പീഡനം: ബാലികയെ പരിശോധിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരേ റിപ്പോര്‍ട്ട്

പത്തനംതിട്ട: പീഡനത്തിനിരയായ അഞ്ചര വയസ്സുകാരിക്ക് കോഴഞ്ചേരി ജില്ലാ ആസ്പത്രിയില്‍ വൈദ്യപരിശോധന നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചപറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് ആരോഗ്യവകുപ്പ് മേധാവികളെ അറിയിച്ചെന്ന് കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.
കുട്ടിയും ബന്ധുക്കളും പോലീസും അഞ്ചുമണിക്കൂര്‍ കാത്തിരുന്നെങ്കിലും പരിശോധിക്കാന്‍ പറ്റില്ലെന്ന് വനിതാ ഡോക്ടര്‍മാര്‍ നിലപാടെടുക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളെ മുറിയില്‍നിന്ന് ആട്ടിയിറക്കുകയും ചെയ്തു. സെപ്റ്റംബര്‍ 15-ന് അയിരൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. പിറ്റേന്ന് പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലാണ് പരിശോധന നടത്തിയത്.
നാലുമാസം മുമ്പാണ് കുട്ടി പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. സെപ്റ്റംബര്‍ 18-ന് ചൈല്‍ഡ് ലൈനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴിയെടുത്ത കോയിപ്രം പോലീസ് 14-ന് കേസെടുത്തു. 15-ന് വനിതാപോലീസ് കുട്ടിയുമായി കോഴഞ്ചേരി ജില്ലാ ആസ്ത്രിയിലെത്തി. ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ഗംഗയെ കാണിച്ചെങ്കിലും പരിശോധിക്കാന്‍ തയ്യാറായില്ല
പോക്‌സോ നിയമപ്രകാരം എടുത്ത കേസിന്റെ ഗൗരവം പോലീസ് പറഞ്ഞെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ പറയുകയായിരുന്നു. ഇവര്‍ ഇതിനിടെ വാര്‍ഡിലേക്ക് പോയി. കാത്തിരുന്നിട്ടും ഡോക്ടര്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് പോലീസ് അവിടെയെത്തിയപ്പോള്‍ ഡോ. ലേഖ വരുമെന്നറിയിച്ചു. രാത്രി എട്ടുമണിവരെ കാത്തെങ്കിലും അവരുമെത്തിയില്ല. ബന്ധുക്കളോട് സ്ഥലംവിട്ടു പോകാനും ആവശ്യപ്പെട്ടു.
കേസിലെ പ്രതി റെജി സെപ്റ്റംബര്‍ 2ന് കീഴടങ്ങിയിരുന്നു. 14ന് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോയി. എസ്. പി.ക്ക് പരാതി നല്‍കിയശേഷമാണ് റെജി കീഴടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
വൈദ്യപരിശോധനയ്ക്ക് നേരിട്ട പ്രശ്‌നങ്ങള്‍ പോലീസ്, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി-രണ്ടിനെ ബോധിപ്പിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടറായ ഗംഗയുടെ പേരിലായിരുന്നു റിപ്പോര്‍ട്ട്. ഇവരുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. രണ്ട് ഡാക്ടര്‍മാരുടെയും പേരില്‍ കേസ് വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.


VIEW ON mathrubhumi.com