ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സൈബര്‍ ലോകം

By: സുജിത് ബാബു/കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌
'വല്ലതും പറയാനുണ്ടെങ്കില്‍ നേര്‍ക്ക് നേര്‍ വന്നു പറയടാ! ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വാടാ !' ഇതൊക്കെ സിനിമകളിലെയും നാടകങ്ങളിലെയുമൊക്കെ നായകന്മാരുടെ സ്ഥിരം വെല്ലുവിളികളായിരുന്നു. വ്യക്തി വൈരാഗ്യങ്ങളും കുടിപ്പകകളും, പകപോക്കലുമൊക്കെ പണ്ടൊക്കെ നേര്‍ക്ക് നേരായിരുന്നെങ്കില്‍ കാലക്രമേണ ഭീഷണിക്കത്തുകളുടെ രൂപത്തിലും പത്ര പ്രസ്താവനകളുമൊക്കെയായിമാറി. പരസ്പരം പോരടിച്ചിരുന്നവര്‍ നവ മാധ്യമങ്ങളുടെ വരവോടെ ഇന്റര്‍നെറ്റും ട്വിറ്റര്‍ പേജും, ഫേസ് ബുക്ക് പേജുകളുമൊക്കെ പരസ്പരം പോരടിക്കാനും കലഹിക്കാനുമൊക്കെയുള്ള മാര്‍ഗങ്ങളായി മാറ്റിയിരിക്കുന്നു.
രാവിലെ ചൂടോടെ കിട്ടിയിരുന്ന പത്രത്താളിന്റെ മണത്തോടൊപ്പം ചെറു ചൂടുള്ള കാപ്പിയോ ചായയോ കുടിച്ചുകൊണ്ട് ലോക വാര്‍ത്തകള്‍ തെല്ലും സംശയമില്ലാതെ വായിച്ചറിഞ്ഞിരുന്നപ്പോള്‍ അല്പം പരിഹാസത്തോടെ ആളുകള്‍ പറഞ്ഞിരുന്നു... പോയി പത്രം വായിക്കെടാ അല്പം വിവരം വയ്ക്കട്ടെ!
മാധ്യമങ്ങള്‍ നേരിന്റെ വഴിയെ പല സാമൂഹിക മാറ്റങ്ങളിലേക്കും നിയമ പോരാട്ടങ്ങളിലുമൊക്കെ മുന്‍നിരയില്‍ നിന്നുകൊണ്ട് തന്നെ വാര്‍ത്തകളെ ജന മധ്യത്തിലേക്കെത്തിക്കുമ്പോള്‍ ഒരു വശത്ത് വ്യക്തിഹത്യയും, ഇക്കിളി വാര്‍ത്തകളും, തൊഴിലാളികളുടെ ഉപയോഗശൂന്യമായ ന്യായീകരണ ചര്‍ച്ചകളും, കരിവാരിതേക്കലുമൊക്കെയായി മത്സരിക്കുകയാണ് ഒരു കൂട്ടം മാധ്യമങ്ങള്‍. ഇന്നുകള്‍ പ്രസ്ഥാനങ്ങളുടെ കാലമാണ്. അത് രാഷ്ട്രീയമാവട്ടെ മതമാവട്ടെ, സംഘടനകളാവട്ടെ, ഓരോരുത്തരും തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങളെയും ആശയങ്ങളെയും പ്രചരിപ്പിക്കാനുമൊക്കെയുള്ള ഉപാധികളായാണ് മാധ്യമങ്ങളെ കാണുന്നത്. ഏതു വാര്‍ത്ത വിശ്വസിക്കും എന്ന ആശയക്കുഴപ്പം പലപ്പോഴും വായനക്കാരിലും പ്രേക്ഷകരിലും ഉണ്ടാക്കുന്നുണ്ട്. ഓരോ മാധ്യമങ്ങള്‍ക്കും അതിന്റേതായ രാഷ്ട്രീയവും മതവുമൊക്കെയുണ്ടാകുമ്പോള്‍ നിഷ്പക്ഷത വെറും ടാഗ് ലൈന്‍ മാത്രമാവും. പലപ്പോഴും വ്യക്തി വൈരാഗ്യം തീര്‍ക്കാനും തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുമൊക്കെ പ്രത്യേകമായി മാധ്യമങ്ങളുടെ സഹായം സ്വീകരിക്കുകയും എന്തിനു വ്യക്തി പ്രഭാവം വര്‍ദ്ധിപ്പിക്കുന്നതിനുമൊക്കെ ഇത്തരം നവ മാധ്യമങ്ങളുടെയൊക്കെ സഹായത്തോടു കൂടി മാത്രമേ സാധിക്കുകയുള്ളൂ എന്ന സ്ഥിതി വന്നിരിക്കുന്നു.
ആധുനിക യുഗത്തില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള ആശയ വിനിമയം നടക്കുന്നത് ഓണലൈന്‍ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളായ ഫേസ് ബുക്കും വാട്ട്‌സാപ്പും ട്വിട്ടറിലൂടെയുമൊക്കെയാണ്. പുതിയ വാര്‍ത്തകള്‍ നിര്‍മ്മിക്കപ്പെടുന്നതിനും കിംവദന്തികള്‍ പടര്‍ന്നു പിടിക്കുന്നതിനും പരസ്പരം കലഹിക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനുമൊക്കെ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളോടും കൂടിയ ആശയവിനിമയം വളരെ കാര്യമായി തന്നെ ഉപയോഗിക്കപ്പെടുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുപയോഗിച്ചു മറ്റൊരു വ്യക്തിയെ സന്ദേശങ്ങളയച്ചും അശ്ലീല ചിത്രങ്ങളെടുത്തുമൊക്കെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ഇന്ന് നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
നിരവധി മേന്മകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പരസ്പരം കലഹിക്കാനും വേദനിപ്പിക്കാനുമൊക്കെയുള്ള ശക്തിയുണ്ട് ഇത്തരം മാധ്യമങ്ങള്‍ക്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മെട്രോ ട്രെയിനില്‍ ക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങിപ്പോയ സഹോദരന്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യനായതും, പരസ്യത്തിലെ പോലുള്ള ഒരു ഷര്‍ട്ട് ഇട്ടതിനു ഭംഗി കുറഞ്ഞു പോയി എന്നും പറഞ്ഞു ഒരു സാധാരണക്കാരനായ മനുഷ്യനെ പരിഹസിച്ചു വന്ന ട്രോളുകളുമൊന്നും ഒരു പാട് നാള്‍ മുന്‍പ് നടന്ന സംഭവങ്ങളല്ല.
എതിരാളികളെ തിരഞ്ഞു പിടിച്ചു വ്യക്തിഹത്യ നടത്താനും സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുമൊക്കെ ഇന്ന് ഇത്തരം മാധ്യമങ്ങള്‍ കാര്യമായി ഉപയോഗിക്കപ്പെടുന്നു. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കുാനുമുള്ള സൂത്രപ്പണികളൊക്കെ കൃത്യമായി അറിയാവുന്ന തന്ത്രശാലികളായ ഒരു സംഘം തന്നെ പലപ്പോഴും ഇത്തരം ജോലികള്‍ക്ക് നിയമിക്കപ്പെടാറുമുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന് വേര്‍തിരിച്ചു കാണുന്നതിനു പകരം ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ഇന്റര്‍നെറ്റ് ഇലക്ട്രോണിക് മധ്യമങ്ങളുടെ പങ്ക് വളരെ ഏറി വരികയാണ്.
ഇന്റര്‍നെറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ നമ്മുടെ മനസിന്റെ ഒരു ഭാഗം തന്നെ കൈയടക്കിയിരിക്കുന്നു. ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ ഇല്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു. നല്ലൊരു ശതമാനം ആശയ വിനിമയവും ഇത്തരം മാധ്യമങ്ങളെ അശ്രയിച്ചുമിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആശയ വിനിമയം ഇന്ന് വളരെയധികം വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. അതിനനുസരിച്ച് ഇത്തരം മാധ്യമങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ പലരൂപത്തിലും ഭാവത്തിലും ഏറിവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നതും.
എന്താണ് സൈബര്‍ ബുള്ളിയിങ്ങ്‌ ?
ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്താല്‍ മറ്റൊരു വ്യക്തിയെ മെസ്സെജുകളിലൂടെയോ മറ്റെതെങ്കിലും വിധേനയോ അയാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ വഴി ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന പ്രവൃത്തിയെ സൈബര്‍ ബുള്ളിയിങ്ങ്‌എന്നാണ് പറയുക.
ഒരു വ്യക്തിയെ പ്രത്യേക ഉദ്ദേശത്തോടു കൂടി ഏതെങ്കിലും ഗ്രൂപ്പില്‍ നിന്ന് ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തുക, വ്യക്തിയെ വേദനിപ്പിക്കുന്ന തരത്തിലോ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളയക്കുക, അനാവശ്യമായ മെസ്സജുകള്‍ മറ്റൊരാളുടെ പേജില്‍ ടാഗ ചെയ്യുക, മറ്റൊരാളുടെ അക്കൌണ്ട് ഹാക്ക് ചെയ്തുകൊണ്ട് ദുരുപയോഗം ചെയ്യുക, മറ്റൊരാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തില്‍ വളരെ അക്രമണ സ്വഭാവമുള്ള സന്ദേശങ്ങളയച്ചുകൊണ്ടേയിരിക്കുക , അത് പോലെ തന്നെ ഒന്നിലധികം പ്രൊഫൈലുകളുപയോഗിച്ചും മറ്റും പലരോടുമായി സംവദിക്കുകയും വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന തരത്തിലുള്ള പ്രവണതയും ലൈംഗിക പീഡനങ്ങളൊക്കെ സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്നു.
ഇത്തരം സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നവര്‍ അനുഭവിക്കുന്ന മാനസിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. പക്ഷെ അവയ്ക്ക് അര്‍ഹിക്കുന്ന മാനസിക പിന്തുണയോ പ്രാധാന്യമോ ആരും തന്നെ കൊടുക്കാറില്ല. ഏതൊരു തരത്തിലുള്ള മാനസിക പീഡനങ്ങളും പോലെ തന്നെ സൈബര്‍ ബുള്ളിയിങ്ങിന്‌ ഇരയാകേണ്ടി വരുന്നവര്‍ക്ക് കാര്യമായ മാനസിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു പൊതു സമൂഹത്തില്‍ ഒറ്റപ്പെടുന്നത്തിനു സമാനമായ മാനസികാവസ്ഥ ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയില്‍ വ്യക്തി ഒറ്റപ്പെടുമ്പോള്‍ അനുഭവിക്കുന്നുവെന്ന് ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിത ഉത്കണ്ഠ , വിഷാദ രോഗങ്ങള്‍, ആത്മഹത്യാ പ്രവണതകള്‍, തുടങ്ങിയവയൊക്കെ സൈബര്‍ ബുള്ളിങ്ങിനു ഇരയാകേണ്ടി വരുന്നവരുടെ ഇടയില്‍ കണ്ടു വരാറുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്തുകൊണ്ട് ചില ആളുകള്‍ സൈബര്‍ അഗ്രഷനിലേക്ക് വഴി മാറുന്നു..?
സൈബര്‍ ലോകത്ത് വളരെ സൗകര്യപ്രദമായ ഒരു ഇരിപ്പിടം എല്ലാ വ്യക്തികള്‍ക്കും ലഭിക്കുന്നുണ്ട്. ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്നും തികച്ചും വേറിട്ടൊരിടം. യഥാര്‍ത്ഥ ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തവര്‍ക്കായുള്ള നല്ല ഒരു ഒളിയിടമാണ് സൈബര്‍ ലോകം. സൈബര്‍ ലോകത്തിരുന്നു കൊണ്ട് മുഖത്ത് നോക്കാതെ എന്തും വിളിച്ചു പറയാനുള്ള ഒരു സ്വാതന്ത്ര്യം വ്യക്തിക്ക് ലഭിക്കുന്നുണ്ട്. തന്റെ അഗ്രഷനെ യാതൊരു മടിയും കൂടാതെ അഴിച്ചു വിടാന്‍ ഇത് മൂലം സാധിക്കുകയും ചില വ്യക്തികള്‍ക്ക് മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ സന്തോഷം ലഭിക്കുന്ന തരത്തിലുള്ള വൈകാരിക അവസ്ഥയ്ക്ക് കാര്യമായി തന്നെ ആശ്വാസം ലഭിക്കുകയും ചെയ്യുമെന്നുള്ളത് വസ്തുതയാണ്.
എന്തുകൊണ്ടാണ് ആളുകള്‍ സൈബര്‍ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അക്രമിക്കുന്നതെന്നും, ഏതു തരം വ്യക്തിത്വമുള്ളവരാണു ഇത്തരം പെരുമാറ്റങ്ങളിലേക്ക് വഴി തിരിയുന്നതെന്നുമുള്ള തരത്തിലുള്ള മനശാസ്ത്ര പഠനങ്ങള്‍ കുറവാണ്. ഗാമന്‍, ലീ (Gammon, Lee) തുടങ്ങിയ ഗവേഷകര്‍ രണ്ടായിരത്തി പതിനൊന്നില്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു തരത്തിലുള്ള വ്യക്തിത്വ സവിശേഷതകളുമായി സൈബര്‍ ബുള്ളിങ്ങിനു ബന്ധമുണ്ടെന്നു പറയുന്നു. ഡാര്‍ക്ക് ട്രയാട് ഓഫ് പേഴ്സ്സനാലിറ്റി (Dark Triad of Personaltiy) എന്നറിയപ്പെടുന്ന മൂന്നു തരത്തിലുള്ള സ്വഭാവങ്ങളുമായി ബന്ധമുണ്ടെന്നു പറയുന്നു. മാക്കിയവെല്ല്യനിസം (Machiavellianism), നാര്‍സിസം (narcissism), സൈക്കൊപ്പതി (spychopathy) തുടങ്ങിയ സ്വഭാവ സവിശേഷതകളുള്ള ആളുകള്‍ സൈബര്‍ ബുള്ളിങ്ങിലേക്ക് കാര്യമായി ഇടപെടുന്നുെവന്നു സൂചിപ്പിക്കുന്നു.
മാക്കിയവെല്ല്യനിസം(Machiavellianism): ഈ സ്വഭാവം അങ്ങേയറ്റം സ്വാര്‍ത്ഥതയെ സൂചിപ്പിക്കുന്നു. സ്വന്തം ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം കൊടുക്കുകയും, ആത്മാര്‍ത്ഥതയുള്ള വ്യക്തി ബന്ധങ്ങള്‍ക്കുമപ്പുറം പണത്തിനും അധികാരത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍. പൊതുവേ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കുവാന്‍ പ്രാപ്തിയുള്ളവരും,അതില്‍ ആത്മവിശ്വാസമുള്ളവരുമാണിത്തരക്കാര്‍. എന്നാല്‍ ആരോടും അത്ര വൈകാരികമായ അടുപ്പം കാത്തു സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയുമില്ല. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി വസ്തുതകള്‍ വളച്ചൊടിക്കുന്നവരും കാര്യമായി നുണകള്‍ നെയ്‌തെടുക്കുന്നവരുമാണിവര്‍. പലപ്പൊഴും മറ്റുള്ളവര്‍ ഇവരെ തിരിച്ചറിയാന്‍ വൈകാറുണ്ട്, അത്രമേല്‍ വസ്തുതകളെ വളച്ചൊടിക്കുന്നവരാണിവര്‍.
നാര്‍സിസം(Narcissism): ഈ സ്വഭാവമുള്ളവര്‍ ഞാന്‍ ഏറ്റവും ബഹുമാനിക്കപ്പെടേണ്ടതാണെന്നും,ഞാന്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠനാണെന്ന് സ്വയം വിശ്വസിക്കുകയും എല്ലാവരും തന്നിലേക്ക് മാത്രം ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. സ്വന്തം ശരീരത്തെയും സ്വത്വത്തെയും ഏറ്റവും തീഷ്ണമായി സ്‌നേഹിക്കുകയും ഞാന്‍ മാത്രം ശരി മറ്റുള്ളവരെല്ലാം തെറ്റ് എന്ന് ഉറച്ചു വിശ്വസിക്കുകയും മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം ശ്രേഷ്ടനാണെന്നു വാദിക്കുന്നവരുമാണിവര്‍.
സൈക്കൊപ്പതി (Psychopathy): ഈ സ്വഭാവരീതിയുള്ളവര്‍ മറ്റുള്ളവരുടെ മാനസികാവസ്ഥകളെ മനസിലാക്കുന്നതിനുള്ള തകരാറുകള്‍ കാണിക്കുകയും, മറ്റുള്ളവരുടെ വേദനയില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. എല്ലായ്‌പ്പോഴും സമൂഹത്തിനു എതിരായി പ്രവര്‍ത്തിക്കാനിഷ്ടപ്പെടുകയും നിയമങ്ങളെയും നിയമ നിയന്ത്രണങ്ങളോടും അങ്ങേയറ്റം വൈമുഖ്യം കാണിക്കുന്നവരും, നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തന്റേതായ ന്യായം കണ്ടു പിടിക്കുന്നവരുമാണ്. സൈക്കൊപതിക് സ്വഭാവ രീതിയുള്ളവരുടെ വിശ്വാസം തന്നെ ഈ ലോകം മുഴുവന്‍ ദുഷ്ടന്‍മാരും ചതിയന്മാരും സ്വാര്‍ത്ഥന്മാരുമാണെന്നുമാണ്. അതുകൊണ്ട് ഞാനും അങ്ങനെയാണ് എന്ന് ഊറ്റം കൊള്ളുന്നവരും, കുറ്റത്യങ്ങളിലേക്ക് യാതൊരു കുറ്റബോധവുമില്ലാതെ വീണ്ടും വീണ്ടും എടുത്തു ചാടുന്നവരുമാണ ഇവര്‍്. ആധുനിക മനോരോഗ ചികിത്സയില്‍ ഇത്തരം സ്വഭാവ സവിശേഷതകളെ ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ എന്നും ഡിസ്സോഷ്യല്‍ പേഴ്്‌സണാലിറ്റി ഡിസോഡര്‍ എന്നീ പേരുകളിലാണ് തരം തിരിച്ചിരിക്കുന്നത്.
ഈ മൂന്നു സ്വഭാവ രീതികള്‍ക്കും കുറ്റവാസനയുമായി ബന്ധമുണ്ടെങ്കിലും, ഗാമന്‍, ലീ തുടങ്ങിയവരുടെ നിരീക്ഷണത്തില്‍ സൈക്കൊപതിക് വ്യക്തിത്വമുള്ളവരാണു ഏറ്റവും അധികം സൈബര്‍ കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നതെന്നും മാക്കിയവെല്ല്യനിസം സ്വഭാവങ്ങളെ അപേക്ഷിച്ച് നാര്‍സിസ്ടിക് വ്യക്തിത്വ സവിശേഷതകളുള്ളവര്‍ നല്ലൊരു ശതമാനം സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നുവെന്നും നിരീക്ഷിക്കുന്നു.
ഒരു മനുഷ്യന്റെ കൗമാര കാലഘട്ടത്തിന്റെ ആരംഭത്തോട് കൂടിയായിരിക്കും ഇത്തരം സ്വഭാവ സവിശേഷതകള്‍ വ്യക്തികളില്‍ ഉടലെടുക്കുക. എന്നാല്‍ കുട്ടിക്കാലത്തു ചെറിയ തോതില്‍ ഇത്തരം സ്വഭാവ സവിശേഷതകള്‍ കുട്ടികള്‍ കാണിക്കാറുണ്ട്. ചെറുപ്പത്തിലെ തന്നെ വ്യക്തിത്വ വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് പ്രധാനം. ഇത്തരം കുട്ടികള്‍ക്ക് വ്യക്തിത്വ വികാസം പ്രത്യേക പരിഗണനയോടു കണ്ടു കൊണ്ടുള്ള പെരുമാറ്റ രൂപീകരണം അത്യാവശ്യമാണ്. അടിയുറച്ച ചിന്താരീതികളെ മാറ്റം വരുത്തിക്കൊണ്ടുള്ള കൊഗ്‌നിറ്റീവ്് ബിഹെയ്‌വിയര്‍ തെറപ്പി (Cognitive Behaviour Therapy) പോലുള്ള ചികത്സാ രീതികളില്‍ പരിശീലനം ലഭിച്ച ചികത്സ മനശാസ്ത്രജ്ഞന്റെ സഹായത്തോടെയുള്ള സൈക്കോ തെറപ്പിയും ചികത്സയുടെ ചില ഘട്ടങ്ങളില്‍ മരുന്നുപയോഗിച്ചുള്ള ചികല്‍സാ രീതിയും ആവശ്യമായി വന്നേക്കാം.


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: