തെക്കന്‍ വയനാട്ടില്‍ റിപ്ലിമൂങ്ങയടക്കം 118 ഇനം പക്ഷികളെ കണ്ടെത്തി

കല്പറ്റ:തെക്കെ വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ നടത്തിയ മഴക്കാല പക്ഷി സര്‍വേയില്‍ അപൂര്‍വമായ റിപ്ലിമൂങ്ങയടക്കം 118 ഇനം പക്ഷികളെ കണ്ടെത്തി. വെള്ളരിമലനിരകളിലാണ് റിപ്ലിമൂങ്ങയെ കണ്ടത്. സംസ്ഥാന വനംവകുപ്പ്, ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, ഫോറസ്ട്രി കോളേജ് എന്നിവയുടെ നേതൃത്വത്തിലാണ് പക്ഷിസര്‍വേ നടത്തിയത്.തെക്കെ വയനാട്ടിലെ വെള്ളരിമല, എളമ്പിലേരി മല, ചേമ്പ്രമല, മണ്ടമല, വണ്ണാത്തിമല, കുറിച്യര്‍മല, ഈശ്വരമുടി, ബാണാസുരന്‍മല എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ എട്ടു മുതല്‍ പത്തു വരെ സര്‍വേ നടന്നത്. കേരളം കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 35 പക്ഷിനിരീക്ഷകരാണ് സര്‍വേയില്‍ പങ്കെടുത്തത്.കേരളത്തില്‍ വളരെ അപൂര്‍വമായ റിപ്ലിമൂങ്ങയെ (ശ്രീലങ്കന്‍ ബേ ഔള്‍) തൊള്ളായിരം മലയിടുക്കകളിലെ കാടുകളില്‍ കണ്ടെത്തി. ഉയരംകൂടിയ പുല്‍മേടുകളില്‍ മാത്രം കാണുന്ന നെല്‍പ്പൊട്ടന്‍, പോതക്കിളി എന്നിവയെ ചെമ്പ്ര, വണ്ണാത്തിമല, കുറിച്ച്യര്‍മല, ബാണാസുരന്‍മല എന്നിവിടങ്ങളിലെ പുല്‍മേടുകളില്‍ ധാരാളമായി കണ്ടെത്തി.ഒമ്പത് ഇനം പരുന്തുകള്‍, ഏഴ് ഇനം ചിലപ്പന്മാര്‍, അഞ്ച് ഇനം പ്രാവുകള്‍, അഞ്ച് ഇനം മരംകൊത്തികള്‍, ആറിനം ബുള്‍ബുളുകള്‍, 16 ഇനം നീര്‍പ്പക്ഷികള്‍ എന്നിവയെ സര്‍വേയില്‍ കണ്ടെത്തി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ വലിയ നീര്‍കാക്ക, ചെറിയ നീര്‍കാക്ക, കിന്നരിനീര്‍കാക്ക, ചോരക്കോഴി, പുള്ളിച്ചുണ്ടന്‍ താറാവ് എന്നിവയെ കണ്ടെത്തി.ഡി.എഫ്.ഒ. അബ്ദുള്‍ അസീസ്, റേഞ്ച് ഓഫീസര്‍മാരായ പി.കെ. അനൂപ്കുമാര്‍, ബി. ഹരിചന്ദ്രന്‍, ഡെപ്യൂട്ടി റേഞ്ചര്‍ ആസിഫ്, സെക്ഷന്‍ ഓഫീസര്‍ കെ.ഐ.എം. ഇക്ബാല്‍, പ്രശാന്ത് എസ്. പ്രഭാകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പക്ഷിനിരീക്ഷകരായ ഡോ. ആര്‍.എല്‍. രതീഷ്, ശ്വേതാ ഭാരതി, സഹന, അരുണ്‍ ചുങ്കപ്പള്ളി, അരവിന്ദ് അനില്‍, രാഹുല്‍ രാജീവന്‍, മുഹമ്മദ് അസ്ലം, വി.കെ. അനന്തു, മുനീര്‍ തോല്‍പ്പെട്ടി, അനുശ്രീഭ, ഷബീര്‍ തുംക്കല്‍, സബീര്‍ മമ്പാട്, ശബരിജാനകി എന്നിവര്‍ പക്ഷിനിരീക്ഷണത്തിന് നേതൃത്വം നല്‍കി.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: