ചില നുറുങ്ങ് കാര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്

By: മെര്‍ലിന്‍ രത്‌നം
'പാഠപുസ്തകങ്ങളില്‍ ഉള്ളതു മുഴുവന്‍ പഠിക്കുന്നതു നല്ലതു തന്നെ. പക്ഷേ നമ്മുടെ ജീവിതത്തിനു ചുറ്റുമുള്ള മറ്റു കാര്യങ്ങളും അതുപോലെ തന്നെ പ്രധാനമാണ്. എന്നും നമ്മുടെ സ്‌കൂളും പരിസരവും വൃത്തിയാക്കുക എന്ന മഹത്തായ കാര്യം ചെയ്യുന്ന ആളുടെ പേരുപോലും അറിയില്ലെന്നു പറയുന്നതു മോശമല്ലേ?' സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരത്തിലെ ഗോപി മാഷ് തന്റെ കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. ജീവിത തിരക്കുകള്‍ക്കിടയില്‍ പലതും മറന്ന് പാഞ്ഞോടുന്ന നമ്മള്‍ അവനവനോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം.
നമ്മള്‍ പലപ്പോഴും ചുറ്റുപാടും ശ്രദ്ധിക്കാറില്ല. പാലുകൊണ്ടുവരുന്ന ആന്റി, പത്രമിടുന്ന ചേട്ടന്‍, മീന്‍ കൊണ്ടു വരുന്നയാള്‍, ഓട്ടോ ഡ്രൈവര്‍ തുടങ്ങി അവരുടെ ജോലിക്കനുസരിച്ച് നമ്മളിടുന്ന പേരുകള്‍ മാത്രമാകും നമുക്കറിയാവുന്നത്. അല്ലാതെ അവരുടെ പേരെന്താണെന്ന് ചോദിക്കാനോ അവരുടെ സ്ഥലമെവിടെയാണെന്നോ അറിയാന്‍ നമ്മള്‍ അല്‍പം പോലും മെനക്കെടാറില്ല.
ഇത്തരം ചില നുറുങ്ങു കാര്യങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരം വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. ചിലപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി നമ്മള്‍ ചില നുണകളൊക്കെ പറയാറുണ്ട്. അതുപോലും പാടില്ലെന്ന ഓര്‍മ്മപ്പെടുത്തലും ഈ പുസ്തകം നമുക്ക് നല്‍കുന്നുണ്ട്. മാത്രമല്ല, സമയം ഫലപ്രദമായി ഉപയോഗിക്കണമെന്നും കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ വിനിയോഗിക്കണമെന്നും ഈ പുസ്തകം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
37 ചെറുകഥകളടങ്ങിയ ഒരു കഥാസമാഹാരമാണ് സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും. കുട്ടികളില്‍ നന്മയും ധാര്‍മ്മികമൂല്യങ്ങളും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിക്കാവുന്ന ഒരു പുസ്തകം. വെറുതെ വായിച്ചു കളയുകയല്ല, ഒരോ കഥയിലും ചിപ്പിക്കുള്ളിലെ മുത്തെന്ന പോലെ ഒരു സാരാംശം അടങ്ങിയിട്ടുണ്ടാകും.
ദുര മൂത്ത മനുഷ്യന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന അടങ്ങാത്ത ആഗ്രഹങ്ങളും അവന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളും വരുത്തി വയ്ക്കുന്ന വിനയാണ് മിക്ക കഥകളുടെയും സാരാംശം. എന്നാല്‍ അവയിലൊക്കെത്തന്നെ നല്ലൊരു ഗുണപാഠം അടങ്ങിയിട്ടുണ്ടാകും. കുഞ്ഞുങ്ങള്‍ക്കായിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും മികച്ച വായനാനുഭവം സമ്മാനിക്കുന്നതാണിത്. കുഞ്ഞുങ്ങളെ നല്ലപാഠം പറഞ്ഞ് ശീലിപ്പിക്കേണ്ട അവര്‍ മനസ്സിലാക്കേണ്ട ഗുണപാഠങ്ങളാണ് ഇവയിലേറെയും. കുഞ്ഞുങ്ങള്‍ക്ക് കഥ വായിച്ചു കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് അവനവനിലേക്ക് തിരിഞ്ഞു നോക്കാനുള്ള വഴികൂടിയാണ് ഈ സമാഹാരം.
ഇതില്‍ പാതയും പാദരക്ഷയും എന്ന ഒരു കഥയുണ്ട്. എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്. നഗ്‌നപാദനായി തീര്‍ത്ഥാടനത്തിനു പോയി വന്നപ്പോള്‍ മഹാരാജാവിന് പാതകള്‍ മൊത്തം തുകല്‍ വിരിക്കണം എന്ന ചിന്തയാണുണ്ടായത്. എന്നാല്‍ ആ തീരുമാനം മണ്ടത്തരമാണെന്നും അനേകം കന്നുകാലികളുടെ ജീവനു ഭീഷണിയാണെന്നും മനസ്സിലാക്കിയ ഒരു യുവാവ് പാതകളില്‍ തുകല്‍ വിരിക്കുകയല്ല വേണ്ടത്, പകരം പാദുകങ്ങളാണ് വേണ്ടത് എന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.
ഇത് തന്നെയാണ് നമുക്കും വേണ്ടത്. ആരെടുക്കുന്ന തീരുമാനമാണെങ്കിലും അത് ഉചിതമല്ലെന്നു തോന്നിയാല്‍ അത് തെറ്റാണെന്ന് പറയാനും അതിനൊരു പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള ആര്‍ജ്ജവം ഉണ്ടാകണം. അതുതന്നെയാണ് ഗുണപാഠ കഥകളിലൂടെ കുട്ടികള്‍ക്ക് പരിചിതനായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു വയ്ക്കുന്നതും.


VIEW ON mathrubhumi.com