വരട്ടാറിന്റെ പുനര്‍ജന്മത്തിന് മഴയത്ത് 'പുഴനടത്തം'; നയിച്ചത് മന്ത്രിമാര്‍

By: എസ്.ഡി. വേണുകുമാര്‍
ചെങ്ങന്നൂര്‍:നീരുവറ്റി വിണ്ടുകീറി വരട്ടാര്‍. മൂന്നു പതിറ്റാണ്ടിലേറെയായി മരണക്കിടക്കയിലായിരുന്ന ഈ ചെറുനദിയെ വീണ്ടെടുക്കാനുള്ള യജ്ഞത്തിന് തിങ്കളാഴ്ച ആവേശകരമായ തുടക്കം.വരട്ടാറിന്റെ ആദിമുതല്‍ അവസാനംവരെ നീണ്ട പുഴനടത്തത്തോടെയാണ് നദീപുനരുജ്ജീവനത്തിന് തുടക്കമിട്ടത്. നയിക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും. അകമ്പടിക്ക് മഴയും. ആവേശവുമായി നൂറുകണക്കിനാളുകളും.വരട്ടാറും അതുതുടങ്ങുന്ന ആദിപമ്പയുംകൂടി പതിമ്മൂന്ന് കിലോമീറ്റര്‍. ആദിപമ്പയുടെ തുടക്കത്തില്‍നിന്ന് തിങ്കളാഴ്ച രാവിലെ ഏഴേകാലിനാണ് നടത്തം തുടങ്ങിയത്. ഇരമല്ലിക്കര വാളാത്തോട്ടില്‍ അവസാനിച്ചപ്പോള്‍ മണി മൂന്നായി. പുഴനടത്തത്തിന് ആദ്യമെത്തിയത് മന്ത്രി തോമസ് ഐസക്. എം.എല്‍.എ.മാരായ കെ.കെ. രാമചന്ദ്രന്‍നായരെയും വീണാ ജോര്‍ജിനെയും കൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് നേരത്തെ നടത്തം തുടങ്ങി.
വരട്ടാറിന്റെ ഉദ്ഭവസ്ഥാനമായ പുതുക്കുളങ്ങരയില്‍ എത്തിയപ്പോഴേക്കും മഴയ്ക്ക് വീര്യംകൂടി. ഇതിനകം മന്ത്രി മാത്യു ടി. തോമസ്, രാജു എബ്രഹാം എം.എല്‍.എ., ടി.എന്‍. സീമ തുടങ്ങിയവരും എത്തി. മഴയെ അതിന്റെ വഴിക്കുവിടാം, നടത്തം ആരംഭിക്കാമെന്നായി തോമസ് ഐസക്. കടുത്ത പനിയുമായിട്ടാണ് വന്നിരിക്കുന്നതെന്ന് മാത്യു ടി. തോമസ്. ഒന്‍പതരയായപ്പോള്‍ യോഗം തുടങ്ങി.''ഇന്ന് പമ്പാകര്‍മപദ്ധതിക്കാണ് ഇവിടെ തുടക്കംകുറിക്കുന്നത്. പമ്പയുടെ ഏറ്റവും മൃതപ്രായമായ ഭാഗം പുനരുജ്ജീവിപ്പിക്കാന്‍ പോകുകയാണ്. ഇത് വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയംവേണ്ട''- തോമസ് ഐസക്കിന്റെ വാക്കുകളെ കൈയടിയോടെ ജനക്കൂട്ടം എതിരേറ്റു. തുടര്‍ന്ന് വരട്ടാര്‍ പുനരുജ്ജീവന യജ്ഞത്തിന് ആശംസകള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാലിന്റെ ശബ്ദരേഖ ഉച്ചഭാഷിണിയില്‍. എങ്ങും ആഹ്ലാദാരവങ്ങള്‍.പനിയെയും മഴയെയും വകവെയ്ക്കാതെ ജനത്തിനൊപ്പം മുഴുവന്‍ദൂരവും നടക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്. പനിയാണെങ്കില്‍ മടങ്ങുന്നതാണ് നല്ലത്, തന്നോട് മത്സരിക്കേണ്ടെന്നുപറഞ്ഞ് മന്ത്രി ഐസക് മഴയത്തേക്കിറങ്ങി. ഒപ്പം മാത്യു ടി. തോമസും ജനപ്രതിനിധികളും ജനക്കൂട്ടവും.
വരട്ടാറിന്റെ തീരത്ത് കാടുവെട്ടിത്തെളിച്ച നടപ്പാതകളിലൂടെയുള്ള യാത്ര നേതാക്കള്‍ നയിച്ചു. പിന്നാലെ വഞ്ചിപ്പാട്ടുമായി ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിലെ 'മാതൃഭൂമി സീഡ്' വിദ്യാര്‍ഥിനികളും. പെണ്‍കുട്ടികളുടെ വഞ്ചിപ്പാട്ട് ആവേശംപകര്‍ന്നതോടെ ആള്‍ക്കൂട്ടം ഏറ്റുപാട്ടുമായി കൂടെക്കൂടി. രണ്ടുകിലോമീറ്റര്‍ പിന്നിട്ട് പരുമൂട്ടില്‍ കടവിലെത്തിയപ്പോള്‍ കപ്പ പുഴുങ്ങിയതും ചുക്കുകാപ്പിയും.ഇതിനിടെ വഴുക്കലില്‍ വീണാ ജോര്‍ജ് തെന്നിവീണു. ഉടന്‍ വന്നു കമന്റ്- ഇത് 'വീണ ജോര്‍ജ്'. യാത്ര ഏഴുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും മന്ത്രി ഐസക്കിന് കിതപ്പും നടപ്പില്‍ പന്തികേടും. പെട്ടെന്ന് ഓട്ടോറിക്ഷ എത്തിച്ച് മന്ത്രിയെ വിശ്രമിക്കാന്‍വിട്ടു. അടുത്തുള്ള ഡോക്ടര്‍ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും പരിശോധിച്ചു. പ്രശ്‌നമില്ലെന്ന് അറിഞ്ഞപ്പോള്‍ അരമണിക്കൂറിനകം മന്ത്രി വീണ്ടും എത്തി.തലയാര്‍ വഞ്ചിമൂട്ടില്‍ കടവില്‍ മഴ വീണ്ടും കനത്തു. നന്നാട്ട് ക്‌നാനായ പള്ളി പാരിഷ്ഹാളില്‍ മണ്‍ചട്ടിയില്‍ കഞ്ഞിയും കടുമാങ്ങയുമായി ഉച്ചഭക്ഷണം. വരട്ടാര്‍ അവസാനിക്കുന്ന ഇരമല്ലിക്കര വാളാത്തോട്ടില്‍ യാത്ര അവസാനിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ കാണാം:


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: