Usual suspects : ചലിക്കുന്ന ചിത്രങ്ങളിലൂടെ സൃഷ്ടിച്ച കണ്‍കെട്ട് വിദ്യ

By: രാകേഷ് മനോഹരന്‍
'The greatest trick the DEVIL ever pulled was convincing the world he didn't exist'. 'കെയ്‌സര്‍ സോസേയെ' കുറിച്ച് 'വെര്‍ബല്‍ ക്വിന്റ്‌റ്' പറഞ്ഞ ഈ ഒരു വാചകം മതിയായിരുന്നു കണ്‍കെട്ട് വിദ്യയിലൂടെ ഒരു മുത്തശിക്കഥയിലെ അമാനുഷിക കഥാപാത്രത്തെപ്പോലെ ശക്തിയാര്‍ജിച്ച അയാളെ പ്രേക്ഷരിലെത്തിക്കാന്‍. അവിടെ നിന്നും ആ കഥാപാത്രത്തിന്റെ സ്വഭാവ പ്രത്യേകതകളിലൂടെ ചിത്രം അവസാനിപ്പിക്കുക. ഒരു പക്ഷെ മിസ്റ്ററി സിനിമകളില്‍ എന്നും മുന്തിയ പരിഗണന ലഭിക്കാന്‍ Usual Suspects എന്ന ചിത്രത്തിന് സാധിച്ചതും ഈ ഒരു പ്രത്യേക സ്വഭാവ സവിശേഷത കൊണ്ടായിരിക്കും. 'റോജര്‍ എബെര്‍ട്ടിനെ' പോലെയുള്ള മുന്തിയ നിരൂപകര്‍ എക്കാലത്തെയും മോശം സിനിമകളില്‍ ഉള്‍പ്പെടുത്തിയ ഈ ചിത്രം തുടക്കക്കാരനായി ലോക സിനിമയെ പരിചയപ്പെടാന്‍ തുടങ്ങുന്ന ഏതൊരാളെയും അമ്പരപ്പിക്കുമെന്നത് തീര്‍ച്ച.
ഈ ചിത്രം തന്നെ ഒരു കണ്‍കെട്ട് വിദ്യയാണ്. ചലച്ചിത്രം എന്ന വാക്ക് സൂചിപ്പിക്കുന്ന പോലെ ചലിക്കുന്ന ചിത്രങ്ങളിലൂടെ സൃഷ്ടിച്ച മായാജാല വിദ്യ. പ്രേക്ഷകനില്‍ ചിത്രത്തിന്റെ ആദ്യം നടക്കുന്ന മരണങ്ങള്‍ ഏതൊരു ഹോളിവുഡ് ക്രൈം/Heist ചിത്രം പോലെയാണ് ഈ ചലച്ചിത്രവുമെന്ന തോന്നലുണ്ടാക്കും. എന്നാല്‍ അന്ന് രാത്രി ആ കപ്പലില്‍ നടന്ന ദാരുണ സംഭവങ്ങളെ അതിജീവിച്ച രണ്ടു പേരില്‍ ഒരാളായ വെര്‍ബല്‍ ക്വിന്റിനു മാത്രമായിരുന്നു ആ കഥ പറയാനുള്ള നിയോഗം. രണ്ടാമത്തെ ആള്‍ മരണത്തോട് പോരാടുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായ കുയാന്‍ ആ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താനായി ക്വിന്റിന്റെ മൊഴി രേഖപ്പെടുത്തുമ്പോളാണ് അയാള്‍ ചെകുത്താന്റെ സാമീപ്യമറിഞ്ഞ ആ രാത്രിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത്.
എളുപ്പ വഴിയിലൂടെ ധനികരാകാന്‍ ശ്രമിക്കുന്ന ഒരു പറ്റം ആളുകള്‍. പലരും എണ്ണം പറഞ്ഞ ക്രിമിനലുകളാണെന്ന് തന്നെ പറയാം. വെര്‍ബല്‍ ക്വിന്റ്‌റ് അവരില്‍ ഒരു അംഗം ആയിരുന്നു. ഈ ചിത്രത്തിലെ പ്രശസ്തമായ ക്രിമിനല്‍ ലൈന്‍ അപ്പ് സീന്‍ പോലും അതിവിദഗ്ദ്ധമായി, നേരത്തെ പറഞ്ഞ ഒരു മികച്ച മിസ്റ്ററി/ക്രൈം ചിത്രത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നു.
വെര്‍ബല്‍ ക്വിന്റ്‌റ് പറയുന്ന ആ കഥയില്‍ പോലീസും കുറ്റവാളികളും ഒരേ പോലെ ഭയക്കുന്ന കെയ്‌സര്‍ സോസയെ ജീവനോടെ കണ്ട ആള്‍ എന്ന നിലയില്‍ അയാള്‍ അന്നത്തെ രാത്രി വിവരിക്കുന്നു. വെര്‍ബലിന്റെ കഥയിലൂടെ ആണ് പിന്നെ കഥ വികസിക്കുന്നത്. അന്ന് ആ കപ്പലില്‍ നടന്ന സംഭവങ്ങളുടെ മുന്നോടിയായി നടന്ന കഥയിലൂടെ അയാള്‍ തുടങ്ങുന്നു. പ്രേക്ഷകരെ ഈ ഒരു പ്ലോട്ടിലേക്ക് ശ്രദ്ധിക്കാന്‍ പിന്നീട് നിര്‍ബന്ധിതരാകുന്നു. ആ കഥയിലൂടെ പോയി അവസാന രംഗം വരെ ഉള്ള സീനുകള്‍ ശരിക്കും ഒരു മിസ്റ്ററി/ത്രില്ലര്‍ ചലച്ചിത്രപ്രേമിയുടെ ഏറ്റവും സുഖകരമായ സ്ഥലം ആണെന്ന് പറയാം.
വെര്‍ബല്‍ അവതരിപ്പിക്കുന്ന ആരും കാണാത്ത ആ ചെകുത്താന്റെ കഥയാണ് Usual Suspects അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണിത്. AFI(American film Institute) ന്റെ അഞ്ചോളം ലിസ്റ്റുകളില്‍ ഇടം പിടിച്ച ഈ ചിത്രം കെവിന്‍ സ്‌പെസിക്ക് മികച്ച സഹ നടന്‍, ക്രിസ്റ്റഫര്‍ മക്ക്വയറിനു മികച്ച തിരക്കഥ എന്നിവയ്ക്കുള്ള അക്കാദമി പുരസ്‌ക്കാരങ്ങളും നേടി കൊടുത്തു.


View on mathrubhumi.com

READ MORE CRIME BEAT STORIES: