മെഡിക്കല്‍ പ്രവേശനം; ഇനി ഫീസ് നിർണയം മാത്രം

തിരുവനന്തപുരം: മൂന്ന്‌ കോളേജുകളിലായി 400 വിദ്യാർഥികളുടെ പ്രവേശനത്തിലെ അനിശ്ചിതത്വം നീങ്ങിയതോടെ മെഡിക്കൽ പ്രവേശനനടപടികളിലെ കാറുംകോളുമൊഴിഞ്ഞു. രാജേന്ദ്രബാബുകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിമഫീസ് നിർണയം മാത്രമാണ് അവശേഷിക്കുന്നത്.
മെഡിക്കൽ കൗൺസിൽ അനുമതി ഇല്ലെങ്കിലും വയനാട് ഡി.എം., തൊടുപുഴ അൽ അസർ, അടൂർ മൗണ്ട് സിയോൻ എന്നീ കോളേജുകളിലെ ഇക്കൊല്ലത്തെ പ്രവേശനത്തിന് സുപ്രീംകോടതി സാധൂകരണം നൽകിയതാണ് വിദ്യാർഥികൾക്ക് ആശ്വാസമായത്.
ആരോഗ്യസർവകലാശാലയുടെ ക്ലീൻചിറ്റ് ലഭിച്ചതാണ് ഈ കോളേജുകൾക്ക് നിയമനടപടികളിൽ തുണയായത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസിലിന്റെ കത്ത് സർവകലാശാലയ്ക്ക് ലഭിക്കും. തുടർന്ന് വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ തുടങ്ങാനാകും.
ഫീസ് നിർണയത്തിനായി എല്ലാ മെഡിക്കൽ കോളേജുകളും വരവുചെലവ് കണക്കും മറ്റുരേഖകളും സമിതിക്ക് സമർപ്പിച്ചു. ഒക്ടോബർ 30-നകം ഫീസ് നിർണയിക്കാനാകുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. അഞ്ചുലക്ഷം രൂപയാണ് എം.ബി.ബി.എസിന് സമിതി നിർണയിച്ച താത്‌കാലിക വാർഷിക ഫീസ്. 11 ലക്ഷം വാങ്ങാൻ കോടതി അനുമതി നൽകിയതിനാൽ അധികതുകയ്ക്ക് ചില കോളേജുകൾ ബാങ്ക് ഗാരന്റിവാങ്ങിയിട്ടുണ്ട്. സമിതി നിശ്ചയിക്കുന്ന ഫീസ് തൃപ്തികരമല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ കുട്ടികൾ ഇപ്പോഴും പെരുവഴിയിൽ
കഴിഞ്ഞവർഷം ജെയിംസ് കമ്മിറ്റിയും പിന്നീട് കോടതികളും കൈവിട്ട നാല്‌ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾ ഇപ്പോഴും പെരുവഴിയിലാണ്. മെരിറ്റ് അട്ടിമറിച്ച് പ്രവേശനം നടത്തിയതിനായിരുന്നു ഈ കോളേജുകൾക്കെതിരേ നടപടി സ്വീകരിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് (150 കുട്ടികൾ), കരുണ (39), മലബാർ (11), അൽ അസർ (എട്ട്) എന്നിവിടങ്ങ‌ളിലെ വിദ്യാർഥികൾ ഒരുവർഷം പഠനം പൂർത്തിയാക്കിയെങ്കിലും സർവകലാശാലയിൽ രജിസ്‌ട്രേഷൻ ചെയ്യാനായിരുന്നില്ല.
കണ്ണൂരിലെ 150 വിദ്യാർഥികളിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവരുമുണ്ട്. രജിസ്‌ട്രേഷൻ എടുക്കാനായിട്ടില്ലെന്നകാര്യം മാനേജ്‌മെന്റുകൾ വിദ്യാർഥികളിൽനിന്ന് മറച്ചുവയ്ക്കുകയായിരുന്നെന്നാണ് ആക്ഷേപം. ഈ കുട്ടികളെ സംരക്ഷിക്കാനായി ഓർഡിനൻസ് ഇറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും നിയമപരിരക്ഷ ലഭിക്കുമോയെന്ന് ആശങ്കയുണ്ട്.


VIEW ON mathrubhumi.com