നിരാലംബരായ ജനതയ്ക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് കുതന്ത്രശാലികള്‍ക്കറിയാം: അശോകന്‍ ചെരുവില്‍

ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷത്തില്‍ നിന്നു വിടര്‍ത്താനും എതിരാക്കാനും കോടികള്‍ ചെലവഴിച്ചുള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. കമ്യൂണിസ്റ്റുകാര്‍ ദൈവത്തിനും വിശ്വാസത്തിനും എതിരു നില്‍ക്കുന്നവരാണ് എന്ന കള്ള പ്രചരണം നടത്തുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആലംബം നഷ്ടപ്പെട്ട ജനതക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് ഈ കുതന്ത്രശാലികള്‍ക്ക് അറിയാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അശോകന്‍ ചെരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ദൈവവിശ്വാസവും കമ്യൂണിസ്റ്റുകാരും
തൊഴിലാളികളും കര്‍ഷകരുമാണ് എക്കാലത്തും എല്ലാ രാജ്യത്തും ഭരണവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനും ആക്രമണത്തിനും കൂടുതല്‍ വിധേയമാവുന്നത്. എന്നാല്‍ ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ മുതലാളിത്തത്തിന്റെ കാര്‍മ്മികത്വത്തില്‍ തന്നെ പരിപാലിക്കപ്പെടുന്ന ഇന്ത്യയില്‍ അതുമൂലം ജീവിതം പ്രതിസന്ധിയിലാവുന്ന വ്യത്യസ്ഥങ്ങളായ സാംസ്‌കാരിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരമപ്രധാനമാണ്.
സംസ്‌കാരികമായ (സാമുഹികവും) അതിജീവനത്തിനുവേണ്ടി ദളിത്, പിന്നാക്ക, ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. രാജ്യത്തെ ഇന്നത്തെ മുഖ്യമായ വര്‍ഗ്ഗസംഘര്‍ഷം ആ മേഖലയിലാണ് നടക്കുന്നത് എന്ന് തിരിച്ചറിയണം. ഈ പോരാട്ടത്തെ കേവലം സത്വരാഷ്ട്രീയ പ്രശ്‌നമായി കാണാന്‍ കഴിയില്ല. അടിച്ചമര്‍ത്തപ്പെടുന്നതു കൊണ്ടാണ് സ്വന്തം സാംസ്‌കാരിക സത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ ശ്രമിക്കുന്നത്.
ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷത്തില്‍ നിന്നു വിടര്‍ത്താനും എതിരാക്കാനും കോടികള്‍ ചെലവഴിച്ചുള്ള പ്രചാരണങ്ങള്‍ നടക്കുന്നു. കമ്യൂണിസ്റ്റുകാര്‍ ദൈവത്തിനും വിശ്വാസത്തിനും എതിരു നില്‍ക്കുന്നവരാണ് എന്ന കള്ള പ്രചരണം നടത്തുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ആലംബം നഷ്ടപ്പെട്ട ജനതക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് ഈ കുതന്ത്രശാലികള്‍ക്ക് അറിയാം. ഇടതുപക്ഷത്തു ചെന്നുപെട്ടാല്‍ നിങ്ങള്‍ക്ക് സ്വന്തം ദൈവത്തെയും തനതായ സാമൂഹ്യക്രമത്തെയും ആചാരങ്ങളയും ഉപേക്ഷിക്കേണ്ടി വരുമെന്ന് അവര്‍ ഭയപ്പെടുത്തുന്നു.
വ്യവസ്ഥയുടെ മുറിവേറ്റ ജനതയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ ഇടതുപക്ഷം മുന്നോട്ടു പോകില്ല എന്ന് ശത്രുക്കള്‍ക്ക് നിശ്ചയമുണ്ട്. മൂലധന സാമ്രാജ്യത്തത്തിന്റെ നടത്തിപ്പുപണി രാഷ്ട്രീയ ഹിന്ദുത്വം ഏറ്റെടുത്തു കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ ഒറ്റത്താപ്പില്‍ മതത്തെയോ ദൈവത്തെയോ അല്ല എതിര്‍ക്കേണ്ടത്. ഇന്ത്യന്‍ ഫാസിസത്തിന് ഘടന നല്‍കിയ വൈദീക പൗരോഹിത്യത്തെ തെരഞ്ഞുപിടിച്ചു തന്നെ എതിര്‍ക്കണം. അത് ഇന്ത്യന്‍ സംസ്‌കാരമല്ല എന്ന് വിളിച്ചു പറയണം.
ഇത്തരമൊരു പോരാട്ടത്തില്‍ അധസ്ഥിതന്റെ സംസ്‌കാരത്തെയും ആചാരങ്ങളേയും വിശ്വാസങ്ങളേയും അണിനിരത്താന്‍ കഴിയണം. വിശേഷിച്ചും അവന്റെ (കീഴാള) ദൈവത്തേയും. എത്രയോ വര്‍ഗ്ഗസമരങ്ങളില്‍ ദൈവം അധസ്ഥിതന്റെ കൂടെ നിന്നിട്ടുണ്ട് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാം. യുക്തിവാദവും ഭൗതീകവാദവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. മാത്രമല്ല യുക്തിവാദി വര്‍ഗ്ഗസമരത്തിലെ കക്ഷിയുമല്ല.


VIEW ON mathrubhumi.com


READ MORE BOOKS STORIES: