് 45 പേരെങ്കിലും വരും' ജോര്‍ജ്ജ് ഉറപ്പ് പറഞ്ഞു.
'നാല്പത്തിയഞ്ചൊന്നും വേണ്ട, മുപ്പത് പേര് വന്നാല്‍ തന്നെ അതൊരു വലിയ വിജയമായി ഞാന്‍ കണക്കാക്കും' എന്ന മറുപടിയും പറഞ്ഞു.
രണ്ടുദിവസത്തിനകം തന്നെ അദ്ദേഹം പിന്നെയും വിളിച്ചു. 'സാര്‍, മുഖ്യമന്ത്രി ഇരുപത്തിരണ്ടിന് തന്നെ സമ്മതിച്ചു. സ്പീക്കറുടെ അനുമതിയും കിട്ടി. ഞങ്ങള്‍ ഇതുമായി മുന്നോട്ട് പോകുകയാണ്.'
മുഖ്യമന്ത്രിയും സ്പീക്കറുമെല്ലാം പങ്കെടുക്കുമെന്നറിഞ്ഞതോടെ സത്യം പറഞ്ഞാല്‍ മനസ്സില്‍ സമ്മിശ്രവികാരമായിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ മുന്‍പില്‍ കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു പ്രശ്‌നത്തെപ്പറ്റി സംസാരിക്കാനുള്ള അവസരം അപൂര്‍വമാണ്, ബഹുമതിയാണ്.
പരിസ്ഥിതി വിഷയങ്ങളെപ്പറ്റി ലോകത്തെ പല പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും മുന്നില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി മലയാളത്തില്‍ സംസാരിച്ച മുന്‍പരിചയമില്ല.
പക്ഷേ ഒന്നുകൂടി ഉണ്ട്. ഫെയ്‌സ്ബുക്കിലെ എന്റെ ഫോളോവേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഞാന്‍ ജലത്തിനു മീതെ നടക്കാന്‍ പോലും കെല്‍പ്പുള്ളയാളാണ്. എന്നാല്‍ ചെറുപ്പകാലം മുതല്‍ പറഞ്ഞുകേട്ട, മനസ്സില്‍ വലിയ സ്ഥാനമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റ് നേതാക്കളുടെയും മുന്നില്‍ പ്രസംഗിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ അല്പം മുട്ടിടിപ്പുണ്ടായി എന്ന് പറയാതെ വയ്യ.
നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ്. ഓരോ ദിവസവും ഓരോ രാഷ്ട്രീയസംഭവങ്ങളാണ്. തിരുവനന്തപുരത്തായതിനാല്‍ രാഷ്ട്രീയം നിയമസഭക്ക് പുറത്തേക്കും പടരാനിടയുണ്ട്. അതുകൊണ്ട് പരിപാടി നടന്നാല്‍ നടന്നു എന്നതാണ് എന്റെ ചിന്ത. ഭാഗ്യത്തിന് നിയമസഭയ്ക്ക് പുറത്ത് പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിനായി പ്രതിപക്ഷ എം.എല്‍.എ മാര്‍ രണ്ടു ദിവസമായി നിരാഹാരം കിടക്കുകയാണ്. പതിനഞ്ചിന്റെ പണി എട്ടിന്റെതാകുമോ എന്നായിരുന്നു എന്റെ ചിന്ത.
പരിപാടി പറഞ്ഞിരുന്നത് ആറുമണിക്കാണ്. അഞ്ചുമണിക്കേ ഞാന്‍ സ്ഥലത്തെത്തി. നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് പരിപാടി. നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റില്‍ ആണ് നല്ല വലിപ്പമുള്ള ഈ ഹാള്‍. നിയമസഭയുടെ പിന്‍വാതിലിലൂടെ ആണ് അങ്ങോട്ടുള്ള പ്രവേശനം. ഭരണകക്ഷിയും പ്രതിപക്ഷവും ഇരിക്കുന്ന അസംബ്ലി സ്‌റൈലിലല്ല, എല്ലാവര്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ പാകത്തിനാണ് ഇരിപ്പിട സംവിധാനങ്ങള്‍. (നമ്മുടെ നിയമ സഭ പ്രൗഢ ഗംഭീരം ഒക്കെ ആണെങ്കിലും ഒട്ടും ഡിസെബിലിറ്റി ഫ്രണ്ട്‌ലി അല്ല. നമ്മുടെ നിയമസഭാ സാമാജികര്‍ ആയി ഇത്തരം വെല്ലുവിളികള്‍ ഉള്ളവര്‍ വരാത്തതായിരിക്കണം ഇക്കാര്യത്തില്‍ ആരുടേയും ശ്രദ്ധ പതിയാതിരിക്കാന്‍ കാരണം. ബേസ്‌മെന്റിലേക്കുള്ള വലിയ സ്റ്റെപ്പുകള്‍ ഇറങ്ങി വരാന്‍ പലരും ബുദ്ധിമുട്ടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ബഹുമാനപ്പെട്ട സ്പീക്കര്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണം).
സമയം അഞ്ച് അമ്പത്തായിട്ടും എം.എല്‍.എ മാരുടെ പൊടിപോലും കണ്ടില്ല. ഞാന്‍ അല്പം നിരാശനായെങ്കിലും അത് പുറമെ ഭാവിച്ചില്ല. എന്നാല്‍ അടുത്ത പത്ത് മിനുട്ടില്‍ ഡസന്‍ കണക്കിന് എം.എല്‍.എ മാര്‍ ഹോളിലേക്ക് വന്നു, പേര് രെജിസ്റ്റര്‍ ചെയ്തു, പിന്നെ കുറേപ്പേര്‍ എന്നെ പരിചയപ്പെട്ടു. സമയത്ത് തന്നെ സ്പീക്കറും മുഖ്യമന്ത്രിയും എത്തി.
ഈ അവസരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി രണ്ടു വാക്ക് പറഞ്ഞില്ലെങ്കില്‍ അത് അനൗചിത്യമാകും. കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഞാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷെ ഇദ്ദേഹം വളരെ വ്യത്യസ്തനാണ്. എവിടെയും ആള്‍ക്കൂട്ടത്തിന് നടുവിലാണ് ഉമ്മന്‍ ചാണ്ടിയെങ്കില്‍ ആള്‍ക്കൂട്ടത്തിന് നടുവിലും ഏകനാണ് പിണറായി വിജയന്‍. കേരളത്തിലെ മന്ത്രിമാരില്‍ അപൂര്‍വമായി മാത്രം കാണുന്ന സമയ നിഷ്ഠയും അദ്ദേഹത്തിന് കൈമുതലായുണ്ട്. നേരിട്ട് കാണുമ്പോളുള്ള പെരുമാറ്റവും വളരെ ഊഷ്മളമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ആണ് കേള്‍ക്കുന്നത്, ആ സമയത്ത് മറ്റുള്ളവരോട് സംസാരിക്കുകയോ ഫോണ്‍ ചെയ്യുകയോ ഒന്നും ചെയ്യില്ല.
സ്പീക്കറാണ് അധ്യക്ഷന്‍. കാര്യമാത്രപ്രസക്തമായ ഒരു ചെറിയ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. പിന്നീട് പ്രസംഗിച്ചത് മുഖ്യമന്ത്രിയാണ്. ഈ വര്‍ഷം വരാനിരിക്കുന്ന വരള്‍ച്ചയെപ്പറ്റി, അതിന് തയ്യാറെടുക്കേണ്ടതിനെപ്പറ്റി ഒക്കെ അദ്ദേഹം കൈയില്‍ ഒരു പേപ്പര്‍ പോലുമില്ലാതെ (ടെലി പ്രോംപ്റ്റര്‍ ഇല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ) സാമാന്യം ദീര്‍ഘമായി പ്രസംഗിച്ചു.
കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനമായിരുന്നു പിന്നെ. മുഖ്യമന്ത്രിയില്‍നിന്നും പുസ്തകം ഏറ്റുവാങ്ങിയത് ശ്രീ തോമസ് ഐസക്കാണ്. ഏതാനും വാക്കുകളില്‍ അദ്ദേഹവും പ്രസംഗം ചുരുക്കി. എന്നെ സദസ്സിന് പരിചയപ്പെടുത്തി സംസാരിക്കാന്‍ ക്ഷണിച്ചത് ജോര്‍ജ്ജാണ്.
അതോടെ മുഖ്യമന്ത്രിയും സ്പീക്കറും ധനമന്ത്രിയും എഴുന്നേറ്റു. ഇതുകണ്ട് പതിവ് പോലെ ഉദ്ഘാടനം കഴിഞ്ഞ് പൊടിതട്ടി പോകുകയാണോ എന്നോര്‍ത്ത് എന്റെ ചങ്കൊന്നു പിടഞ്ഞു. 'ഞങ്ങള്‍ താഴെ ഇരിക്കാം. ശരിക്ക് കാണാമല്ലോ' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ശ്വാസം തിരികെ കിട്ടിയത്.
'ഒരു ദുരന്തത്തിനുശേഷം കേരളത്തിലേക്ക് ഔദ്യോഗികമായി വരേണ്ടിവന്നേക്കും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി' എന്ന് പറഞ്ഞാണ് ഞാന്‍ പ്രസംഗം തുടങ്ങിയത്. അത് കൊണ്ട് തന്നെ ഒരു ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് കാലാവസ്ഥ വ്യതിയാനം പോലെ അതി പ്രധാനമായ ഒരു വിഷയത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ച കാലാവസ്ഥ വ്യതിയാന പഠന ഇന്‍സ്റ്റിറ്റ്യൂട്ടിനും അതില്‍ പങ്കെടുക്കുന്നവര്‍ക്കും ഉള്ള നന്ദി ആദ്യമേ പറഞ്ഞു.
ഒരു ഒട്ടകത്തിന്റെ പടമാണ് ഞാന്‍ ആദ്യം കാണിച്ചത്. ഒട്ടകത്തിന് അറബി ഭാഷയില്‍ ഒന്നിലധികം പര്യായങ്ങളുണ്ടെങ്കിലും മലയാളത്തില്‍ ഒരു പേരേയുള്ളു, ഒട്ടകം. കാരണം ഒട്ടകം നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ല. അതുപോലെ climate എന്ന ഇംഗ്ലീഷ് വാക്കിന്റെ ശരിയായ പരിഭാഷ കാലാവസ്ഥ എന്നല്ല. കാലാവസ്ഥ എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് weather എന്ന ദൈനംദിന അന്തരീക്ഷ സ്ഥിതിയെയാണ്. അപ്പോള്‍ ശരിയായ ഒരു വാക്കു പോലുമില്ലാതെയാണ് കാലാവസ്ഥാ വ്യതിയാനത്തെ നമ്മള്‍ നേരിടേണ്ടത് എന്ന് പറഞ്ഞായിരുന്നു എന്റെ തുടക്കം.
കാലാവസ്ഥാ വ്യതിയാനം എന്നത് നാളത്തെ പ്രശ്‌നമല്ല എന്നതായിരുന്നു അടുത്തതായി ഞാന്‍ പറഞ്ഞത്. ലോകത്ത് പലയിടങ്ങളില്‍ യാത്ര ചെയ്യുന്നതിനാല്‍ കേരളം നാളെ എങ്ങനെയാകും എന്ന് ഭാവനയില്‍ കാണാന്‍ ഇന്നേ എനിക്ക് കഴിയുന്നു. നാളത്തെ കേരളം ഇന്നത്തെ സിംഗപ്പൂര്‍ പോലെയോ അഫ്ഘാനിസ്ഥാന്‍ പോലെയോ ഐവറികോസ്റ്റ് പോലെയോ ആകാം. ഈ രാജ്യങ്ങളൊന്നും ഇപ്പോഴത്തെ സ്ഥിതിയിലായത് ആകസ്മികമായിട്ടല്ല, അവിടുത്തെ നേതാക്കളും ജനങ്ങളും എടുത്ത ചില നിര്‍ണ്ണായകമായ തീരുമാനങ്ങളുടെ പരിണതഫലമാണ്.
കാലാവസ്ഥാ വ്യതിയാനത്താല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന നാളത്തെ കൊച്ചിയെപ്പോലെയാണ് ഇന്നത്തെ സമരാംഗ് എന്ന ഇന്‍ഡോനേഷ്യന്‍ നഗരം. അവിടെ വര്‍ഷാവര്‍ഷം വെള്ളം കയറുന്നു, വീടുകള്‍ നശിക്കുന്നു, അതിനാല്‍ ഓരോ അഞ്ചു വര്ഷം കൂടുമ്പോള്‍ നാട്ടുകാര്‍ക്ക് വീടിന്റെ നിരപ്പ് ഉയര്‍ത്തേണ്ടിവരുന്നു, പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍ക്കാരിന് റോഡുകള്‍ മാറ്റിപ്പണിയേണ്ടി വരുന്നു. ഇപ്പോള്‍ത്തന്നെ എറണാകുളത്ത് ഇത് സംഭവിക്കുന്നുണ്ട് എന്ന് ഞാന്‍ പറഞ്ഞതുകേട്ട് ചിലര്‍ തലയാട്ടുന്നത് കണ്ടപ്പോള്‍ വിഷയത്തിന് കാറ്റു പിടിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനശാസ്ത്രവും രാഷ്ട്രീയവുമാണ് പിന്നെ പ്രതിപാദിച്ചത്. കാലാവസ്ഥ മാറുന്നതിന്റെ ശക്തമായ ലക്ഷണങ്ങള്‍ ഇപ്പോഴേ ലോകത്തുണ്ട്. കരയിലെ ചൂട്, കടലിലെ ചൂട്, ഗ്ലേസിയറുകള്‍ ഉരുകുന്നത്, കൊടുങ്കാറ്റുകള്‍ കൂടുതല്‍ ശക്തിമത്താകുന്നത് ഇതൊക്കെ ഇപ്പോഴേ പ്രകടമാണ്. കേരളത്തിലും ഇതിന്റെ പല പ്രതിഫലനങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്, മഴക്കാലം കുറയുന്നു, മഴയില്ലാത്ത ദിവസങ്ങളുടെ എണ്ണം കൂടുന്നു, മുന്‍പ് കേട്ടിട്ടില്ലാത്ത പോലെ ഹീറ്റ് സ്‌ട്രോക്ക് ഉണ്ടാകുന്നു, പരിചയമില്ലാത്ത അസുഖങ്ങള്‍ (ചിക്കന്‍ ഗുനിയ) ഉണ്ടാകുന്നു. സലിം അലി കണ്ടിട്ടില്ലാത്ത പ്രദേശത്തെല്ലാം ഇപ്പോള്‍ മയിലുകളെ കാണുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു ജൈവ സൂചനയായി കാണാം എന്നും ഞാന്‍ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണം ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം ആണെന്നും അത് തന്നെ വികസിതരാജ്യങ്ങളാണ് വന്‍ തോതില്‍ ഉപയോഗിച്ചു തീര്‍ത്തതെന്നും രണ്ടഭിപ്രായമില്ല. ചരിത്രപരമായി വളരെ കുറച്ച് സംഭാവനയേ ഹരിതവാതകങ്ങളുടെ കാര്യത്തില്‍ ഇന്ത്യ നല്‍കിയിട്ടുള്ളൂ. ഇപ്പോള്‍ പോലും അമേരിക്കയുടെ പ്രതിശീര്‍ഷ ഹരിതവാതക ഉല്പാദനത്തിന്റെ അഞ്ചിലൊന്നേ നമ്മള്‍ ഉണ്ടാക്കുന്നുന്നുള്ളൂ.
അതുകൊണ്ടുതന്നെ ഹരിതവാതകങ്ങള്‍ കുറക്കുന്ന കാര്യത്തില്‍ വികസിതരാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്നും ഇന്ത്യക്ക് വികസിക്കാന്‍ സമയം വേണമെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക ലൈന്‍. അടുത്തകാലം വരെ ചൈനയുടെ നയവും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഹരിതവാതകങ്ങളുടെ ബഹിര്‍ഗമനം രണ്ടായിരത്തി മുപ്പതാകുന്നതോടെ പരമാവധിയില്‍ എത്തിക്കുമെന്നും അതിനുശേഷം പടിപടിയായി കുറച്ചു കൊണ്ടുവരുമെന്നും രണ്ടായിരത്തി പതിനഞ്ചില്‍ ചൈന സമ്മതിച്ചു, കാരണം കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക അവസരങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നാണ് അവര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചായിരുന്നു പിന്നീട് പറഞ്ഞത്. കാലാവസ്ഥാവ്യതിയാനം എന്നത് സത്യമാണോ? ആണെങ്കില്‍ അതിന് മനുഷ്യരാണോ ഉത്തരവാദികള്‍? അങ്ങനെയെങ്കില്‍ അതിനെ തടുക്കാന്‍ മനുഷ്യസമൂഹത്തിന് കഴിയുമോ? എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഈ കാര്യത്തില്‍ ലോകത്തിന് ഉപദേശം നല്കാനാണ് Inter governmental Panel on Climate Change (IPCC) ഉണ്ടാക്കിയിരിക്കുന്നത്. നൂറ്റിയമ്പതോളം രാജ്യങ്ങളില്‍നിന്നും അവര്‍ നാമനിര്‍ദ്ദേശം ചെയ്ത രണ്ടായിരത്തോളം ശാസ്ത്രജ്ഞന്മാരാണ് കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള ശാസ്ത്രീയ വിശകലനം നടത്തുന്നത്. അവരുടെ സ്വന്തം അഭിപ്രായമനുസരിച്ചല്ല ചര്‍ച്ചകള്‍ നടക്കുന്നത്, ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ശാസ്ത്രീയ ലേഖനങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് ചര്‍ച്ച.
ലോകത്ത് ഇന്നേവരെ ഒരു പ്രശ്‌നത്തെപ്പറ്റി പഠിക്കാന്‍ ഇത്ര വിപുലമായ ഒരു സംവിധാനം ഉണ്ടായിട്ടില്ല. ആധുനിക ലോകത്ത് ശാസ്ത്രീയമായ രീതിയില്‍ എങ്ങനെയാണ് നയപരിപാടികള്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടത് എന്നതിന്റെ മാതൃകയാണ് IPCC. മുന്‍പറഞ്ഞ മൂന്നു ചോദ്യങ്ങളും അതായത്, കാലാവസ്ഥാവ്യതിയാനം ഉണ്ടായിട്ടുണ്ടോ, അതിന് മനുഷ്യന്‍ ഉത്തരവാദിയാണോ, അതിനെതീരെ മനുഷ്യന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നതെല്ലാം ഈ സംഘം പരിശോധിച്ച് ശാസ്ത്രീയമായ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ഥ്യമാണ്, അത് മനുഷ്യനിര്‍മ്മിതമാണ്, അതിന്റെ വ്യാപ്തി കുറക്കാന്‍ മനുഷ്യന് സാധിക്കും എന്ന് IPCC പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഇനിയും ഇക്കാര്യത്തില്‍ വിവാദമുണ്ടെന്ന് കരുതുന്നവരും വരുത്തിത്തീര്‍ക്കുന്നവരും ശാസ്ത്രത്തിന്റെ രീതികള്‍ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നവരല്ല.
ആഗോളതാപനം കുറക്കാന്‍ വേണ്ടി ഹരിതവാതകങ്ങള്‍ ബഹിര്‍ഗമിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെങ്കിലും ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകത്തെല്ലായിടത്തും ഉണ്ടാകുമെന്നും അതിനെ നേരിടാന്‍ നമ്മുടെ ഓരോ ഗ്രാമവും നഗരവും സംസ്ഥാനവും തയ്യാറെടുക്കണം എന്നതുമായിരുന്നു പ്രസംഗത്തിലെ അടുത്ത പോയിന്റ്. കേരളത്തിന് ഇപ്പോള്‍ ഒരു State Action Plan for Climate Change ഉണ്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ എട്ട് രംഗത്ത് കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും അതിനെ നേരിടാനുള്ള കര്‍മ്മപദ്ധതിയെയും അതിന് പ്രതീക്ഷിക്കുന്ന ചെലവിനെക്കുറിച്ചും ഒക്കെ പ്രതിപാദിക്കുന്ന രേഖയാണിത്.
മഴയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ജല സുരക്ഷയും ഊര്‍ജ്ജ സുരക്ഷയും. കാലാവസ്ഥ മാറ്റം ഇത് രണ്ടിനെയും ബാധിക്കും. നമ്മള്‍ ഇപ്പോള്‍ കൃഷി ചെയ്യുന്ന വിളകള്‍ അതേ പ്രദേശത്ത് കൃഷി ചെയ്യാന്‍ പറ്റാതെ വരും വിളവ് കുറവും, വളര്‍ത്തു മൃഗങ്ങളുടെ കാര്യവും ഇത് പോലെ തന്നെ. മുന്‍പ് പരിചയം ഇല്ലാത്ത രോഗങ്ങള്‍ മനുഷ്യനും മൃഗത്തിനും കൃഷിക്കും ഉണ്ടാകും. വെള്ളത്തെ ആശ്രയിച്ചിരുന്ന ടൂറിസം മാറേണ്ടി വരും, തീരപ്രദേശങ്ങളില്‍ കടലാക്രമണം കൂടും, സമുദ്രനിരപ്പുയരുമ്പോള്‍ ആളുകള്‍ മാറി താമസിക്കേണ്ടി വരും. നമ്മുടെ വലുതും ചെറുതും ആയ നഗരങ്ങളില്‍ വെള്ളക്കെട്ടും വെള്ളപ്പൊക്കവും സാധാരണമാകും. ചൂട് കൂടുന്നതോടെ വനത്തിലും, വന്യജീവികളും മാറ്റങ്ങള്‍ ഉണ്ടാകും, കാട്ടുതീ ഒക്കെ ഇപ്പോഴത്തേതിലും കൂടി വരും. ചൂടിന്റെ പ്രശ്‌നങ്ങള്‍ നാട്ടിലും ഉണ്ടാകും എന്നെല്ലാം നമ്മുടെ പ്ലാന്‍ പറയുന്നുണ്ട്.
