പരിസ്ഥിതി മന്ത്രാലയം പുതിയ തണ്ണീര്‍ത്തട നിയമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ നീര്‍ത്തട സംരക്ഷണ നിയമം- 2017 പ്രഖ്യാപിച്ചു. വ്യവസായ അവശിഷ്ടങ്ങളും നീര്‍ത്തടങ്ങളില്‍ നിക്ഷേപിക്കുന്നത് നിരോധിച്ചുകൊണ്ടും പരിസ്ഥിതിയ്ക്ക് ദോഷംവരുത്തുന്ന മറ്റുനടപടികള്‍ തടഞ്ഞുകൊണ്ടുമുള്ളതാണ് നിയമം.
2010ലെ നിയമം പരിഷ്‌കരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പഴയ നിയമത്തിലെ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ളതാണ് ഇത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നീര്‍ത്തടങ്ങള്‍ നിശ്ചയിക്കാനും സംരക്ഷിക്കാനും പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്. ഇതിനായി സംസ്ഥാനം, കേന്ദ്രഭരണപ്രദേശം എന്നീ തലങ്ങളില്‍ നീര്‍ത്തട അതോറിറ്റിയും കേന്ദ്ര നീര്‍ത്തട സമിതിയും രൂപവത്കരിക്കാനും നിയമം വ്യവസ്ഥചെയ്യുന്നു. നീര്‍ത്തട സംരക്ഷണം മുന്‍നിര്‍ത്തി ഒരു വെബ് പോര്‍ട്ടല്‍ ആരംഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
തണ്ണീര്‍ത്തടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കല്‍, കയ്യേറല്‍, പുതിയ വ്യവസായങ്ങള്‍ ആരംഭിക്കലും നിലവിലുള്ള വ്യവസായങ്ങള്‍ വ്യാപിക്കലും, മാലിന്യങ്ങള്‍ നിക്ഷേപിക്കല്‍, അപകടകരമായ രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ചെല്ലാം നിയമത്തില്‍ വ്യവസ്ഥകളുണ്ട്.
ഇതുവരെ പരിസ്ഥിതി മന്ത്രാലയം കേന്ദ്ര തണ്ണീര്‍ത്തട സംരക്ഷണ പരിപാടി (എന്‍ഡബ്ല്യുസിപി)യുടെ ഭാഗമായി 24 സംസ്ഥാനങ്ങളിലായി 115 തണ്ണീര്‍ത്തടങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൂടുതല്‍ കാര്യക്ഷമമായി തണ്ണീര്‍ത്തട സംരക്ഷണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2010ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം പരിഷ്‌കരിച്ചതെന്നും പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: