ബയോടെക്‌നോളജി സംയുക്ത പ്രവേശനപരീക്ഷ

പ്രതീകാത്മക ചിത്രം
വിവിധ സര്‍വകലാശാലകളിലെ ബയോടെക്‌നോളജി (എം.എസ്സി, എം.ടെക്) പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല നടത്തുന്ന മൂന്നു പരീക്ഷകള്‍ ഡിസംബര്‍ 30 ന്.

ബയോടെക്‌നോളജി എം.എസ്സി. പ്രോഗ്രാമിലെ പ്രവേശനത്തിനുള്ള പരീക്ഷ രാവിലെ 9 മുതല്‍ 12 വരെയും ബയോടെക്‌നോളജി എം.ടെക്. പ്രോഗ്രാമിലെ പ്രവേശനപരീക്ഷ ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയും നടത്തും. എം.എസ്സി  അഗ്രികള്‍ച്ചറല്‍ ബയോടെക്‌നോളജി, ആനിമല്‍ ബയോടെക്‌നോളജി  എം.വി.എസ്.സി. എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയും ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചു മണിവരെ. 

എം.എസ്സി ബയോടെക്‌നോളജി

ജെ.എന്‍.യു, കാലിക്കറ്റ്, ബനാറസ് ഹിന്ദു സര്‍വകലാശാലകള്‍ അടക്കം 32 സര്‍വകലാശാലകളിലെ എം.എസ്സി. ബയോടെക്‌നോളജി പ്രോഗ്രാമുകളാണ് ആദ്യ പരീക്ഷയുടെ പരിധിയില്‍വരുന്നത്. 

വിഷയങ്ങള്‍: മറൈന്‍, ബയോറിസോഴ്‌സസ്, മോളിക്യൂളാര്‍ ആന്‍ഡ് ഹ്യൂമണ്‍ ജനറ്റിക്‌സ്, മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, എന്‍വയണ്‍മെന്റല്‍, ബയോടെക്‌നോളജി പ്രോഗ്രാമുകളും മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി, ന്യൂറോസയന്‍സ് 

യോഗ്യത: ഫിസിക്കല്‍, ബയോളജിക്കല്‍, അഗ്രികള്‍ച്ചറല്‍, വെറ്ററിനറി, ഫിഷറീസ് സയന്‍സ്, ഫാര്‍മസി, എന്‍ജിനീയറിങ്/ടെക്‌നോളജി എന്നിവയിലൊന്നിലെ ബാച്ചിലര്‍ ബിരുദമോ എം.ബി.ബി.എസ്./ബി.ഡി.എസ്., നാലുവര്‍ഷത്തെ ഫിസിഷ്യന്‍ അസിസ്റ്റന്റ് കോഴ്‌സ് ബി.എസ്സി. യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 

പ്രവേശനപരീക്ഷ: രണ്ടു ഭാഗമുണ്ടാകും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളില്‍ നിന്ന് പ്ലസ്ടു നിലവാരമുള്ള ഒരു മാര്‍ക്ക് വീതമുള്ള 60 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ആദ്യഭാഗത്തുണ്ടാകും. ഉത്തരം തെറ്റിയാല്‍ അരമാര്‍ക്കുവീതം നഷ്ടപ്പെടും. രണ്ടാം ഭാഗത്ത് ബിരുദനിലവാരത്തിലുള്ള  ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ബയോളജി (ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ജനറ്റിക്‌സ് ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, കെമിസ്ട്രി വിഷയങ്ങളില്‍നിന്ന് മൂന്നുമാര്‍ക്ക് വീതമുള്ള 60 ചോദ്യങ്ങളുണ്ടാകും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും. 

എം.ടെക് ബയോടെക്‌നോളജി

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ ബയോടെക്‌നോളജി പ്രോഗ്രാം ഉള്‍പ്പെടെ അഞ്ചു സര്‍വകലാശാലകളിലെ എം.ടെക്. ബയോടെക്‌നോളജി പ്രോഗ്രാമുകളാണ് രണ്ടാമത്തെ പരീക്ഷയുടെ പരിധിയില്‍വരിക.  

വിഷയങ്ങള്‍: ബയോപ്രോസസ് ടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ ബയോടെക്‌നോളജി, കമ്പ്യൂട്ടേഷണല്‍ ബയോളജി എന്നീ സ്‌പെഷ്യലൈസേഷനുകള്‍.

യോഗ്യത: നിശ്ചിതവിഷയങ്ങളിലെ ബി.ടെക്./ബി.ഇ. ബിരുദമോ ബയോടെക്‌നോളജി, ലൈഫ് സയന്‍സസ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ജനറ്റിക്‌സ്, ബയോഫിസിക്‌സ്, മൈക്രോബിയല്‍ ജനറ്റിക്‌സ് ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് എന്നിവയിലൊന്നിലെ മാസ്റ്റേഴ്‌സ് ബിരുദമോ ബി.ഫാം ബിരുദമോ നേടിയവര്‍ക്ക് അപേക്ഷിക്കാം.

പ്രവേശനപരീക്ഷ: ലൈഫ് സയന്‍സസ് സ്ട്രീമിലും ടെക്‌നോളജി സ്ട്രീമിലും ഉണ്ടാകും. ഓരോന്നിലും മൂന്നുഭാഗങ്ങളുണ്ടാകും. 

ലൈഫ് സയന്‍സസ് സ്ട്രീം: ആദ്യഭാഗത്ത് ലൈഫ് സയന്‍സസ് (ബയോകെമിസ്ട്രി, മോളിക്യൂലാര്‍ ബയോളജി ആന്‍ഡ് ഇമ്യൂണോളജി) ബിരുദാനന്തര ബിരുദ നിലവാരമുള്ള ചോദ്യങ്ങളും രണ്ടാം ഭാഗത്ത് ബിരുദതലത്തിലുള്ള ഫിസിക്‌സ്/കെമിസ്ട്രി വിഷയങ്ങളിലെ ചോദ്യങ്ങളും മൂന്നാം ഭാഗത്ത് മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് എന്നീ വിഷയങ്ങളിലെ പ്ലസ്ടു നിലവാരമുള്ള ചോദ്യങ്ങളുമുണ്ടാകും. 

ടെക്‌നോളജി സ്ട്രീം: ആദ്യഭാഗത്ത് ബേസിക് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും ബിരുദതലത്തിലുള്ള ചോദ്യങ്ങളും രണ്ടാം ഭാഗത്ത് ഫിസിക്‌സ്/ കെമിസ്ട്രി/മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍നിന്ന് ബിരുദതലത്തിലുള്ള ചോദ്യങ്ങളും മൂന്നാം ഭാഗത്ത് ഫണ്ടമെന്റല്‍ ലൈഫ്‌സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഇന്‍ഫര്‍മാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍നിന്ന് പ്ലസ്ടു തലത്തിലുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. 

എം.എസ്സി അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി

കേരള കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെ 11 സര്‍വകലാശാലകളില്‍ എം.എസ്.സി അഗ്രി. ബയോടെക്‌നോളജിയും മൂന്ന് സര്‍വകലാശാലകളില്‍ എം.വി.എസ്സിയും. 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ ബാച്ചിലര്‍ ബിരുദം 55 ശതമാനം മാര്‍ക്കോടെ നേടിയിരിക്കണം. 

പ്രവേശന പരീക്ഷ: രണ്ട് ഭാഗങ്ങള്‍. ആദ്യഭാഗത്ത്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളില്‍ നിന്നും ഒരു മാര്‍ക്കു വീതമുള്ള 60 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ പ്ലസ്ടു നിലവാരത്തിലുള്ളത്. തെറ്റിയാല്‍ അര മാര്‍ക്കുവീതം നഷ്ടപ്പെടും. രണ്ടാം ഭാഗത്ത്, സിലബസിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാര്‍ക്കുവീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഇതില്‍ 60 എണ്ണത്തിന് പരീക്ഷാര്‍ഥി ഉത്തരം നല്‍കണം. തെറ്റിയാല്‍ ഒരുമാര്‍ക്കുവീതം കുറയും.

യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ https://www.jnu.ac.in/ എന്നതില്‍ ലഭ്യമാണ്. കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. 

വിവരങ്ങള്‍ക്ക്: https://admissions.jnu.ac.in/

ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി: ഒക്ടോബര്‍ 13

 



View on mathrubhumi.com