പക്ഷെ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ എങ്ങനെ ആയിരിക്കും എന്നതിന്റെ പറ്റിയുള്ള ഒരു നല്ല മോഡല്‍ ഉണ്ടാക്കാതെ തയ്യാറാക്കിയതിനാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇതിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നത് വെറും ആയിരം കോടി രൂപയാണ് (അത് തന്നെ കിട്ടിയിട്ടും ഇല്ല). രണ്ടായിരത്തി എട്ടില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ സാമ്പത്തികശാസ്ത്രം പഠിച്ച പ്രൊഫസര്‍ നിക്കോളാസ് സ്റ്റണ്‍ പറഞ്ഞിരിക്കുന്നത് ഇനിയുള്ള കാലമത്രയും നമ്മുടെ ജി ഡി പി യുടെ ഒരു ശതമാനമെങ്കിലും കാലാവസ്ഥാവ്യതിയാനത്തെ തടയാനും അതോടൊപ്പം ജീവിച്ചുപോകാനുള്ള തയ്യാറെടുപ്പിനും ഉപയോഗിച്ചില്ലെങ്കില്‍ രണ്ടായിരത്തി അമ്പതാകുമ്പോഴേക്കും ജി ഡി പിയുടെ എട്ടു മുതല്‍ പതിനഞ്ചു ശതമാനം വരെ പ്രതിവര്‍ഷം കുറവുണ്ടാകുമെന്നാണ്. കേരളത്തിന്റെ ഇപ്പോഴത്തെ ജി ഡി പി ഏഴുലക്ഷം കോടിയിലും അധികമാണ്. അപ്പോള്‍ വര്‍ഷം ഏഴായിരം കോടി രൂപയെങ്കിലും ശരാശരി വകയിരുത്തിയാലേ പ്രശ്‌നത്തെ ഗൗരവമായി നേരിടാനാകൂ. ഇപ്പോഴത്തെ State Action Plan On Climte Change (SAPCC) മാറ്റിയെഴുതണം എന്നായിരുന്നു എന്റെ നിര്‍ദേശം (ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് പിന്നീട് ജോര്‍ജ്ജ് എന്നോട് പറഞ്ഞു).
കാലാവസ്ഥാവ്യതിയാനം നമ്മുടെ ആക്ഷന്‍ പ്ലാനില്‍ പറഞ്ഞിട്ടില്ലാത്ത വലിയൊരു സാമൂഹ്യപ്രശ്‌നം ഉണ്ടാക്കുമെന്ന കാര്യം ഞാന്‍ കാര്യകാരണസഹിതം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതമായി ലോകത്ത് ഏറെ ആളുകള്‍ സ്വന്തം നാട് വിടേണ്ടി വരും. ഇവരെ കാലാവസ്ഥാ കുടിയേറ്റക്കാര്‍ അല്ലെങ്കില്‍ കാലാവസ്ഥ അഭയാര്‍ത്ഥികള്‍ എന്നാണ് പറയുന്നത് (climate migrants, climate refugees). കേരളത്തില്‍ ഇവര്‍ രണ്ടുതരത്തിലുണ്ടാകും.
ഒന്നാമത് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന മറുനാടന്‍ തൊഴിലാളികളില്‍ ഏറെയും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ (വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍) ഉള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ആണെന്നാണ് Center for Migration and Inclusive Development നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. അപ്പോള്‍ മാറുന്ന കാലാവസ്ഥ കേരളത്തിലേക്കുള്ള തൊഴിലാളികളുടെ വരവ് കൂട്ടും, തിരിച്ചു പോക്ക് കുറക്കുകയും ചെയ്യും, അതേ സമയം ലോകം ഫോസില്‍ ഫ്യൂവലില്‍നിന്നും റിന്യൂവബിള്‍ ഊര്‍ജ്ജത്തിലേക്ക് മാറ്റുന്നതോടെ ഇപ്പോള്‍ എണ്ണയുല്‍പ്പാദനത്തിലൂടെ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥക്ക് കോട്ടം തട്ടും. ലക്ഷക്കണക്കിന് മലയാളികളുടെ തൊഴിലിനെ അത് ബാധിക്കും. വലിയ തിരിച്ചുവരവ് ഉണ്ടാകും. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും സമ്മര്‍ദ്ദത്തിലാഴ്ത്തും.
ആഗോളതാപനത്തിന്റെ ഇപ്പോള്‍ ലോകത്ത് കണ്ടു തുടങ്ങിയിട്ടുള്ളതും അത് കൊണ്ട് തന്നെ തര്‍ക്കമില്ലാത്ത ഒരു പ്രത്യാഘാതം മഴയുടെ സാന്ദ്രത കൂടുന്നതാണ്. കേരളത്തിലെ പല നഗരങ്ങളിലും മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഇനിയൊരു പതിവാകും. എന്നാല്‍ അവിടെയും നില്‍ക്കില്ല കര്യങ്ങള്‍. പതിവില്ലാത്ത വലിയ മഴയുണ്ടാകും, പണ്ട് ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലില്‍ (1099, മലയാള വര്ഷം) ഉണ്ടായതുപോലെ. അന്നത്തേതിലും മലയാളികളുടെ ജനസംഖ്യ പത്തിരട്ടിയായി, സമ്പത്ത് നൂറിരട്ടിയും. തൊണ്ണൂറ്റൊമ്പതില്‍ മലവെള്ളം കയറിയിടത്തെല്ലാം ഇപ്പോള്‍ വീടുകളും വിമാനത്താവളവും ഫാക്ടറികളും വന്നു. ഇനിയും തൊണ്ണൂറ്റൊമ്പതിലെ പോലെ വെള്ളപ്പൊക്കം ഉണ്ടാകും, കാലാവസ്ഥ വ്യതിയാനം അത് പഴയതിലും രൂക്ഷമാക്കും, അന്ന് ആള്‍ നാശവും അര്‍ത്ഥനാശവും എത്രയോ വലുതായിരിക്കും ?. ഗൂഗിള്‍ ഇമേജുകളുടെ സഹായത്തോടെ ആലുവാപ്പുഴയുടെ ഇരു കരകളിലെയും പുതിയ വികസനവും പഴയ ജലനിരപ്പും കാട്ടി ഈ വിഷയം ഞാന്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ഉളളവരുടെ ശ്രദ്ധയില്‍ കൊണ്ടുവാരാന്‍ ആ അവസരം ഉപയോഗിച്ചു (ഏറെ നാളായി ഞാന്‍ ഇവിടെ പറയുന്ന കാര്യമാണല്ലോ).
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചിന്തകളും സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങളും കാരണം പെട്രോളിന്റെ യുഗം അവസാനിച്ചുവെന്നും സോളാറിന്റെ യുഗം ആരംഭിച്ചുവെന്നും ഞാന്‍ പറഞ്ഞു. രണ്ടായിരത്തി ഇരുപത്തി അഞ്ചുമുതല്‍ തന്നെ പല ലോക രാജ്യങ്ങളിലും പെട്രോള്‍ ഡീസല്‍ കാറുകള്‍ നിര്‍മ്മാണം നിര്ത്തുകയാണ്. ഇതൊരു വലിയ അവസരം ആണ്, അത് നമുക്ക് ഉപയോഗിക്കാവുന്നതും ആണ്. പക്ഷെ ലോകത്തെവിടെയും സോളാര്‍ എനര്‍ജിയെപ്പറ്റി ഗൂഗിള്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് സോളാര്‍ പാനലുകളുടെയും പ്ലാന്റുകളുടെയും പടമാണെങ്കില്‍ കേരളത്തില്‍ കിട്ടുന്നത് വിവാദചിത്രങ്ങള്‍ ആണെന്ന് പറയണമെന്നുണ്ടായിരുന്നു. വാക്ക് ഔട്ട് പേടിച്ച് ഞാന്‍ എന്നെ നിയന്ത്രിച്ചു.
കാലാവസ്ഥാവ്യതിയാനം എന്ന ആഗോള പ്രതിഭാസത്തെ നേരിടാന്‍ കേരളം എന്ന ചെറിയ സംസ്ഥാനത്തിന് എന്തുചെയ്യാന്‍ കഴിയുമെന്ന നിര്‍ദ്ദേശങ്ങളോടെയാണ് പ്രസംഗം ഉപസംഹരിച്ചത്. അതിന്റെ ആമുഖമായി ഞാന്‍ ഒരു കാര്യം പറഞ്ഞു. കേരളം ഒരു ചെറിയ സ്ഥലമാണെന്ന ചിന്ത വെച്ചാണ് ഞാനും ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്നത്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തിലും താഴെയേ നമ്മള്‍ ഉള്ളു, വെറും നാല്‍പ്പതിനായിരം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും. എന്നാല്‍ ഐക്യരാഷ്ട്രസഭയിലെ 150 അംഗരാജ്യങ്ങളില്‍ കേരളത്തേക്കാള്‍ ജനസംഖ്യ കുറവാണ്. കേരളത്തേക്കാള്‍ വിസ്തീര്‍ണ്ണം കുറഞ്ഞ അമ്പത് രാജ്യങ്ങളെങ്കിലും ഉണ്ട്.
അതുകൊണ്ടുതന്നെ കേരളം ഒരു ചെറിയ സ്ഥലമാണെന്നും നമ്മുടെ പ്രവര്‍ത്തികള്‍ക്ക് ആഗോളപരമായ ഒരു പ്രസക്തിയുമില്ലെന്നുമുള്ള ചിന്ത ഉപേക്ഷിക്കണമെന്നും ഞാന്‍ പറഞ്ഞു. ആസ്‌ട്രേലിയ, മലേഷ്യ, ശ്രീലങ്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ജനസംഖ്യ നമ്മളെക്കാള്‍ കുറവാണ്. ലോകത്തിന് മാതൃകയായ അനവധി നയങ്ങള്‍ ഉള്ള നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ കൂട്ടി അതിലേക്ക് സിംഗപ്പൂരിലെ ജനങ്ങളെ എടുത്തിട്ടാലും കേരളത്തില്‍ അതിലും കൂടുതല്‍ ആളുകളുണ്ട്. അപ്പോള്‍ വാസ്തവത്തില്‍ വലിയ ഒരു സമൂഹത്തിന്റെ ഭാവിയാണ് എന്റെ മുന്നിലിരിക്കുന്ന മുഖ്യമന്ത്രിയും എം എല്‍ എ മാരും നിയന്ത്രിക്കുന്നത് എന്ന പ്രസ്താവന കേട്ട് അവര്‍ അത്ഭുതത്തോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു.
സംസ്ഥാന ഗവണ്‍മെന്റിന് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനും, ഒഴിവാക്കാനാവാത്തതുമായി ഒത്തുപോകാനുമുള്ള പത്തു കാര്യങ്ങളാണ് ഞാന്‍ സദസിന് മുന്നില്‍ വെച്ചത്. ഇത് അതിന്റെ പ്രായോഗിക ബുദ്ധിമുട്ടിന്റെ ക്രമത്തില്‍ പത്തു മുതല്‍ ഒന്നുവരെ കൗണ്ട് ഡൗണ്‍ ആയിരുന്നു.
10. കേരളത്തിലെ എല്ലാ എം എല്‍ എ മാരുടെയും (മന്ത്രിമാരുടേത് ഉള്‍പ്പെടെ) ഹരിത പാദമുദ്ര കണക്കുകൂട്ടുക. നമ്മള്‍ വിമാനത്തില്‍ കയറുമ്പോഴും വാഹനത്തില്‍ യാത്ര ചെയ്യുകയും എ സി ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നതിന് എവിടെയെങ്കിലും ഒക്കെ ഹരിതവാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. നമ്മള്‍ ഓരോരുത്തരുടെയും ഹരിത പാദമുദ്ര കണ്ടുപിടിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ഗൗരവമായി, വ്യക്തിപരമായി ചിന്തിക്കുന്നതിന്റെ ആദ്യപടിയാണ്. ഇത് കണ്ടുപിടിച്ചു കഴിഞ്ഞാല്‍ അതിനെ ഓഫ് സെറ്റ് ചെയ്യാന്‍ ഹരിതവാതകത്തെ ആഗിരണം ചെയ്യുന്ന എന്തെങ്കിലും ചെയ്യാം. (മരം നടുക, വീട്ടില്‍ ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കുക, സോളാര്‍ വൈദ്യുതി സ്ഥാപിക്കുക) അല്ലെങ്കില്‍ ഹരിതവാതകം ഉണ്ടാകുന്നത് കുറക്കാം (ജീവിത രീതി മാറ്റാം, കാറില്‍ പോകുന്നതിന് പകരം ട്രെയിനില്‍ പോകാം). ഇതൊക്കെ നിയമസഭ കൂട്ടായി ചെയ്താല്‍ അതിന് വ്യാപകമായ പബ്ലിസിറ്റി കിട്ടും, കൂടുതല്‍ ജനങ്ങള്‍ അറിയും. കേരളത്തിലെ ജനങ്ങളില്‍ ഒരു ശതമാനമെങ്കിലും ഹരിതവാതകത്തെപ്പറ്റി ചിന്തിക്കാനും അത് കുറച്ചുകൊണ്ടുള്ള ജീവിതരീതി അവലംബിക്കാനും ശ്രമിച്ചാല്‍ അത്രയും ആയല്ലോ.
9. കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ ഒരു മന്ത്രാലയമുണ്ടാക്കുക. ലോകത്തെ പതിനഞ്ചോളം രാജ്യങ്ങളില്‍ ഇപ്പോള്‍ കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ മാത്രം ഒരു മന്ത്രാലയമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഇതൊരു ചെറിയ വകുപ്പും ഇന്‍സ്റ്റിട്യൂട്ടും മാത്രമാണ്. മന്ത്രാലയം ഉണ്ടാകുന്നതിലൂടെ ഈ വിഷയത്തിന് വര്‍ദ്ധിച്ച ഗൗരവം കൈവരും, കൂടുതല്‍വിവരങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നും സംഭരിക്കാന്‍ കഴിയും, വിവിധ മന്ത്രാലയങ്ങള്‍ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ കാര്യമായെടുക്കാന്‍ അവസരമുണ്ടാകും. (ഇതിന് പറ്റിയ ഒരാളുടെ പേര് (എന്റെ തന്നെ) പറയണം എന്നുണ്ടായിരുന്നു. പക്ഷെ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകുമെന്നതിനാല്‍ മിണ്ടിയില്ല).
8. പുതിയ State Action Plan on Climate Change ഉണ്ടാക്കുക. പഴയ പ്ലാനിന്റെ പരിമിതികള്‍ പറഞ്ഞല്ലോ. കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി സാമൂഹ്യവിഷയങ്ങളില്‍ (അഭയാര്‍ഥികളുടെ പ്രശ്‌നം) കൂടി കൂട്ടിച്ചേര്‍ത്ത് വന്‍ ദുരന്തങ്ങളെ നേരിടാനുള്ള കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി ഡി പി യുടെ ഒരു ശതമാനമെങ്കിലും ഇനിയുള്ള ഓരോ വര്‍ഷവും ചെലവാക്കുന്ന മട്ടിലാകണം പുതിയ ആക്ഷന്‍ പ്ലാന്‍.
7. കാലാവസ്ഥാ സാക്ഷരത കൂട്ടുക. ക്ലൈമറ്റ് എന്ന വാക്കിന് ശരിയായ പരിഭാഷ പോലും ഇല്ല എന്ന് പറഞ്ഞല്ലോ. കേരളത്തിലെ ശരാശരിക്കരുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ചിന്ത ഇപ്പോഴും ആയിരത്തി തൊള്ളായിരത്തി എണ്‍പതിലെ പോലെയാണ്. (കാലാവസ്ഥ വ്യതിയാനം പാശ്ചാത്യര്‍ ഉണ്ടാക്കിയതാണ്. നമ്മുടെ വികസനം ഇതുപോലെ നടക്കണം, ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു നൂറ്റാണ്ടെങ്കിലും അകലെയാണ്. എനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാനില്ല). പക്ഷെ ഇതെല്ലാം മാറിക്കഴിഞ്ഞു. ഈ വിഷയത്തില്‍ ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ലോകത്തിലും ഉണ്ടായ മാറ്റങ്ങള്‍ മലയാളികളില്‍ എത്തിക്കണം. പാരീസ് ഉടമ്പടി ഉള്‍പ്പെടെയുള്ള പ്രധാന റിപ്പോര്‍ട്ടുകള്‍ തര്‍ജ്ജമ ചെയ്ത് എല്ലാവരിലുമെത്തിക്കുക, സ്‌കൂളിലും കോളേജിലും കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി പഠിപ്പിക്കുക. കലയിലും സിനിമയിലും ഒക്കെ കാലാവസ്ഥാവ്യതിയാനം വിഷയമാക്കാന്‍ പ്രോത്സാഹനം നല്‍കുക. ഇങ്ങനെയൊക്കെ ചെയ്ത് വേണം കേരളത്തിലെ കാലാവസ്ഥാ സാക്ഷരത വര്‍ദ്ധിപ്പിക്കാന്‍.
6. കാലാവസ്ഥാ ഗവേഷണത്തില്‍ പണം മുടക്കുക. കേരളത്തില്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. തിരുവനന്തപുരത്തുള്ള കിഴങ്ങ് ഗവേഷണകേന്ദ്രം മുതല്‍ കാസര്‍ഗോഡ് അടക്ക ഗവേഷണകേന്ദ്രം വരെ ഇരുപതോളം സ്ഥാപനങ്ങളില്‍ കാലാവസ്ഥാ ഗവേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ പരസ്പരം സഹകരണമോ സംസാരമോ ഇല്ല. ഓരോരുത്തരും അവര്‍ക്ക് ലഭ്യമായ വിഭവങ്ങളും താല്പര്യമുള്ള മേഖലയും വെച്ച് 'ചെറുകിട' ഗവേഷണമാണ് നടത്തുന്നത്. ആഗോളതാപനം കേരളത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും അടിസ്ഥാനമായി ഉപയോഗിക്കാവുന്ന ഒരു നല്ല മോഡല്‍ പോലും ഇന്നുവരെ ഉണ്ടായിട്ടില്ല. കാലാവസ്ഥാവ്യതിയാന പഠനത്തിനായി പുതിയൊരു ഇന്‍സ്റ്റിറ്റ്യൂട്ട് വന്നിട്ടുണ്ടെങ്കിലും അവര്‍ക്ക് ഇപ്പോഴും ആവശ്യമായ സ്റ്റാഫോ പണമോ ലഭ്യമല്ല. ഹരിയാനയിലെ ദേശീയ പോത്തുഗവേഷണ കേന്ദ്രത്തിന് വര്‍ഷത്തില്‍ മുപ്പതുകോടി രൂപ കര്‍മ്മപദ്ധതിയുണ്ട്. നൂറ്റിയെണ്‍പത് ശാസ്ത്രജ്ഞന്മാരും. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം തുടങ്ങിയിരിക്കുന്ന കാലാവസ്ഥാവ്യതിയാന സ്ഥാപനം നമ്മുടെ അഭിമാനവും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമാകണമെങ്കില്‍ പോത്തുഗവേഷണത്തിന് ചിലവാക്കുന്ന അത്രയും പണമെങ്കിലും ഇവിടെ ചിലവാക്കണമെന്ന് ഒരു പോത്തിന്റെ ചിത്രം ഉള്‍പ്പെടെ ഞാന്‍ പറഞ്ഞുനിര്‍ത്തി.
5. നമ്മുടെ ഭാവി പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജ്ജത്തിലാണ്. പെട്രോളിന്റെയും കരിയുടെയും കാലം കഴിഞ്ഞുവെന്നും സോളാര്‍ ഉള്‍പ്പെടയുള്ള രംഗത്താണ് ഊര്‍ജ്ജമേഖലയുടെയും സുരക്ഷയുടെയും ഭാവി കിടക്കുന്നതെന്നും ആയിരുന്നു അടുത്ത പോയിന്റ്. മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും സൂര്യപ്രകാശമുള്ള കേരളത്തില്‍ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന ജനസംഖ്യയുള്ള നാട്ടില്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിന് വലിയ സാധ്യതകളുണ്ട്. പോരാത്തതിന് ഈ വിഷയത്തിലെ എഞ്ചിനീയറിംഗ്, ടെക്‌നിഷ്യന്‍ മാനുഫാക്ച്ചറിംഗ് രംഗത്തെല്ലാം കേരളത്തിന് മുന്‍കൈ നേടാന്‍ കഴിയും എന്ന് ചൈനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. ഫ്രാന്‍സില്‍ പുതുതായി ഉണ്ടാക്കുന്ന ഓരോ കെട്ടിടത്തിനും സോളാര്‍ റൂഫ് നിയമം മൂലം നിര്‍ബന്ധമാക്കുന്നത് പോലെ കേരളത്തിലും പുതിയതും പഴയതുമായ സര്‍ക്കാര്‍ സ്വകാര്യ കെട്ടിടങ്ങളില്‍ സോളാര്‍ കൊണ്ടുവരുന്നതിന് നിയമവും പ്രോത്സാഹനവും വേണമെന്ന് ഞാന്‍ എടുത്തുപറഞ്ഞു.
4. ഹരിതമായ നിര്‍മ്മാണം: കെട്ടിടങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും ആണ് ഹരിതവാതകങ്ങള്‍ ഉണ്ടാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത്. കേരളത്തില്‍ ആകട്ടെ കെട്ടിട നിര്‍മ്മാണം ഒരു ആഘോഷം ആണ്. ഇതില്‍ത്തന്നെ ലക്ഷക്കണക്കിന് കെട്ടിടങ്ങള്‍ വെറുതെ ഉണ്ടാക്കിയിട്ടിരിക്കുകയാണ്. നിര്‍മ്മാണരംഗത്ത് UK ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൊണ്ടുവന്നിട്ടുള്ള sustainable construction മാതൃകകള്‍ കേരളം സ്വീകരിക്കേണ്ടതാണെന്നായിരുന്നു എന്റെ നിര്‍ദ്ദേശം.
3. പ്രകൃതിയോടൊത്ത് നിര്‍മ്മിക്കുക: (Building with Nature) കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ കാണാന്‍ പോകുന്നത് നമ്മുടെ കടല്‍ത്തീരത്തും മലകളിലും ആണ്. കടലാക്രമണം വര്‍ധിക്കും, ജലനിരപ്പ് ഉയരും, വലിയ മഴയും ഉരുള്‍പൊട്ടലും സര്‍വസാധാരണമാകും. ഇപ്പോഴത്തെ പോലെ കടല്‍ഭിത്തി കെട്ടി സംരക്ഷിക്കുക എന്നത് സമൂഹത്തിന് താങ്ങാന്‍ പറ്റാതെവരും. പ്രകൃതിയോടൊത്ത് പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയുടെ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന പുതിയ രീതിയാണ് കാലാവസ്ഥാവ്യതിയാനം കൊണ്ട് ഏറെ ബുദ്ധിമുട്ടാന്‍ പോകുന്ന രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഈ മേഖലയിലെ സാങ്കേതികവിദ്യയില്‍ മുന്നിട്ടുനില്‍ക്കുന്നത് നെതര്‍ലാന്‍ഡ് ആണ്. അവര്‍ അമേരിക്കയിലും വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും ഉള്‍പ്പെടെ ധാരാളം രാജ്യങ്ങളില്‍ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്. കേരളത്തില്‍ ഇതിന്റെ സാദ്ധ്യതകള്‍ പഠിക്കാനും ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കണം. നമ്മുടെ എഞ്ചിനീര്‍മാരെ പഴഞ്ചന്‍ കോണ്‍ക്രീറ്റില്‍ നിന്നും മോചിപ്പിക്കുകയും വേണം.
2. ജലത്തിന് വികസിക്കാന്‍ സ്ഥലം കൊടുക്കുക: (Making Space for Water) ലോകത്ത് എല്ലായിടത്തും തന്നെ നഗരങ്ങള്‍ ഉണ്ടായത് കടല്‍ത്തീരത്തോ നദിയുടെ തീരത്തോ ആണ്. മനുഷ്യന്റെ ആവശ്യത്തിനു വേണ്ടി നദിയെ ഭിത്തികള്‍ക്കുള്ളില്‍ ഒതുക്കി, കടലിനെ മതില്‍ കെട്ടി തടഞ്ഞുനിറുത്തി അതിന്റെ പുറകിലാണ് മനുഷ്യന്‍ നഗരങ്ങളും വികസനവും ഉണ്ടാക്കിയത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പുതിയ ലോകത്ത് വെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ ഇന്നത്തെ മതിലുകള്‍ പോരാതെവരും. ഇത് പതുക്കെ നമുക്ക് വേണമെങ്കില്‍ ഉയര്‍ത്തിക്കൊണ്ടുവരാം. പ്രകൃതിയോടുള്ള ഈ മത്സരത്തില്‍ മനുഷ്യന്‍ തോല്‍ക്കുകയെ ഉള്ളു, സംശയമില്ല. അതിനാല്‍ വര്‍ഷത്തിലൊരിക്കലോ പല വര്‍ഷങ്ങളിലൊരിക്കലോ വര്‍ദ്ധിച്ചുവരുന്ന വെള്ളത്തിന് കയറിക്കിടക്കാന്‍ കുറച്ച് സ്ഥലം ബാക്കിവെക്കുക എന്ന തന്ത്രമാണ് ലോകം പുതിയതായി ആസൂത്രണം ചെയ്യുന്നത്. നഗരത്തിനു മുന്‍പ് നദിക്ക് വികസിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ ബാക്കിവെക്കുക, നഗരത്തിനടുത്ത് നദിക്കരയില്‍ പാര്‍ക്കുകളും ഫുട്‌ബോള്‍ ഗ്രൗണ്ടും നടപ്പാതകളും ഒരുക്കി ജനങ്ങളെ അല്പം പിന്നിലേക്ക് മാറ്റുക എന്നതൊക്കെയാണ് പുതിയ രീതി. ഒന്നോരണ്ടോ ദിവസമോ കൂടിയാല്‍ ഒരാഴ്ചയോ കിടന്നിട്ട് വെള്ളം അതിന്റെ വഴിക്ക് പോകും. കയറിയ വെള്ളം ഈ സമയംകൊണ്ട് ഭൂഗര്‍ഭജലത്തെ ഉയര്‍ത്തും, കരയിലെ ഫലഫൂയിഷ്ടത കൂടും. വെള്ളത്തിന് കയറിക്കിടക്കാന്‍ ഇടം നല്‍കുന്ന വികസനമേ നിലനില്‍ക്കുകയുള്ളൂ.
1. സ്ഥലവിനിയോഗത്തിന്റെ പ്ലാനിംഗ്: (Landuse Planning) കേരളത്തിന്റെ വികസനത്തെ ഇപ്പോള്‍ മുരടിപ്പിക്കുന്നതിന്റെ ഒന്നാമത്തെ കാരണം നമ്മുടെ സ്ഥലവിനിയോഗത്തിലുള്ള നിയന്ത്രണം ഇല്ലായ്മയാണ്. ഇതിന്റെ ഫലമായി നമ്മുടെ ഭൂമിയെ തുണ്ടുതുണ്ടാക്കി അത് വിറ്റും വാങ്ങിയും നമ്മുടെ പണം മുഴുവന്‍ നാം ഭൂമിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. കേരളത്തിന് ഭൂമിയുടെ കുറവുണ്ട് എന്ന മിഥ്യാധാരണ എങ്ങനെയോ വന്നുപെടുകയും ചെയ്തിരിക്കുന്നു. വാസ്തവത്തില്‍ സ്ഥിതി മറിച്ചാണ്. കൃഷിക്കാണെങ്കിലും വീട് വെക്കാനാണെങ്കിലും നമുക്ക് ഇരുപത് വര്‍ഷത്തേക്ക് കുറച്ച് ഭൂമി മതി. ഒരു പതിറ്റാണ്ടില്‍ ഇരുപത്തിയഞ്ചു ശതമാനം എന്ന കണക്കിലാണ് കേരളത്തില്‍ നഗരവല്‍ക്കരണം. ഇപ്പോള്‍ത്തന്നെ കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലേറെ നഗരത്തിലാണ്. അവിടെ വീടുകള്‍ക്ക് പകരം നഗരം മുകളിലേക്ക് വളരുന്നു, ഭൂമിയുടെ ആവശ്യം കുറയുന്നു. ഭൂമിയും വീടും ഊഹക്കച്ചവട വസ്തുവാകുന്നതു കൊണ്ടു മാത്രമാണ് കേരളത്തില്‍ ഭൂമിക്കും വീടിനും വിലയുള്ളത്. ഈ നീരാളിപ്പിടുത്തത്തെ മാറ്റിമറിക്കാനുള്ള അവസരമാണ് കാലാവസ്ഥാവ്യതിയാനം. രണ്ടായിരത്തി അന്‍പത് ആകുമ്പോഴേക്കും നമ്മുടെ ജനം ബഹുഭൂരിപക്ഷവും നഗരത്തിലെത്തും, ഇന്നത്തേതിലും വളരെ കുറച്ച് ഭൂമി മതി അന്ന് നമുക്ക് താമസിക്കാനും കൃഷി ചെയ്യാനും. ബാക്കിയുള്ള ഭൂമിയെ പ്രകൃതിക്കിണങ്ങിയ രീതിയിലുള്ള ഉപയോഗത്തിന് പ്ലാന്‍ ചെയ്താല്‍ത്തന്നെ കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ നമുക്ക് എളുപ്പത്തില്‍ സാധിക്കും. ഇത് പക്ഷെ, രാഷ്ട്രീയപരമായി വലിയ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്. സ്ഥലവിനിയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഏതു തീരുമാനത്തിനും രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങളുണ്ടാകും. അതേസമയം ഈ തീരുമാനങ്ങള്‍ തീര്‍ച്ചയായും എടുക്കേണ്ടതുമാണ്.
