ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പെട്ടിയിലടച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ആറ് വയസ്സുള്ള കുട്ടിയെ പൈജാമ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കട്ടിലിനടിയിലുള്ള പെട്ടിയില്‍ ഒളിപ്പിച്ചുവെച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടാനായി ശ്രമിച്ച പ്രതി പിടിക്കപ്പെടുമെന്ന ഭീതിയിലാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ന്യൂഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് ടുവിലാണ് സംഭവം

കഴിഞ്ഞ ബുധനാഴ്ച ഏകദേശം 4 മണിയോടുകൂടിയാണ് കുട്ടിയെ കാണാതാകുന്നത്. ഓഖ്ല ഫെയ്സ് 2 വിലെ ജെ ജെ ആര്‍ ക്യാമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കാണാതായതിനെത്തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല. സംശയം ഒഴിവാക്കാനായി പ്രസാദും തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം പങ്കുചേരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 നാണ് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്. 

തന്റെ ഭാര്യ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയതുകൊണ്ടാണ് താന്‍ കുട്ടിയെ കൊന്നതെന്നാണ് പ്രതി ആദ്യം വെളിപ്പെടുത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ മുറി തുറന്ന് പരിശോധിച്ചപ്പോളാണ് കൊലപാതക വിവരം പുറത്തറിയുന്നതും രോഹിത് പ്രസാദിനെ അറസ്റ്റു ചെയ്യുന്നതും. 

'ചോദ്യം ചെയ്യലില്‍  അയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 20,000 രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പിന്നീട് സമ്മതിച്ചു.' ഡെപ്യൂട്ടി കമ്മീഷണറായ റോമില്‍ ബാനിയ പറഞ്ഞു. 

പദ്ധതി എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് പ്രസാദിന് അറിയില്ലായിരുന്നുവെന്നും കുട്ടി അയാളെ തിരിച്ചറിയുമെന്ന ഭയത്താലാണ് കുട്ടിയെ കൊന്നതെന്നും ബാനിയ വ്യക്തമാക്കുന്നു . ചെറിയ ശിക്ഷയോടു കൂടി രക്ഷപ്പെടാന്‍ കഴിയുമെന്ന് വിചാരിച്ച് അയാള്‍ കള്ളക്കഥ മെനയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

'ബെഡ്റൂമില്‍ വെച്ചിരുന്ന പെട്ടിയില്‍ നിന്നായിരുന്നു ദുര്‍ഗന്ധം. പെട്ടിക്കുള്ളിലുള്ള ചാക്കില്‍ നിന്ന് കുട്ടിയുടെ മുഖവും കൈയും പുറത്തുകാണുന്നുണ്ടായിരുന്നു. കുട്ടിയുടെ വായ ഒരു കറുത്ത തുണി കൊണ്ട് മൂടിക്കെട്ടിയിരുന്നു.'. കുട്ടിയെ കണ്ടെത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന അയല്‍വാസിയായ രാധ പറഞ്ഞു. 

പൈജാമ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനു മുമ്പ് ഏകദേശം 24 മുതല്‍ 36 മണിക്കൂര്‍ സമയം വരെ താന്‍ കുട്ടിയെ പെട്ടിയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് പ്രസാദ് വെളിപ്പെടുത്തി.



View on mathrubhumi.com