ആലപ്പുഴ ജില്ലയില്‍ കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം കൂടുന്നു

ആലപ്പുഴ: ജില്ലയില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം വര്‍ധിക്കുന്നുവെന്ന് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. പീഡനത്തിനിരയായാല്‍ കുട്ടികള്‍ അത് പുറത്തുപറയാന്‍ മടിക്കാത്തതും അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതും കൊണ്ടാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്നാണ് പോലീസ് വിശദീകരണം.
കുട്ടികളുടെ സ്വരക്ഷയ്ക്കും ആത്മധൈര്യം വര്‍ധിപ്പിക്കുന്നതിനുമായി സ്‌കൂള്‍, കോളേജ്, കുടുംബ യൂണിറ്റുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫന്‍സ് പരിപാടികള്‍ നടത്തുന്നതും അതിക്രമങ്ങള്‍ക്കെതിരേ ചെറുത്തുനില്‍ക്കാന്‍ വേണ്ടിയാണ്. എന്നാലും ആറുമാസംമുതല്‍ പ്രായമായ കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം,എക്‌സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ക്ലീന്‍ കാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ പ്രചാരണംകൊണ്ടാണ് കേസുകളുടെ എണ്ണം കുറയ്ക്കാനായത്.
സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവയുടെ സഹായത്തോടെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ ഫലമായാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്നാണ് എക്‌സൈസ് വിശദീകരണം.
എടുക്കാം മുന്‍കരുതലുകള്‍-ശിശുസംരക്ഷണ സമിതിയുടെ നിര്‍ദേശം
  • കുട്ടികളെ വീട്ടില്‍ തനിച്ചാക്കിപ്പോകുന്ന സാഹചര്യം കഴിവതും ഒഴിവാക്കണം
  • അയല്‍പ്പക്കത്ത് ഏല്‍പ്പിക്കുമ്പോള്‍ മുന്‍കരുതലുകളെടുക്കണം
  • വീട്ടിലെ ആരുടെയെങ്കിലും ഫോണ്‍ നമ്പര്‍ കുട്ടിയെ പറഞ്ഞുപഠിപ്പിക്കണം
  • അപരിചിതരുമായുള്ള കുട്ടികളുടെ ഇടപെടലുകളില്‍ കരുതല്‍ വേണം
  • സ്‌കൂളില്‍ ഹാജരാകുന്നുണ്ടോയെന്ന് ഉറപ്പാക്കണം.


VIEW ON mathrubhumi.com