പ്രതികള്‍ പോലീസിനെ വെട്ടിച്ചുകടന്നു

നാഗര്‍കോവില്‍: തമിഴ്‌നാട്ടിലെയും മുംബൈയിലെയും വിവിധ കേസുകളിലെ പ്രതികള്‍ നാഗര്‍കോവില്‍ ജയിലിന് മുന്നില്‍ വച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കടന്നകൂടംകുളം നാടാര്‍ തോട്ടത്ത് തെരുവിലെ മണികണ്ഠന്‍ (22), സേലം സ്വദേശിയും, മുംബൈ പാണ്ടൂരില്‍ താമസക്കാരനായിരുന്ന ഡേവിഡ് (23) എന്നിവരാണ് കടന്നുകളഞ്ഞത്.
പാളയംകോട്ട ക്യൂ ബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്ത് ഒരുദിവസത്തെ വിചാരണക്കുശേഷം നാഗര്‍കോവില്‍ ജയിലിലേക്ക് തിരിച്ചെത്തിക്കുമ്പോള്‍ ദേശീയപാതയില്‍ വെച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ജേന്‍സ് ബാബുനി ഉള്‍പ്പെടെ മൂന്നുപേരാണ് പ്രതികളെ കൊണ്ടുവന്നത്. റോഡിനു മറുവശത്തെ പെട്രോള്‍ ബങ്കില്‍ വാഹനം നിര്‍ത്തി ഇരുവരെയും പോലീസ് റോഡ് മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ വെട്ടിച്ച് കടന്നത്. നാല് പ്രത്യേകസംഘം ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നു.
കൊള്ള, വധശ്രമം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ മണികണ്ഠനെ 2015-ല്‍ നാഗര്‍കോവില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തുവന്ന മണികണ്ഠന്‍ ഒളിവിലായി. മുംബൈയില്‍ എത്തിയ മണികണ്ഠനെ കവര്‍ച്ചക്കേസില്‍ അറസ്റ്റുചെയ്തു.
ജയിലില്‍വെച്ച് മോഷണക്കേസില്‍ തടവിലായിരുന്ന ഡേവിഡുമായി അടുപ്പമായി. ഇരുവരും കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് മുംബൈ ജയില്‍ ചാടി. തുടര്‍ന്ന് ഒളിവിലിരുന്ന ഇരുവരും നാഗര്‍കോവില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചകള്‍ നടത്തി. കഴിഞ്ഞമാസം കോട്ടാര്‍ ഭാഗത്ത് വാഹന പരിശോധനയില്‍ ഇരുവരും പോലീസ് പിടിയിലാവുകയായിരുന്നു.


VIEW ON mathrubhumi.com