കാലത്തിന്റെ കണ്ണുകള്‍; രഘു റായ് സംസാരിക്കുന്നു

By: ജോസഫ് മാത്യു
മറൈന്‍ ഡ്രൈവിലെത്തുമ്പോള്‍ രഘുറായ് ചോദിച്ചു: ഇത് കായലോ കടലോ? ദൂരെ അറബിക്കടലും അടുത്ത് കായലും അദ്ദേഹം കുറെനേരം നോക്കിനിന്നു. ഈ ചിത്രങ്ങള്‍ കണ്ണിന്റെ റെറ്റിനയില്‍ വന്നു പതിക്കുന്നതിനൊപ്പം തന്റെ ക്യാമറയിലേക്കും അദ്ദേഹം ഒപ്പിയെടുത്തു. മഴവില്‍ പാലത്തിനു താഴെ ഒരു കെട്ടിടത്തിന്റെ ഗ്ലാസ് ചുമരില്‍, സന്ധ്യയുടെ കുങ്കുമ രശ്മികളും മരച്ചില്ലകളും ചേര്‍ന്ന് സല്ലപിക്കുന്നതിന്റെ നിഴല്‍ദൃശ്യത്തിലേക്ക് ക്യാമറ തിരിച്ച് രഘുറായ് ഏറെ നേരം നിന്നു.
കായലിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇദ്ദേഹത്തിന്റെ നില്‍പ്പു കണ്ട് കൗതുകം. കായലിന്റെ ചിത്രമെടുക്കാതെ ഗ്ലാസ് ചുമരില്‍ എന്ത് ഫോട്ടോയെടുക്കാന്‍ എന്ന മട്ട്. ചാനല്‍ ക്യാമറ എത്തി രഘുറായിയുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ മനുഷ്യന്‍ ഏതോ വി.ഐ.പി.യാണെന്ന് മറൈന്‍ഡ്രൈവിലെ നടപ്പാതയില്‍ ഉണ്ടായിരുന്നവര്‍ക്ക് മനസ്സിലായത്. ചോദിച്ച് മനസ്സിലാക്കിയവര്‍ അദ്ദേഹത്തിന് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനെത്തി. പക്ഷേ പോസ് ചെയ്ത്, ക്യാമറയിലേക്ക് നോക്കി ചിരിച്ച് ഫോട്ടോയെടുക്കുന്നതിനോട് രഘുറായിക്ക് താത്പര്യമില്ല. ആളുകള്‍ ഒപ്പം നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകള്‍ മറ്റു കാഴ്ചകളിലേക്ക് മിഴി തുറന്നിരുന്നു.
അല്‍പ്പനേരം സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ രഘുറായിയാണ് നമുക്ക് പുറത്തെവിടെയെങ്കിലും ഇരിക്കാമെന്ന നിര്‍ദേശം വെച്ചത്. കായല്‍ക്കാറ്റേറ്റ് ചാരുബെഞ്ചില്‍ ഇരിക്കവെ അദ്ദേഹം പറഞ്ഞു: 'ഈ തണുത്ത കാറ്റ് നമുക്കു തരുന്ന ഊര്‍ജം വളരെ വലുതാണ്. നിങ്ങള്‍ ചോദിച്ചല്ലോ ഈ എഴുപത്തഞ്ചാം വയസ്സിലും ഈ ഉന്മേഷവും പ്രസരിപ്പും എങ്ങനെ സൂക്ഷിക്കുന്നുവെന്ന്. ഇതാണെന്റെ ഉത്തരം. പ്രകൃതിയെ അറിയുക. നിങ്ങള്‍ക്ക് അത് ഓരോ നിമിഷവും ഊര്‍ജം തരും.' ഈ മനുഷ്യന്‍ ക്യാമറയും തൂക്കി നടപ്പു തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ട് കഴിഞ്ഞു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ക്യാമറാമിഴികള്‍ സഞ്ചരിച്ചത്. അതില്‍ ഇന്ദിരാ ഗാന്ധി മുതല്‍ നരേന്ദ്ര മോദി വരെയുണ്ട്.
മന്‍മോഹനും മോദിയും
ഒരു നിശ്ചല ചിത്രത്തിന് ഒരുപാട് സംസാരിക്കാനുണ്ട് എന്ന് കാണിച്ചുതന്നയാളാണ് രഘുറായി. ഒരാള്‍ ഏകനായി, നിശബ്ദനായി ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഒരുപാട് അര്‍ഥവ്യാപ്തിയുള്ളതും അതിലേറെ സംസാരിക്കുന്നതുമായിരുന്നു. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു. എ.ഐ.സി.സി. സമ്മേളനത്തിലേക്ക് നടന്നുവരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വേദിയിലേക്ക് വന്നിട്ടും അദ്ദേഹത്തെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. രാഹുല്‍ഗാന്ധി, സോണിയഗാന്ധി എന്നിവര്‍ വന്നപ്പോള്‍ കരഘോഷവും ആര്‍പ്പുവിളികളും. വേദിയില്‍ അഞ്ചുമണിക്കൂറോളം ഇരുന്ന മന്‍മോഹന്‍ സിങ്ങിനോട് ആരും ഒന്നും സംസാരിച്ചിട്ടില്ലെന്ന് രഘുറായി ഓര്‍ക്കുന്നു. 'പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണം'. ആള്‍ക്കൂട്ടത്തിലെ ആ ഏകാന്തത രഘുറായി ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ആ നിശ്ശബ്ദതയുടെ അര്‍ഥവും മാനവും ലോകം ചര്‍ച്ച ചെയ്തു.
ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ബി.ജെ.പി. സമ്മേളനം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോദി എത്തുമ്പോള്‍ എല്‍.കെ. അദ്വാനി ഉള്‍പ്പെടുന്ന സീനിയര്‍ നേതാക്കള്‍ പോലും എഴുന്നേറ്റു. സദസ്സ് ആകെയൊന്ന് ഇളകി. ഏറെ അംഗവിക്ഷേപങ്ങളോടെയായിരുന്നു മോദിയുടെ പ്രസംഗം. ഓരോ നിമിഷവും ഒപ്പി രഘുറായി അവിടെയും ഉണ്ടായിരുന്നു. പ്രസംഗത്തിനിടെ ഇരുവശത്തേക്കും വിരിച്ച മോദിയുടെ കൈവിരലുകള്‍ താമര പോലെ വിരിഞ്ഞപ്പോള്‍ അത് രഘുറായിയുടെ മനോഹര ചിത്രങ്ങളിലൊന്നായി. 'ഒരിടത്തെ നിശ്ശബ്ദതയ്ക്ക് കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. മറ്റൊരിടത്ത് കാതുതുളയ്ക്കുന്ന വാക്ചാതുര്യം'. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഈ വാക്കുകളില്‍ രഘുറായി ഒതുക്കി. (ഇതെക്കുറിച്ച് പിന്നീട് അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചു: ദി ടെയ്ല്‍ ഓഫ് ടൂ, ആന്‍ ഔട്ട്ഗോയിങ് ആന്‍ഡ് ആന്‍ ഇന്‍കമിങ് പ്രൈം മിനിസ്റ്റര്‍)
മദര്‍ തെരേസയ്ക്ക് ഒപ്പം
മദര്‍ തെരേസയുടെ ചിത്രങ്ങള്‍ ഏറ്റവുമധികം പകര്‍ത്തിയിട്ടുള്ള ഫോട്ടോഗ്രാഫര്‍ ഒരുപക്ഷേ രഘുറായി ആയിരിക്കും. ആളുകള്‍ അറിയാതെ വളരെ സ്വാഭാവികമായി ഫോട്ടോയെടുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മദറിനെ എത്രയോ നാളുകള്‍ അദ്ദേഹം പിന്തുടര്‍ന്നു. മദറിനെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ 'സെയ്ന്റ് മദര്‍' എന്ന പേരില്‍ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു. മറൈന്‍ ഡ്രൈവിലെ ചാരുബെഞ്ചില്‍ അല്‍പ്പം ചരിഞ്ഞിരുന്ന് അദ്ദേഹം മദറിനെക്കുറിച്ച് സംസാരിച്ചു. 'ഒരിക്കല്‍ ആരോരുമില്ലാത്ത ഒരു ബ്രാഹ്മണ സ്ത്രീ വഴിയില്‍ വീണു കിടന്ന് കരയുകയായിരുന്നു. സഹായം തേടുകയാണെങ്കിലും ബ്രാഹ്മണരല്ലാത്ത ആരെയും അവര്‍ ശരീരത്ത് തൊടാന്‍ അനുവദിച്ചില്ല. മദറിന്റെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍മാര്‍ എത്തിയെങ്കിലും ഈ പ്രശ്‌നമുള്ളതിനാല്‍ തിരിച്ചുപോയി. വിവരമറിഞ്ഞെത്തിയ മദറിനോടും സ്ത്രീ ഇതേ കാര്യം പറഞ്ഞു. പക്ഷേ താനൊരു ബ്രാഹ്മിണ്‍ ആണെന്ന് മദര്‍ അവരോടു പറഞ്ഞു. നന്മ ചെയ്യുന്നതാണ് ബ്രാഹ്മണ്യം എന്നായിരുന്നു മദറിന്റെ വാദം'.
ഇന്ദിരാഗാന്ധിക്ക് ഒപ്പം
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി. ഫോട്ടോഗ്രാഫിയിലേക്ക് രഘുറായി പ്രവേശിക്കുന്ന കാലത്താണ് ഇന്ദിരാഗാന്ധിയെ അടുത്തു പരിചയപ്പെട്ടത്. 1967ല്‍ അവരുടെ ഓഫീസില്‍വെച്ച് രഘുറായി എടുത്ത ഒരു ചിത്രം ചരിത്രമായി. എന്തോ ഫയലുകള്‍ നോക്കിക്കൊണ്ടിരിക്കുന്ന ഇന്ദിര. ചുറ്റും ഒരുപറ്റം നേതാക്കള്‍ ഭക്തിഭയബഹുമാനാദികളോടെ നില്‍ക്കുന്നു (അതെ, ആരും ഇരിക്കുന്നില്ല). ഇന്ദിരയുടെ പിന്നില്‍ നിന്നെടുത്ത ആ ചിത്രം പാര്‍ട്ടിയിലും ഭരണത്തിലും അവര്‍ക്കുള്ള ആജ്ഞാശക്തിയുടെ പ്രതീകം കൂടിയായി. ജീവിതത്തില്‍ നല്ലതും ചീത്തയുമായ കാലത്തിലൂടെ കടന്നുപോയിട്ടുള്ള ഇന്ദിര, ആ അനുഭവങ്ങളിലൂടെ കരുത്താര്‍ജിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പില്‍ക്കാലത്ത് അവര്‍ അനുകമ്പയില്ലാത്ത നേതാവായെന്നും രഘുറായി പറയുന്നു.
രഘുറായ്
പഞ്ചാബിലെ ജംഗില്‍ ജനനം. ഇപ്പോള്‍ പാകിസ്താനിലാണ് ഈ സ്ഥലം. മുഴുവന്‍ പേര് രഘുനാഥ് റായ് ചൗധരി. 1962ല്‍ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. 18ലധികം പുസ്തകങ്ങള്‍ രചിച്ചു. ടൈം, ലൈഫ്, ജിയോ, ന്യൂയോര്‍ക്ക് ടൈംസ്, സണ്‍ഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇന്‍ഡിപ്പെന്‍ഡന്റ്, ന്യൂയോര്‍ക്കര്‍ എന്നിവയിലുള്‍പ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭോപ്പാല്‍ വാതക ദുരന്തം കവര്‍ ചെയ്തു. ഇതെക്കുറിച്ച് പിന്നീട് പുസ്തകവും ഡോക്യുമെന്ററിയും തയ്യാറാക്കി. പുസ്തകത്തിന്റെ പേര്: 'എക്സ്പോഷര്‍, എ കോര്‍പറേറ്റ് ക്രൈം.'
ലോക പ്രസ് ഫോട്ടോ ജൂറിയായി മൂന്നു തവണയും യുനെസ്‌കോയുടെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിന്റെ ജൂറിയായി രണ്ടു തവണയും പ്രവര്‍ത്തിച്ചു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. സഹോദരന്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ എസ്. പോള്‍.
സാധാരണയായി കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു നല്ല ഫോട്ടോഗ്രാഫറാകാന്‍ എന്തു ചെയ്യണം?
'അവിടെ അപ്പോള്‍ നൂറു ശതമാനവും ഉണ്ടാകുക' എന്നതാണ് പ്രധാനം. ചിന്തകളുടെയും ഫിലോസഫിയുടെയും ഭാരം തലയില്‍ ഉണ്ടാകരുത്. അങ്ങനെയാണെങ്കില്‍ നിങ്ങളൊരു രണ്ടാംകിടക്കാരനേ ആകൂ. സ്വതന്ത്രമായി പോകുക. കാണുക, അനുഭവിക്കുക, തിരിച്ചറിയുക, വിശകലനം ചെയ്യുക. അതാണ് ഒരു ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടത്. ചിലരെങ്കിലും അറേഞ്ച് ചെയ്ത് ഫോട്ടോയെടുക്കാറുണ്ട്. ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം. പക്ഷേ പ്രകൃതി നിങ്ങള്‍ക്കായി എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്.
അതിനു മുകളില്‍ ഒന്നും അറേഞ്ച് ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ഒരു സന്ന്യാസിയെപ്പോലെ ഏകാഗ്രത പുലര്‍ത്തണം. ഒറ്റ ദിവസം കൊണ്ട് മരിക്കുന്നതാവരുത് ചിത്രങ്ങള്‍. നിങ്ങളുടെ ചിത്രത്തെക്കുറിച്ച് സംസാരിക്കേണ്ടത് നിങ്ങളല്ല, ആ ഫോട്ടോയാകണം.
രഘുറായ് മറൈന്‍ഡ്രൈവില്‍. ചിത്രം: സിദ്ദിക്കുല്‍ അക്ബര്‍.
പ്രശസ്ത ഫോട്ടോഗ്രാഫറായ താങ്കളുടെ സഹോദരന്‍ എസ്. പോളിന്റെ സ്വാധീനത്താലാണോ ഈ മേഖലയിലെത്തിയത്?
പഞ്ചാബിലെ ജംഗി (ഇപ്പോള്‍ പാകിസ്താനില്‍)യിലാണ് എന്റെ ജനനം. ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത് പോളില്‍നിന്നാണ്. പക്ഷേ പിന്നീട് ആ തണലില്‍നിന്ന് പുറത്തുകടന്ന് ഒറ്റയ്ക്കായി യാത്ര. ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. നല്ല ചിത്രങ്ങള്‍ തേടി എത്രയോ സ്ഥലങ്ങളില്‍ അലഞ്ഞുനടന്നു. ഒരു നിശ്ചിത ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.
ആദ്യം സ്റ്റേറ്റ്സ്മാനിലും പിന്നീട് സണ്‍ഡെയിലും ജോലി ചെയ്തു. തുടര്‍ന്ന് ഇന്ത്യാ ടുഡെയില്‍. പിന്നീട് അവിടവും വിട്ടു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കും ഡിജിറ്റലിലേക്കും ഫോട്ടോഗ്രാഫി മാറി. പക്ഷേ നമ്മുടെ കണ്ണുകള്‍ മാറുന്നില്ലല്ലോ. ഒരു ടെക്നോളജിക്കും മറയ്ക്കാനാവില്ല, പ്രകൃതിയുടെ ടെക്നോളജിയെ.
ഏറ്റവും മറക്കാനാവാത്ത അനുഭവമെന്താണ്?
ഒരു ഫോട്ടോഗ്രാഫര്‍ക്ക് അങ്ങനെയൊന്നുണ്ടാവില്ല. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എന്റെ മാസ്റ്റര്‍പീസ് ഏതാണെന്ന്്. ഇന്ന് നമ്മള്‍ മാസ്റ്റര്‍പീസ് എന്ന് കരുതുന്നതിനേക്കാള്‍ മികച്ച ഒരു ചിത്രം നാളെ കിട്ടിയാലോ? ഭോപ്പാല്‍ വാതകദുരന്തം കവര്‍ ചെയ്യാന്‍ പോയത് മറക്കാനാകില്ല. കണ്ണുകള്‍ പാതി തുറന്ന ഒരു പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രമെടുക്കുമ്പോള്‍ അതൊരു ഐക്കണ്‍ ആകുമെന്നൊന്നും തോന്നിയിരുന്നില്ല. മനസ്സിനെ പിടിച്ചുലച്ച ദിവസങ്ങളായിരുന്നു അത്. ദുരന്തങ്ങള്‍ അങ്ങനെയാണ്. ഫോട്ടോഗ്രാഫര്‍ക്ക് മികച്ച ചിത്രങ്ങള്‍ കിട്ടും. പക്ഷേ വ്യക്തിപരമായി അത് വേദനയാകുകയും ചെയ്യും.
മാഗ്‌നം ഫോട്ടോസില്‍ അംഗമാണല്ലോ താങ്കള്‍. യഥാര്‍ഥത്തില്‍ എന്താണ് മാഗ്‌നം?
ലോകമെമ്പാടുമുള്ള കുറെ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു അന്താരാഷ്ട്രസഹകരണ കൂട്ടായ്മയാണിത്. ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ കാര്‍ട്ടിയര്‍ ബ്രെസന്‍ ആണ് എന്നെ ഉള്‍പ്പെടുത്തിയത്. അതില്‍ അംഗമാകാന്‍ നല്ല ചിത്രങ്ങളോ മികച്ച ചിത്രങ്ങളോ പോര. അസാധാരണ മികവുള്ള ചിത്രങ്ങള്‍ വേണം. ലോകത്തിന്റെ അടുത്ത കാലെത്ത ചരിത്രം രേഖപ്പെടുത്തുക, ലോകം എങ്ങോട്ടുപോകുന്നു എന്ന് അടയാളപ്പെടുത്തുക തുടങ്ങിയവയാണ് മാഗ്‌നം ചെയ്തുകൊണ്ടിരിക്കുന്നത്.
കാറിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കെ അദ്ദേഹം പറഞ്ഞു: 'കൊച്ചി ഏറെ മാറിയിരിക്കുന്നു. നാലോ അഞ്ചോ തവണ ഇവിടെ വന്നിട്ടുണ്ട്. ഇപ്പോഴാണ് സമ്പൂര്‍ണ മാറ്റം തോന്നുന്നത്'. മെട്രോ വന്നെങ്കിലും കുറച്ചുകൂടി നന്നായി നഗരം ഡിസൈന്‍ ചെയ്യാമായിരുന്നു എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. നഗരത്തില്‍ കാണുന്ന ഓരോ ചെറു കൗതുകത്തിലും രഘുറായിയുടെ ക്യാമറ പതിയുന്നു. എഴുപത്തഞ്ചു പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ കണ്ണുകളില്‍ എപ്പോഴും കൗതുകത്തിന്റെ തിളക്കം.


VIEW ON mathrubhumi.com