ആരോഗ്യം എന്നാല്‍ ചികിത്സമാത്രമാണോ?

By: കെ.പി നിജീഷ് കുമാര്‍
എന്താണ് ഒരു വ്യക്തിയുടെ ആരോഗ്യം. രോഗം വന്നാല്‍ ചികിത്സ തേടി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് താല്‍ക്കാലികമായി രോഗത്തെ മാറ്റി നിര്‍ത്തുന്നതാണോ ശരിയായ ആരോഗ്യം. ഇത് സംബന്ധിച്ച ചര്‍ച്ച ആരോഗ്യ വിദഗ്ധര്‍ക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ട് കാലം കുറെ ആയെങ്കിലും ശരിയായ ആരോഗ്യചിന്ത എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുള്ള ഉത്തരത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ നാം നേരിടന്ന ആരോഗ്യ പരിപാലനത്തിന്റെ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് ഡോ.പി.കെ ശശിധരന്റെ 'ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന പുസ്തകം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായുള്ള ദീര്‍ഘനാളത്തെ പ്രവര്‍ത്തന പാരമ്പര്യവും ജനകീയാരോഗ്യ രംഗത്തെ സജീവ ഇടപെടലുകളും തന്റെ യഥാര്‍ത്ഥ അനുഭവങ്ങളും പഠനവുമാണ് പുസ്തകത്തിന്റെ ഓരോ അധ്യായത്തിലും ഡോക്ടര്‍ ചേര്‍ത്തിരിക്കുന്നത്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും എപ്പോഴും അവഗണിക്കപ്പെടുന്ന പ്രാഥമികാരോഗ്യത്തിന്റെയും കുടുംബാരോഗ്യത്തിന്റെയും പ്രാധാന്യം പൊതു സമൂഹത്തിന് മുന്നില്‍ നിരത്താന്‍ മടിക്കാത്ത ഡോ.പി.കെ ശശിധരന്‍ മുളച്ച് പൊന്തുന്ന ചികിത്സാ കേന്ദ്രങ്ങള്‍ക്കൊണ്ട് മാത്രം മലയാളിയുടെ രോഗാതുരതയെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നില്ലെന്ന് വാദിക്കുന്നു.
ആരോഗ്യമെന്നാല്‍ വെറും ചികിത്സ മാത്രമല്ല മറിച്ച് ശാരീരിക, മാനസിക, പാരിസ്ഥിക സ്വാസ്ഥ്യം കൂടി ചേര്‍ന്നതാണെന്ന് തെളിവുകള്‍ സഹിതം വിശദീകരിക്കുന്നു. പക്ഷെ ഇത് പലപ്പോഴും രോഗിയും ഡോക്ടര്‍മാരും മനസിലാക്കുന്നില്ല. പകരം രോഗത്തിനുള്ള ഗുളികകളിലും മരുന്നുകളിലും നമ്മുടെ ചികിത്സ ഒതുങ്ങിപ്പോവുന്നുവെന്നും ശശിധരന്‍ ചൂണ്ടിക്കാട്ടുന്നു. ലോകോത്തര നിലവാരത്തിലുള്ളതാണ് നമ്മുടെ ആരോഗ്യ സുരക്ഷയെങ്കിലും ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ പകര്‍ച്ചവ്യാധികള്‍ക്കും, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കും ഇടം കൊടുക്കുന്നുണ്ട് കേരളം.
ഓരോ കാലവര്‍ഷം തുടങ്ങുമ്പോഴും കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്ന ഡെങ്കിപ്പനിയും, ചിക്കന്‍ ഗുനിയയും, പന്നിപ്പനിയുമെല്ലാം ഇതിന് ഉദാഹരണമാണ്. ഇതില്‍ നിന്നും രക്ഷ നേടിയില്ലെങ്കില്‍ ആരോഗ്യ സുരക്ഷയെ കുറിച്ച് എത്ര വാതോരാതെ സംസാരിച്ചിട്ടും കാര്യമായ ഫലമുണ്ടാവില്ലെന്ന് ശശിധരന്‍ തന്റെ പന്ത്രണ്ട് അധ്യായങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
എന്ത് കൊണ്ട് മലയാളികള്‍ക്കിടയില്‍ രോഗങ്ങള്‍ വര്‍ധിക്കുകയും അതിനനുസരിച്ച് പുതിയ പുതിയ ആശുപത്രികള്‍ ഉയര്‍ന്ന് വരികയും ചെയ്യുന്നുവെന്ന് ശശിധരന്‍ ഓരോ അധ്യായത്തിലും വിമര്‍ശനവിധേയമാക്കുന്നു. കുറെ ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമായില്ല, മറിച്ച് എങ്ങനെ കഴിക്കണമെന്നും അത് വഴി ജീവിതശൈലീ രോഗത്തെ എങ്ങനെ തടയാമെന്നും ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറം പറയുന്നു. ലോകത്ത് ഏറ്റവും കുടുതല്‍ പേര്‍ മരിക്കുന്നത് വിവിധ ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചിട്ടാണെങ്കിലും അതിന്റെ വലിയൊരു ഭാഗം സംഭവിക്കുന്നത് കേരളത്തിലാണ്. ഇതിന് പ്രധാനമായും പി.കെ ശശിധരന്‍ ചൂണ്ടിക്കാട്ടുന്നത് കേരളത്തിന്റെ തെറ്റായ ഭക്ഷണ രീതിയാണ്.
ഒരു ദിവസം മൂന്നോ നാലോ പ്രാവശ്യം മലയാളി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് പോഷകമുള്ള ഭക്ഷണമാണോ കഴിക്കുന്നത് എന്ന് ഉറപ്പാക്കുന്നില്ല. മാത്രമല്ല പരിസര ശുചിത്വത്തില്‍ മലയാളി കാട്ടുന്ന വിമുഖതയും മൂലം കേട്ട് കേള്‍വി പോലുമില്ലാത്ത രോഗങ്ങള്‍ പകരുന്നതിന് കാരണമാവുകയും ചെയ്യുന്നു. കേരളം നേരിടുന്ന ആരോഗ്യ പരിപാലന പ്രശ്നങ്ങള്‍ക്കപ്പുറം രാജ്യം നേരിടുന്ന മറ്റ് സവിശേഷ ആരോഗ്യ വെല്ലുവിളികളെ കുറിച്ചും കൃത്യമായി പഠന വിധേയമാക്കുന്നുണ്ട് 'ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറം' എന്ന പുസ്തകത്തിലൂടെ പി.കെ ശശിധരന്‍.


VIEW ON mathrubhumi.com