സമയരഥങ്ങളില്‍

By: അനൂപ് ഏലിയാസ്
ണ്ടികള്‍ ഒരിക്കലും കൃത്യമായ സമയം പാലിക്കാറില്ലെന്നത് അനുഭവംകൊണ്ട് നിശ്ചയമുണ്ടെങ്കിലും എഴുതപ്പെട്ട സമയത്തിനുംമുന്നേ കാത്തുനില്‍ക്കുക എന്നത് യാത്രക്കാരന്‍ എപ്പോഴും പാലിക്കേണ്ട നിയമമാണ്. നാലുമണിക്കൂറോളം ബസ്യാത്ര കഴിഞ്ഞുവേണം പത്തുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തീവണ്ടി യാത്ര. നഗരത്തിലേക്ക് ഒന്നരമണിക്കൂറിനിടയില്‍ മാത്രമുള്ള ബസുകളില്‍ അടുത്തത് വരാന്‍ പത്തുമിനിറ്റ് ബാക്കി നില്‍ക്കുമ്പോള്‍ മുതലാളിയുടെ ചോദ്യംകേട്ട് നെഞ്ചുകാളി.

''നിന്റെ കൊച്ച് സര്‍ക്കാര്‍ ആശുപത്രിയിലല്ലേ, പിന്നെന്തിനാ പൈസ?'' ഒന്നും പറയാതെ തലതാഴ്ത്തിനിന്നു. എന്തിന് തര്‍ക്കിക്കണം? ഇരന്നുശീലമായി. തീവണ്ടിക്ക് പൈസയില്ലാതെയും പോകാമെന്നായി. പക്ഷേ, ബസില്‍ ടിക്കറ്റെടുക്കാതെ വയ്യ... ''എന്താടാ, പൈസ തരുമ്പോഴെങ്കിലും ഒന്ന് ചിരിച്ചൂടെ നിനക്ക്...''

ചിരിച്ചു. മുഖത്തെവിടെയോ നഖപ്പാടുവീണ നീറ്റല്‍. വണ്ടിക്കൂലിക്കും മരുന്നിനും വേണ്ടിയുള്ള പൈസയ്ക്ക് ചിരിക്കുകമാത്രമല്ല, തലകുത്തി മറിയുകകൂടി ചെയ്യും. ആശുപത്രിയില്‍ കിടക്കുന്ന ജീവന്റെ അവസ്ഥയെപ്പറ്റി അന്വേഷണമില്ലെങ്കിലും തരുന്ന ചില്ലറയ്ക്ക് നന്ദിപ്രകാശിപ്പിച്ചേ പറ്റൂ.

നീണ്ട ബസ്യാത്രയൊടുങ്ങുമ്പോള്‍ രാത്രി വിളര്‍ത്തുതുടങ്ങിയിരുന്നു. ഇരിക്കാന്‍ ഇടമില്ലാത്ത സ്റ്റേഷന്റെ ഒരറ്റത്ത് മുഷിഞ്ഞ ബാഗ് പാദങ്ങള്‍ക്കിടയില്‍ തിരുകി പ്ലാറ്റ്ഫോമിലെ തൂണില്‍ ചാരുമ്പോള്‍ സ്വയം ശാസിച്ചു- ഉറങ്ങരുത്, വൈകിയോടുന്ന വണ്ടികളുടെ അറിയിപ്പുകള്‍ക്കുവേണ്ടി കാത് തുറന്നുവെക്കേണ്ടതുണ്ട്.

അപ്പോള്‍ പാര്‍ക്കിങ്ഗ്രൗണ്ടിലെ ഇടക്കിടെ മങ്ങിക്കത്തുന്ന നിയോണ്‍ വിളക്കില്‍നിന്ന് ഊര്‍ന്നിറങ്ങിയ നിഴല്‍വരകള്‍പോലെ രണ്ടുരൂപങ്ങള്‍ പ്ലാറ്റ്‌ഫോമിലെ അരമതില്‍ നൂണ്ട് കടന്നുവന്നു-ഒരാണും ഒരു പെണ്ണും. സ്ത്രീ ഇടറിയ കാല്‍വെപ്പുകളുമായി അരികിലേക്കുവന്ന് ധൃതികൊണ്ട് ഉഴറിയ ശബ്ദത്തില്‍ ചോദിച്ചു: ''നിങ്ങളുടെ വണ്ടി വരാറായോ?''

ഒന്നും പറഞ്ഞില്ല. ഒന്നും പറയാനായിട്ടില്ല. വണ്ടികള്‍ക്ക് എപ്പോള്‍വേണമെങ്കിലും കടന്നുവരാം. പക്ഷേ, സമയപട്ടികയനുസരിച്ച് കാത്തുനില്‍ക്കുകയാണ് യാത്രക്കാരന്റെ നിയോഗം.കൈയില്‍ ചുരുട്ടിവെച്ചിരുന്ന കുറച്ച് പൈസയും ബ്ലൗസിനുള്ളില്‍ തിരുകിവെച്ചിരുന്ന ഒരു കടലാസ് തുണ്ടും തന്നിട്ട് അവള്‍ ചോദിച്ചു: ''അരമണിക്കൂര്‍കൊണ്ട് വെളിച്ചാവും... കട തുറക്കുമ്പോഴേക്ക് ഈ മരുന്ന് വാങ്ങി ഒന്ന് ജനറലാശുപത്രിയില് കൊടുക്ക്വോ?'' പിന്നെ മുഖത്തുനോക്കാതെ ശബ്ദംതാഴ്ത്തി പറഞ്ഞു: ''എന്റെ മോനാ... പേര് ചീട്ടിലുണ്ട് ''

മുഷിഞ്ഞ ബനിയനുള്ളിലെ പഴകിയ പേഴ്‌സില്‍ ഭദ്രമായി പൊതിഞ്ഞുവെച്ചിരുന്ന ഇരന്നുവാങ്ങിയ നോട്ടുകള്‍ ഒരു നിമിഷം നെഞ്ചിലെ ചോരയില്‍ പാറിവീണ് നനഞ്ഞെന്നുതോന്നി. ദൂരെയൊരു നഗരത്തിലെ കാന്‍സര്‍ വാര്‍ഡില്‍ പിറ്റേന്നത്തെ മരുന്നിന് കാരുണ്യംകാത്ത് കിടക്കുന്ന കുഞ്ഞുമുഖം തെളിഞ്ഞുവന്നു. പക്ഷേ, എന്തെങ്കിലും പറയാന്‍ കഴിയുന്നതിനുമുമ്പ് എതിരേ ഒഴിഞ്ഞുകിടക്കുന്ന തീവണ്ടിയുടെ ഇരുട്ടുവീണ കൂടാരങ്ങള്‍ക്കിടയിലേക്ക് ആ മനുഷ്യന്‍ അവളെ ധൃതിയില്‍ വലിച്ച് കൂട്ടിക്കൊണ്ടുപോയി.

രാത്രിയുടെ പിടിയില്‍നിന്ന് കുതറാന്‍ ശ്രമിക്കുന്ന പുലര്‍കാലത്തിലൂടെ അധികം ദൂരെയല്ലാത്ത ആശുപത്രിയിലേക്ക് നടക്കുമ്പോഴും ആദ്യം തുറക്കപ്പെടുന്ന മരുന്നുകടയ്ക്കുമുന്നില്‍ കാത്തിരിക്കുമ്പോഴും വരാനിരിക്കുന്ന വണ്ടിയെക്കുറിച്ചുള്ള സമയബോധത്താല്‍ അയാള്‍ അസ്വസ്ഥനായിക്കൊണ്ടിരുന്നു. 

എന്നാല്‍, ഇരുട്ടുമുഴുവനായി വാര്‍ന്നുപോകാത്ത മോര്‍ച്ചറിയുടെ വാതിലിനുമുന്നില്‍ അവള്‍ക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ വരാനിരിക്കുന്ന വണ്ടികളുടെ സമയത്തെപ്പറ്റിയോ നെഞ്ചിനുസമീപം വിയര്‍ത്തുകുതിരുന്ന നോട്ടുകളെപ്പറ്റിയോ അയാള്‍ ഓര്‍ത്തതേയില്ല...



View on mathrubhumi.com