മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചെത്തി; അനീറ്റിന് നിരാശയോടെ മടക്കം

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വാക്കില്‍ അനീറ്റിന് അത്ര വിശ്വാസമായിരുന്നു. സ്വാശ്രയ കോളേജുകളില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യതനേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ആലപ്പുഴ കലവൂരിലെ മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍നിന്ന് തിരുവനന്തപുരത്തെത്തിയ അനീറ്റും അച്ഛനും ഈ പ്രതീക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും പ്രവേശനത്തിനായെത്തി.അഞ്ചു ലക്ഷത്തിന് ഡി.ഡി.യും ആറു ലക്ഷത്തിന് ബാങ്ക് ഗാരണ്ടിയും നല്‍കണമെന്ന ആവശ്യം ഗോകുലം മെഡിക്കല്‍ കോളേജ് ചൊവ്വാഴ്ചയും ആവര്‍ത്തിച്ചതോടെ ഇരുവരുടെയും പ്രതീക്ഷ നശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയെങ്കിലും കോളേജധികൃതരും പ്രവേശന കമ്മിഷണറേറ്റിലുള്ളവരും കൈമലര്‍ത്തി. ഇതോടെ ഇവര്‍ മടങ്ങി.ആലപ്പുഴയിലെ കലവൂര്‍ അരശര്‍കടവ് വീട്ടില്‍ ആന്റണിയുടെ മകളാണ് അനീറ്റ്. നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അനീറ്റിനെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തകണ്ട സുമനസ്സുകളുടെ സഹായത്തോടെ സ്വരൂപിച്ച അഞ്ചുലക്ഷത്തിന്റെ ഡി.ഡി.യുമായാണ് പ്രവേശനത്തിനെത്തിയത്. പ്രവേശനം നേടിയാല്‍ ശേഷിക്കുന്ന ആറുലക്ഷം കൊടുക്കാനുള്ള ശേഷിയില്ലെന്ന് അനീറ്റിന്റെ അച്ഛന്‍ പറഞ്ഞു. ശേഷിക്കുന്ന തുക നല്‍കിയില്ലെങ്കില്‍ അടച്ച അഞ്ചുലക്ഷം നഷ്ടമാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പ്രവേശനം വേണ്ടെന്നുവെച്ച് മടങ്ങുന്നതെന്ന് അനീറ്റ് അറിയിച്ചു. തിങ്കളാഴ്ചയും ഇവര്‍ പ്രവേശനത്തിനെത്തിയിരുന്നു.മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അനീറ്റിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവേദിയില്‍ ചൊവ്വാഴ്ച മന്ത്രിയെ കാണാനെത്തി. സി.പി.എം. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വഴിയാണ് ആരോഗ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് യോഗം നടക്കുമെന്നും അതിനുശേഷം മന്ത്രി നേരില്‍ക്കാണാമെന്നുമാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് അനീറ്റും അച്ഛനും.തിങ്കളാഴ്ച പ്രവേശനനടപടികള്‍ക്കിടെ ഫീസ് കൂട്ടിയതറിഞ്ഞ് ഇവര്‍ മടങ്ങിയിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത്. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയായിരുന്നു അനീറ്റ് വന്നത്. അവിടത്തെ അവസരം നഷ്ടപ്പെട്ട വേദനയും അനീറ്റിനെ അസ്വസ്ഥയാക്കുന്നു.ഇത് അനീറ്റിന്റെ മാത്രം കഥയല്ല. ഒട്ടേറെ കുട്ടികള്‍ ഇതേ രീതിയില്‍ മടങ്ങിയിട്ടുണ്ട്. അടച്ച ഫീസ് തിരികെ കിട്ടില്ലെന്നറിഞ്ഞതോടെ സമര്‍ഥരായ ഒട്ടേറെ കുട്ടികള്‍ പ്രവേശനം വേണ്ടെന്നുവെച്ചു. ഇവരില്‍ പലരും സ്‌പോട്ട് അഡ്മിഷന് അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. ഫീസ് കുറഞ്ഞ മറ്റു കോഴ്‌സുകളിലാണ് ഇവരുടെ പ്രതീക്ഷ.സ്‌പോട്ട് അഡ്മിഷന്‍: കോളേജോ കോഴ്‌സോ മാറാന്‍ അപേക്ഷിക്കാം -സര്‍ക്കാര്‍കൊച്ചി:സ്വാശ്രയ മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷനില്‍ എന്‍.ആര്‍.ഐ. വിഭാഗമുള്‍പ്പെടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സോ കോളേജോ മാറാന്‍ അപേക്ഷ നല്കാവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.എം.ബി.ബി.എസിന് ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സ്‌പോട്ട് അഡ്മിഷന്‍. ബി.ഡി.എസിന് സെപ്റ്റംബര്‍ രണ്ടിനും മൂന്നിനും.


VIEW ON mathrubhumi.com