ഈ രണ്ടായിരത്തി അന്‍പത് എന്നത് അത്ര ദൂരെയൊന്നുമല്ല. രണ്ടായിരത്തി പതിനേഴില്‍ നിന്നും രണ്ടായിരത്തി അമ്പതിലേക്കുള്ള ദൂരം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍നിന്നും രണ്ടായിരത്തി പതിനേഴിലേക്കുള്ളതാണെന്ന നിസാരമായ കണക്കാണ് ഞാന്‍ അവസാനം അവതരിപ്പിച്ചത്. രാഷ്ട്രീയമായി നോക്കിയാല്‍ രണ്ടായിരത്തി അന്‍പത് വളരെ ദൂരെയാണ്. പക്ഷെ, സഭയിലുള്ളവരില്‍ ബഹുഭൂരിപക്ഷവും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതും ഭോപ്പാല്‍ ദുരന്തവും ഒക്കെ ഓര്‍ക്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതില്‍ നിന്നും വളരെ വേഗത്തില്‍ രണ്ടായിരത്തി അന്‍പത് നമ്മുടെ മുന്നിലെത്തും. അന്നത്തെ തലമുറ നിങ്ങളോട് ചോദിക്കും, എന്തുകൊണ്ടാണ് ശരിയായ തീരുമാനങ്ങള്‍ രണ്ടായിരത്തി പതിനേഴില്‍ എടുക്കാത്തതെന്ന്. എന്തിന്, രണ്ടായിരത്തി അന്‍പതിലെ കേരള അസംബ്ലിയില്‍ ഇന്നിവിടെയിരിക്കുന്ന കുറെ പേരെങ്കിലും കാണും. അവരൊക്കെ വ്യക്തിപരമായി ഉത്തരം പറയേണ്ടിവരുമെന്നും ഞാന്‍ പറഞ്ഞുനിര്‍ത്തി.
നിറഞ്ഞ കൈയടിയോടെയാണ് പ്രസംഗത്തെ സഭ സ്വീകരിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രണ്ടുമണിക്കൂറും പ്രസംഗം കേട്ടിരുന്നു. ഇടക്ക് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. പ്രസംഗത്തിനു ശേഷവും ഏറെ ചോദ്യങ്ങളുണ്ടായി. വിഷയത്തില്‍ നമ്മുടെ സാമാജികര്‍ക്ക് താത്പര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. ശ്രീ നാണുമാസ്റ്റര്‍, ശ്രീ ശശീന്ദ്രന്‍, ശ്രീമതി വീണാ ജോര്‍ജ്, ശ്രീമതി മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരെല്ലാം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ദുരന്തസാധ്യതകളെപ്പറ്റിയും ചോദ്യങ്ങളും അഭിപ്രായങ്ങളും ഉന്നയിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നാല് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടര്‍മാര്‍ എത്തിച്ചേര്‍ന്നുവെങ്കിലും സമയം വൈകിയതിനാലും എനിക്ക് സുരക്ഷിതമായി എറണാകുളത്ത് എത്തേണ്ടതിനാലും (സിദ്ധാര്‍ത്ഥിന്റെ പിറന്നാള്‍) 8.35 ന് യോഗം അവസാനിപ്പിച്ചു.
പ്രസംഗം കഴിഞ്ഞ് എന്നെ നേരിട്ടുവന്ന് ആദ്യം അഭിനന്ദനം അറിയിച്ചത് കായംകുളം എം എല്‍ എ ശ്രീമതി പ്രതിഭ ഹരിയാണ്. 'സിംപിള്‍ ആയിരുന്നു സര്‍, നന്നായിരുന്നു' എന്ന് കൈപിടിച്ചു കുലുക്കി അവര്‍ പറഞ്ഞു. 'ഓ, ചുമ്മാ സുഖിപ്പിക്കാന്‍ പറയുന്നതാ ചേട്ടാ, ഇവിടെ ആര് വന്നാലും ഇവര്‍ ഇതുതന്നെയാണ് പറയുന്നത്' എന്ന് പറഞ്ഞു സുഹൃത്ത് ബല്‍റാം എന്റെ കാലു വാരി.
കേരളത്തിലെ മന്ത്രിമാരെപ്പറ്റിയുള്ള എന്റെ ഒരു പരാതി വിദഗ്ദ്ധരുടെ അടുത്തുനിന്ന് കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ വേണ്ടത്ര സമയം ചിലവാക്കുന്നില്ല എന്നതായിരുന്നു. ചൈനയിലും ജപ്പാനിലും യൂറോപ്പിലും മന്ത്രിമാര്‍ പ്രധാനമന്ത്രിമാര്‍ പോലും, ഒന്നോ രണ്ടോ മണിക്കൂര്‍ നമ്മോടൊപ്പം ചിലവാക്കുമ്പോള്‍ കേരളത്തില്‍ എനിക്ക് ഇതുവരെ കിട്ടിയിരുന്ന ശരാശരി 'attention span' അഞ്ചുമിനിട്ടില്‍ താഴെയാണ്. ഇതില്‍നിന്നുള്ള മാറ്റം ശരിയായ ദിശയിലാണ്. വരുംനാളുകളില്‍ കേരളത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരും അല്ലാത്തവരുമായ വിദഗ്ദ്ധരില്‍ നിന്നും വിഭിന്ന വിഷയങ്ങളില്‍ ഇങ്ങനെ ഒരു പ്രഭാഷണങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ എന്റെ പ്രസംഗം ഉപകരിച്ചെങ്കില്‍ അതുതന്നെയാണ് എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്നത്.
കേരളത്തിനും പുറത്തും ഉള്ള വിദഗ്ദ്ധരോടും എനിക്കൊരു വാക്ക് പറയാനുണ്ട്. 'കേരളത്തില്‍ ഒന്നും നടക്കില്ല' എന്ന് അവിടെയും ഇവിടെയും ഒക്കെയിരുന്നു പറയാതെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്ളവര്‍ അത് ഭരണനേതൃത്വത്തെ അറിയിക്കാന്‍ ശ്രമിക്കണം, ശ്രദ്ധിക്കാന്‍ അവര്‍ തീര്‍ച്ചയായും തയ്യാറാണ്. അതിനുള്ള ഒരു സ്ഥിരം സംവിധാനം എങ്ങനെ ഉണ്ടാക്കാന്‍ പറ്റും എന്നൊക്കെയായിരുന്നു ഞാന്‍ ചിന്തിച്ചത്.
സഭക്കകത്തും പുറത്തും രാഷ്ട്രീയം കത്തി നിന്ന ഒരു ദിവസത്തിലും കേരളത്തിലെ ഭരണനേതൃത്വവും ഭരണ പ്രതിപക്ഷഭേദമന്യേ എം.എല്‍.എ മാരില്‍ ഭൂരിഭാഗവും പ്രസക്തമായ ഒരു വിഷയത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ എത്തിയല്ലോ എന്നുമുള്ള സന്തോഷകരമായ ചിന്തയോടെയാണ് ഞാന്‍ തിരിച്ച് എറണാകുളത്തേക്ക് പോന്നത്.
എന്റെ എത്ര നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് കാത്തിരുന്നു കാണാം. ഇല്ലെങ്കില്‍ ഒരു വരവുകൂടി വരേണ്ടിവരും. ആ വരവ് പുറകിലെ വാതിലില്‍ കൂടി ആവില്ല കേട്ടോ.
(ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്)


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: