അധ്യാപികയുടെ വ്യാജ ഓഡിയോ ക്ലിപ്പുണ്ടാക്കി പ്രചരണം: കര്‍ശന ശിക്ഷ വേണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: തൃപ്പൂണിത്തറ ആര്‍ഷ വിദ്യാ സമാജത്തിലെ അധ്യാപികയുടെ വ്യാജ ഓഡിയോ ക്ലിപ്പുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന കേസില്‍ കര്‍ശന ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആര്‍ഷവിദ്യാ സമാജത്തിലെ അധ്യാപിക നല്‍കിയ പരാതിയിലാണ് നടപടി. തന്നെയും സുഹൃത്തിനെയും ചേര്‍ത്ത് സ്ഥാപനത്തിലെ രണ്ട് ജോലിക്കാര്‍ വ്യാജ ഓഡിയോ ക്ലിപ്പുണ്ടാക്കി മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി.

കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം നടത്തി. ഹില്‍പാലസ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. കേസിലെ ഓഡിയോ ക്ലിപ്പുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി റിപ്പോര്‍ട്ടിലുണ്ട്.