പുസ്തകം ജീവിതം

By: ആര്‍.എല്‍. ഹരിലാല്‍
ഐ.ജി.ബി. എന്ന് പ്രൊഫ. ഐ. ജി. ഭാസ്‌കരപ്പണിക്കരെ അടുപ്പമുള്ളവര്‍ സ്നേഹത്തോടെ വിളിക്കുന്നതാണ്. പുസ്തകശേഖരം ഒരു സാമ്രാജ്യമെങ്കില്‍ അതിലെ അനിഷേധ്യനായ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. ഐ. ജി.ബി.യുടെ കൈവശമുള്ളത്രയും പുസ്തകങ്ങള്‍ ഒരുപക്ഷേ, മറ്റാര്‍ക്കുമുണ്ടാവില്ല. അതത്രയുമാകട്ടെ വിപുലവും കനപ്പെട്ടതും. ആളെക്കാണിക്കാനുള്ള അലമാരയിലെ അലങ്കാരമായിരുന്നില്ല അദ്ദേഹത്തിന് പുസ്തകങ്ങള്‍. ഒരോന്നും അറിവിന്റെ ചക്രവാളങ്ങള്‍ താണ്ടാനുള്ള അക്ഷരയാനങ്ങള്‍.
വാങ്ങുന്ന പുസ്തകങ്ങള്‍ അത്രയും ഹൃദിസ്ഥമാക്കിയ മനീഷി. ഇന്ന പുസ്തകത്തിലെ ഇത്രാമത് പേജില്‍ എന്നുപറയാവുന്ന അസാധാരണമായ ഓര്‍മശക്തി. ശാസ്ത്രവും ജീവചരിത്രവും സാഹിത്യവും തത്ത്വചിന്തയും എല്ലാം ഐ.ജി.ബി.ക്കു വഴങ്ങും. പുസ്തകത്തിനായി ചെലവഴിച്ച പണം കണക്കുകൂട്ടിയാല്‍ ഒരുപക്ഷേ, അംബാനിയാകാമായിരുന്നുവെന്ന് തമാശയ്ക്ക് ചിലര്‍. ഏതുയാത്രയും അവസാനിക്കുന്നത് ഒരു പുസ്തകശാലയില്‍. ഏതു സമ്പാദ്യവും നീക്കിവെക്കുന്നത് പുസ്തകത്തിനായി. അതാണ് ഐ. ജി.ബി.യുടെ ജീവിതം. അത്രമേല്‍ പുസ്തകങ്ങളുടെ പ്രിയകാമുകന്‍. ഗുരുവായൂരപ്പന്‍ കോളേജിലെ ഈ പഴയ ഗണിതാധ്യാപകന്‍ വായനയുടെ ലോകം വിശാലമാക്കിയ വേറിട്ട പ്രതിഭയാണ്.
'വായിക്കുന്നതിപ്പോള്‍ കൂടുതലും ആനുകാലികങ്ങളാണ്. സി. രാധാകൃഷ്ണന്റെ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' നോവലാണിപ്പോള്‍ കൈയിലുള്ളത്.' ഗുരുവായൂരപ്പന്‍ കോളേജില്‍ ഐ.ജി.ബി.യുടെ പ്രസിദ്ധമായ ഗണിതക്ലാസില്‍ ഇരിക്കാന്‍വേണ്ടിമാത്രമാണ് താന്‍ ബിരുദത്തിന് ഐച്ഛികമായി ഗണിതമെടുത്തതെന്ന് ശിഷ്യന്‍ കൂടിയായ സി. രാധാകൃഷ്ണന്‍.
പുസ്തകപ്രണയിമാത്രമല്ല നിശിതമായ സാമൂഹിക വിമര്‍ശകന്‍കൂടിയാണ് ഐ.ജി. ബി. വിമര്‍ശം പക്ഷേ, സൗമ്യത ഒട്ടും ചോരാതെ മാത്രം. പഠിക്കുന്ന കാലത്തേ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകന്‍. കേരളത്തിലെ സ്വകാര്യ കോളേജ് അധ്യാപകര്‍ക് അസ്തിത്വവും വ്യക്തിത്വവും നല്‍കിയ സംഘടനാനേതാവ്. കോളേജില്‍ തന്നെ പുറത്താക്കാന്‍ തുനിഞ്ഞ പ്രിന്‍സിപ്പലിനെ ശിക്ഷിക്കാന്‍ ശ്രമിച്ച മാനേജ്‌മെന്റിനെതിരെ സത്യാഗ്രഹം നടത്തിയ വ്യക്തി. പ്രസന്നമായ പല മുഖങ്ങളുണ്ട് അദ്ദേഹത്തിന്. പക്ഷേ, ക്ഷരമില്ലാത്ത വിജ്ഞാനപീഠത്തില്‍ അദ്ദേഹം കുലപതിയാണ്.


VIEW ON mathrubhumi.com