സ്വാമിയും ഡേ കെയറിലെ മര്‍ദനവും: രക്ഷകര്‍ ശിക്ഷകരാകുമ്പോള്‍

By: സുജിത് ബാബു/ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയാവുന്നത് ഇന്ന് നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാവുന്ന കുട്ടികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരികയുമാണ്. സ്‌കൂളിലും ഡേ കെയറിലും വീടുകളിലുമൊക്കെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷകരായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയായി ഒടുവില്‍ ഗതികെട്ട് അയാളുടെ ലിംഗഛേദം നടത്തിയതുമൊക്കെ വാര്‍ത്തകളില്‍ കൊട്ടിഘോഷിക്കപ്പെടുന്നു. സ്വയം തീര്‍ക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളാണ് ഓരോരുത്തരും അവലംബിക്കേണ്ടത് എന്ന തലത്തിലേക്ക് ജനങ്ങള്‍ നിയമം കൈയിലെടുക്കേണ്ട സാഹചര്യങ്ങള്‍ വരെ എത്തി കാര്യങ്ങള്‍.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ മലയാളിയുടെ പൊതു ബോധത്തില്‍ സംഭ്രമവും അരക്ഷിതാവസ്ഥയും മുളപൊട്ടിയിരിക്കുന്നു. കുട്ടികളുമായി ഇടപെടുമ്പോള്‍ ആരെയൊക്കെ വിശ്വസിക്കണം..? സ്വന്തം കുടുംബാംഗങ്ങളെയോ ? അതോ വിശ്വസിച്ചു ഡേ കയറില്‍ കുഞ്ഞിനെ നോക്കനേല്പിച്ചവരെയോ..?
സ്‌കൂളിലും വീട്ടിലും ആശുപത്രികളിലും പൊതു ഇടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ ചൂഷണത്തിന് ഇരയായേക്കാം എന്നാണ് വാര്‍ത്തകളോരോന്നും സൂചിപ്പിക്കുന്നത്. വിശ്വസിച്ചു ഡേ കെയറില്‍ വിട്ട കുട്ടി ശാരീരിക പീഡനങ്ങള്‍ക്കിരയായതും പഴകിയ വാര്‍ത്തയല്ല. കുട്ടിക്കാലത്ത് ഇത്തരം പീഡനങ്ങള്‍ക്കിരയാവുന്നവര്‍ക്ക് ശരിയായ സാമൂഹിക മാനസിക പിന്തുണ നല്‍കാതെ വരുമ്പോള്‍ പലതരത്തിലുള്ള മാനസിക വ്യക്തിത്വ പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കാമെന്ന് പഠനങ്ങളുണ്ട്. ഇത്തരം പീഡനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നല്ലൊരു ശതമാനം ആളുകള്‍ പ്രതികരിക്കാനാവാതെ എല്ലാം ഉള്ളിലൊതുക്കി സര്‍വംസഹയായി മനസ് തളര്‍ന്നു ജീവിക്കുന്നു.
രക്ഷകരെങ്ങനെയാണ് ശിക്ഷകരാവുന്നത്?
കുടുംബത്തിനു പുറത്തു നിന്നുവന്ന ആള്‍ ക്രമേണ കുടുംബ കാര്യങ്ങളില്‍ കുടുംബാംഗങ്ങളേക്കാള്‍ അധികാരത്തോടെ ഇടപെടുകയും പിന്നീട് കുടുംബത്തിന്റെ വിശ്വാസമാര്‍ജിച്ച് പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാക്കുന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ നമുക്ക് സുപരിചിതമാണ്. പലപ്പോഴും ഇത്തരത്തിലുള്ള ആളുകള്‍ പൊതു സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരും സഹായത്തിന്റെ മറവില്‍ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നവരുമാണ്.
വാക്കും പ്രവൃത്തിയും ചേരാത്ത തരത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഒരു വ്യക്തിയെയയല്ല, ഒരു സമൂഹത്തെ തന്നെ തന്റെ വാക്കുകള്‍ക്കൊണ്ട് സ്വാധീനിക്കാന്‍ കഴിവുള്ളവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു പക്ഷെ സാധാരണക്കാര്‍ക്ക് പലപ്പോഴും കഴിയാത്ത സാഹചര്യങ്ങളുണ്ട്. അത് സ്വാമി ആയാലും പാതിരിയായാലും ഉസ്താദായാലും, അവര്‍ കളങ്കപ്പെടുത്തുന്നത് അവര്‍ പ്രതിനിധീകരിക്കുന്നതും ഒരു കാലത്ത് സ്വാര്‍ത്ഥതയോ സ്വജന പക്ഷപാതമോ ഇല്ലാതെ സമൂഹത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച, നന്മ ചെയ്യാന്‍ പഠിപ്പിച്ച ഒരു കൂട്ടം ആത്മീയ ആചാര്യന്മാരെയാണ്.
ആത്മീയത അധികാരത്തിന്റെ കച്ചവടത്തിന്റെ ഉപോല്പന്നമാവുമ്പോള്‍ സമൂഹം തനിക്കു ചാര്‍ത്തി തരുന്ന ബഹുമാനവും, ആദരവും, സ്വാധീനവും ഒരു തരത്തില്‍ പറഞ്ഞാല്‍ 'ഹാലോ എഫക്റ്റ്' (Halo Effect) തന്നെ ഇത്തരക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഹാലോ എഫ്ക്റ്റ് ഒരു ചിന്താപരമായ മുന്‍ വിധിയാണ് (Cognitive Bias). അതായത് നമ്മളോരോരുത്തരും ഒരു വ്യക്തിയെ വിലയിരുത്തുന്നത് നമ്മുടെ തന്നെ ജീവിതാനുഭവവും ചിന്തകളും വൈകാരിക അവസ്ഥകളുമൊക്കെ കൂടി ചേര്‍ന്നാണ്. പലപ്പോഴും വ്യക്തിയുടെ മേന്മയേറിയ പെരുമാറ്റമോ സ്വഭാവമോ ആ വ്യക്തിയുടെ എല്ലാ പെരുമാറ്റങ്ങളിലുമുണ്ടാവുമെന്ന രീതിയില്‍ പൊതുവായി കാണുന്ന പ്രതിഭാസമാണ് ഹാലോ എഫ്ഫക്റ്റ്. ഉദാഹരണത്തിന് ഒരു വ്യക്തി നല്ല പ്രാസംഗികനാണ് അല്ലെങ്കില്‍ ആത്മീയ കാര്യങ്ങളില്‍ അറിവുള്ള ആള്‍ ആണെങ്കില്‍ അയാള്‍ എല്ലാ വിഷയങ്ങളിലും അറിവുള്ളവരാണെന്നും നല്ല വ്യക്തിത്വത്തിനുടമകളാണെന്നും നമ്മുടെ അബോധ മനസ് വിശ്വസിക്കാറുണ്ട്. ഈ പ്രതിഭാസം നല്ല കാര്യങ്ങളിലും മോശം കാര്യങ്ങളിലും ബാധകമാണ്.
ചില ആളുകള്‍ ഈ ഹാലോ എഫ്ക്റ്റിനെ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി വില്പനച്ചരക്കാക്കുകയും സ്വന്തം നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു സംസ്‌കാരം കാര്യമായി തന്നെ മനുഷ്യന്റെ സ്വത്വത്തിന്റെ തന്നെ ഭാഗമായിത്തീരുകയും ചെയ്യുന്നു. വ്യക്തികളെ വിലയിരുത്തുമ്പോള്‍ അവരുടെ ഔദ്യോഗിക സാമൂഹിക പദവിക്കുമപ്പുറം എല്ലാം തികഞ്ഞ വെറും മനുഷ്യരാണെന്ന തിരിച്ചറിവും, ഇത്തരക്കാരില്‍നിന്നുള്ള ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ മനസിലാക്കാനുള്ള കഴിവും ഓരോ വ്യക്തിയും ആര്‍ജിക്കേണ്ടത് അത്യാവശ്യമാണ്.
എല്ലാ മേഖലയിലും വ്യാജന്മാര്‍ വാഴുന്ന കാലമാണിത്. ഇത്തരക്കാരില്‍ നിന്നും തിക്താനുഭാവങ്ങളേല്‍ക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. ഒരു ആരോഗ്യ പ്രശ്‌നമുണ്ടായാല്‍ അല്ലെങ്കില്‍ മാനസിക പ്രശ്‌നമുണ്ടായാല്‍, കുടുംബ പ്രശ്‌നമുണ്ടായാല്‍ ആരെ സമീപിക്കാമെന്നത് തികച്ചും വ്യക്തിയിലധിഷ്ഠിതമായ കാര്യമാണ്. അതിനു മന്ത്രവാദിയെ കാണണോ ഒരു ഡോക്ടറെ കാണണോ, ഏതു തരം ചികല്‍സ വേണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം തികച്ചും വ്യക്തിയില്‍ അധിഷ്ടിതമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ രോഗ ചികിത്സയ്ക്ക് മന്ത്രവാദവും ബാധ ഒഴിപ്പിക്കലുമൊക്കെയായി നടന്നു രോഗം മൂര്‍ച്ഛിച്ചവരും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലായവരും സാമ്പത്തിക ചൂഷണത്തിനു വിധേയരായവരും നിരവധിയാണ്.
നാം ചികല്‍സതേടിപ്പോകുന്ന സ്ഥാപനം, അത് എന്ത് തന്നെ ആയിരുന്നാലും, ചികിത്സകരുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ക്ക് പരിശീലനം ലഭിച്ച സ്ഥാപനങ്ങളെപ്പറ്റിയുള്ള അറിവും അവരുടെ ഔദ്യോഗിക പരിജ്ഞാനവുമൊക്കെ മനസിലാക്കി വേണം ഇന്നത്തെ കാലത്ത് ചികിത്സയ്ക്കായി സമീപിക്കാന്‍.
മാനസികാരോഗ്യ ചികില്‍സയുടെ പേരില്‍ തട്ടിപ്പിനിരയാകുന്നവരുടെയെണ്ണം നാള്‍ക്ക് നാള്‍ കൂടി വരികയാണ്. കൗണ്‍സലിംഗ് സെന്ററുകള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്നത് നിത്യ കാഴ്ചയാണ്. ആര്‍ക്കും ആരെയും സഹായിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ വ്യക്തിത്വ വൈകല്യങ്ങളെന്താണ്, മാനസിക രോഗമെന്താണ,് കുടുംബ പ്രശ്‌നമെന്താണ് എന്ന തിരിച്ചറിവോ വ്യക്തി നൈപുണ്യമോ മാത്രം മതിയാവില്ല ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുവാന്‍. ശരിയായ പര്യവേക്ഷണത്തോടെയുള്ള പരിശീലനം ആവശ്യമാണ്. അതുപോലെ തന്നെ നിലവാരമുള്ള മാനസികാരോഗ്യ പരിശീലനമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലനവും അഭികാമ്യമാണ്. ഇതൊന്നുമില്ലാത്തവര്‍ ശരിയായ രീതിയിലുള്ള ചികല്‍സ നല്‍കുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. വിശ്വാസ ചികിത്സകരാകാന്‍ മറ്റൊരു കൂട്ടര്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ചികില്‍സ മാര്‍ഗങ്ങള്‍ അവലംബിക്കുകയും താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുകയും വ്യക്തിയുടെ മാനസികാരോഗ്യം തകര്‍ക്കുകയും ചെയ്യുന്നവരാണ്.
വ്യക്തികളെ സഹായിക്കുന്ന തരത്തിലുള്ള തൊഴില്‍ മേഖലയില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന പ്രതിഭാസമാണ് ട്രാന്‍സ്‌ഫെറന്‍സ് (Transference). അതായതു സഹായിക്കുന്ന വ്യക്തിക്ക് സഹായിക്കപ്പെടേണ്ട വ്യക്തിയോടോ തിരിച്ചോ സംഭവിക്കുന്ന വൈകാരിക അടുപ്പമാണിത്. ഉദാഹരണത്തിന് ചില ഘട്ടങ്ങളില്‍ ചികിത്സിക്കുന്ന മനോരോഗ വിദഗ്ദ്ധനോടോ മനശാസ്ത്രജ്ഞനോടോ ഒക്കെ ഉണ്ടായേക്കാവുന്ന അടുപ്പം, അല്ലെങ്കില്‍ സ്‌നേഹം- ഔദ്യോഗികമായ ബന്ധത്തിനും മേലെയാകുന്ന സാഹചര്യങ്ങള്‍ കാണാറുണ്ട്. അതായതു സഹായിക്കപ്പെടുന്ന ആള്‍ക്ക് ചികിത്സിക്കുന്നയാള്‍ തന്റെ സാഹോദരനെപ്പോലെയോ പിതാവിനെപ്പോലെയോ ആണെന്നുള്ള തോന്നലുകള്‍ ഉടലെടുക്കാം. ഇതിനെ പോസിറ്റീവ് ട്രാന്‍സ്‌ഫെറന്‍സ് (Positive Transference) എന്നാണ് പറയുക. അതുപോലെ തന്നെ ചില ഘട്ടങ്ങളില്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ചികിത്സകനോട് വെറുപ്പും വിദ്വേഷവുമൊക്കെ തോന്നാം. ഇതിനെ നെഗറ്റീവ് ട്രന്‌സ്‌ഫെറന്‍സ് (Negative Transference) എന്നാണ് പറയുക. ഇത്തരം ട്രന്‌സ്‌ഫെറന്‍സുകള്‍ ചില ഘട്ടങ്ങളില്‍ വ്യക്തിയെ കൂടുതല്‍ മനസിലാക്കുന്നതിനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സഹായകരമാണ്. എന്നാല്‍ ഇത്തരം ട്രാന്‍സ്‌ഫെറന്‍സുകളെ ശരിയായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കാത്തവരും അതിനെ ചൂഷണം ചെയ്യുന്നവരും ഒരിക്കലും ശരിയായ ധാര്‍മിക ബോധം ഇല്ലാത്തവരാണ്. ഇത്തരം കാര്യങ്ങളില്‍ പരിശീലനം ലഭിക്കാത്ത വ്യാജ ചികിത്സകര്‍ പലരൂപത്തിലും ഭാവത്തിലും നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്.
മാതാപിതാക്കള്‍ അറിയാന്‍
ലൈംഗിക ചൂഷണങ്ങളോട് മുതിര്‍ന്ന ആളുകള്‍ പോലും പ്രതികരിക്കാന്‍ മടിക്കുമ്പോള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്ന കുട്ടികളുടെ കാര്യം പറയേണ്ടതില്ല. കുടുംബാഗങ്ങളോ കുടുംബത്തിനു വളരെ വേണ്ടപ്പെട്ടവരില്‍ നിന്നോ ഉള്ള ചൂഷണം പുറത്തു പറയാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. കൊച്ചു കുട്ടികള്‍ക്ക് ഒരു പക്ഷെ തന്റെ മാതാപിതാക്കള്‍ ഇത്രമേല്‍ ബഹുമാനിക്കുന്ന വ്യക്തി തന്നെ ചൂഷണത്തിനു വിധേയമാക്കി എന്ന് പറയാന്‍ തന്നെ ഭയമായിരിക്കും. തന്റെ അച്ഛനുമമ്മയും വിശ്വസിച്ചില്ലെങ്കിലോ.? ഈ ആശങ്ക പേറുന്ന എത്രയോ പേര്‍ സൈക്കോ തെറാപ്പി സെഷന്‍ സമയത്ത് മനസ് തുറന്നു കുട്ടിക്കാലത്ത് ആരോടും പറയാന്‍ സാധിക്കാതെ പീഡനനാഭുവങ്ങള്‍ പറഞ്ഞത് എത്രയോ തവണ !
ചില കാര്യങ്ങള്‍ മാതാപിതാക്കള്‍ വളരെ കരുതലോടെ വേണം മനസിലാക്കുവാന്‍. അതായത് കുട്ടികളുടെ പെരുമാറ്റത്തിലെ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങള്‍ പ്രത്യേകം പരിഗണനയോടെ കാണേണ്ടത് അത്യാവശ്യമാണ്. പെട്ടന്ന് പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും നഷ്ടപ്പെടുക, കൂടുതല്‍ സമയം ദുഖ:ഭാവത്തിലും ഒറ്റയ്ക്കിരിക്കുകയും ചെയ്യുക, മറ്റു കുട്ടികളുമായി ഇടപെടാതിരിക്കുകയും കളികളിലൊക്കെ താല്പര്യം കുറയുകയും ചെയ്യുക തുടങ്ങിയ മാറ്റങ്ങള്‍ പെട്ടെന്ന്് തന്നെ കുട്ടികളില്‍ കാണുകയാണെങ്കില്‍ അല്പം കരുതലോടെ വേണം പരിഗണിക്കുവാന്‍.
കുട്ടിയുടെ ഈ മാറ്റങ്ങളെപ്പറ്റി ചോദിച്ചറിയുകയും മുന്‍വിധിയില്ലാതെ ക്ഷമയോടു കൂടി കുട്ടി പറയുന്നതു കേള്‍ക്കാനുമുള്ള മനസാണ് മാതപിതാകള്‍ ആദ്യം രൂപപ്പെടുത്തേണ്ടത്. മറ്റുള്ളവരില്‍ നിന്നുള്ള അസ്വസ്ഥതയുളവാക്കുന്ന സ്പര്‍ശനത്തെ പറ്റി തിരിച്ചറിയുകയും, അനാവശ്യമായി ശരീര ഭാഗങ്ങളില്‍ പ്രത്യേകിച്ച് പിറകുവശം, നെഞ്ച്, കാലുകള്‍ക്കിടയില്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സ്പര്‍ശനത്തോട് 'നോ' പറയാന്‍ കുട്ടികളെ പ്രപ്തരാക്കേണ്ടതുമുണ്ട്.
മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു പറയുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ വീടുകളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമായ കാര്യമാണ്. കുട്ടികളേതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെങ്കില്‍ ചൈല്‍ഡ് ലൈന്‍ പോലുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുകയും അതുപോലെ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ മാനസിക അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ ആരോടോപ്പമാണ്,എന്ത് ചെയ്യുന്നു, കുട്ടിഎവിടെയാണ്, എങ്ങനെ ഇരിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ അത്യാവശ്യമാണ്. മനസിലടക്കി വയ്ക്കുന്ന പീഡനാനുഭവങ്ങള്‍ പലപ്പോഴും പിന്നീടുള്ള ജീവിതഘട്ടങ്ങളിലെ മാനസിക വ്യക്തി വികാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണ്.


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: