ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആ കറുത്ത കുതിര, സാക്ഷാല്‍ ഫെരാരി

By: സി. സജിത്‌
think as a winner and act as a winner you'll be quite likely to achieve your goal

വേഗത്തെ സ്‌നേഹിച്ച ഒരു മനുഷ്യന്റെ വാക്കുകളാണിത്. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു വേണ്ടി പ്രയത്‌നിച്ച എന്‍സോ ഫെരാരിയെന്ന മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ എഴുപത് വയസ്സ്. അദ്ദേഹം തുടങ്ങിവെച്ച പ്രസ്ഥാനം നാലു ബില്യണ്‍ യൂറോ വരുമാനമുള്ള കമ്പനിയായി മാറി. ലോകമെങ്ങും ആരാധകര്‍ കൊതിക്കുന്ന വിജയങ്ങള്‍. ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ കാറുകള്‍. വേഗത്തിന്റെ അടയാളമായി മാറിയ കുതിക്കുന്ന കറുത്ത കുതിരയുടെ അശ്വമേധം തുടരുകയാണ്. അവയുടെ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം. 

ചരിത്രം - ഔദ്യോഗികമായി 1947-ലാണ് ഫെരാരിയുടെ ജനനം എന്നു പറയുമെങ്കിലും അതിനും എത്രയോ മുമ്പ് തന്നെ ഇറ്റലിയിലെ മറേൈനല്ലാ എന്ന പട്ടണത്തില്‍ സ്‌പോര്‍ട്‌സ് കാറുകളെയും റേസിങ് ട്രാക്കുകളെയും നെഞ്ചോടു ചേര്‍ത്ത എന്‍സോ ഫെരാരി തന്റെ ചിന്തകള്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്നു. 1940-ല്‍ അദ്ദേഹം ഡിസൈന്‍ ചെയ്ത ആദ്യ കാര്‍ പുറത്തിറങ്ങി. എന്നാല്‍, ഔദ്യോഗികമായി ഫെരാരി എന്ന് നാമകരണം ചെയ്ത കാര്‍ പുറത്തിറങ്ങിയത് 1947-ല്‍ ആയതിനാല്‍ ഫെരാരിയുടെ ജനനം ആ വര്‍ഷമായാണ് കണക്കാക്കുന്നത്.

വിമാനത്തില്‍ ആലേഖനം ചെയ്ത ചിഹ്നം.  Source Image: stocklogos.com
1929-ല്‍ എന്‍സോ ഫെരാരി മൊഡേണയില്‍ സ്‌കുഡേറിയ ഫെരാരി എന്ന കമ്പനി  സ്ഥാപിച്ചത് റോഡിലിറങ്ങുന്ന കാറുകള്‍ക്ക് വേണ്ടിയായിരുന്നില്ല. റേസിങ് കാറുകളായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അല്‍ഫാ റോമിയോയ്ക്ക് വേണ്ടി അദ്ദേഹം മത്സരിച്ചു. പിന്നീട്  റേസിങ് മത്സരങ്ങളില്‍ നിന്ന് അല്‍ഫാ റോമിയോ പിന്‍മാറിയപ്പോള്‍ ആ സ്ഥാനം സ്‌കുഡേറിയ ഏറ്റെടുത്തു. 1939-ല്‍ അല്‍ഫാ റോമിയോയില്‍ നിന്ന് ഫെരാരി പിന്‍മാറി. തുടര്‍ന്നാണ് സ്വന്തമായി കാര്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് എന്‍സോ ചിന്തിക്കാന്‍ തുടങ്ങിയത്.    1940-ലായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ സ്‌പോര്‍ട്‌സ് കാര്‍ രംഗത്തിറങ്ങിയത്. 8 സിലിന്‍ഡര്‍ 815 സ്‌പൈഡര്‍ ആയിരുന്നു അത്. 1940-ല്‍ മിലെ മെര്‍ജിയയില്‍ സ്‌പൈഡര്‍ മത്സരിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഗവേഷണങ്ങളും റേസിങ്ങും കാര്‍ ഉത്പാദനവുമെല്ലാം നിലച്ചു. തുടര്‍ന്ന്, 1943-ല്‍ ഫെരാരിയുടെ ആസ്ഥാനം മൊണ്ടേനയില്‍ നിന്ന് മാരനെല്ലോയിലേക്ക് മാറ്റി. യുദ്ധാവസാന കാലത്താണ് ഔദ്യോഗികമായ ആദ്യ ഫെരാരി ജനിക്കുന്നത്. 1947-ല്‍ എന്‍സോ രൂപകല്പന ചെയ്ത 12 സിലിന്‍ഡര്‍ 125 എസ് പുറത്തിറങ്ങുന്നത്. മേയ് 11-ന് പിയാസെന്‍സ സര്‍ക്യൂട്ടില്‍ ഫ്രാങ്കോ കോര്‍ട്ടെസയായിരുന്നു ഇതിന്റെ വളയംപിടിച്ചത്. ഇതേ മാസംതന്നെ റോം ഗ്രാന്‍പ്രീ നേടിക്കൊണ്ട് ഫെരാരി റേസിങ് ട്രാക്കുകളില്‍ വരവറിയിച്ചു.   

1969-ലായിരുന്നു വ്യാവസായികാടിസ്ഥാനത്തിലേക്ക് കമ്പനി തിരിഞ്ഞത്. റേസിങ് ട്രാക്കുകളിലെ വിജയങ്ങള്‍ കമ്പനിയെ പ്രശസ്തിയിലേക്കുയര്‍ത്തി. അതോടൊപ്പം ആവശ്യക്കാരുമേറി. അപ്പോഴാണ് റോഡിലോടിക്കുന്ന കാറുകളെക്കുറിച്ചുള്ള ചിന്തയും എന്‍സോയിലുണ്ടായത്. 1969-ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കാറുകളുടെ നിര്‍മാണം ഉയര്‍ത്താനുള്ള ധനം സ്വരൂപിക്കാനായി ഫെരാരിയുടെ അന്‍പത് ശതമാനം ഓഹരികള്‍ ഫിയറ്റ് ഗ്രൂപ്പിന് വിറ്റു. പിന്നീട് വളര്‍ച്ചയുടെ കാലമായിരുന്നു. ഫിയറ്റിന്റെ ടൂറിനിലെ പ്ലാന്റില്‍ നിന്ന് ഫെരാരിയുടെ എന്‍ജിന്‍ ഘടിപ്പിച്ച് ഫിയറ്റ് ഡിനോ ഇറങ്ങി. ഇത് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു.  1988-ല്‍ എന്‍സോ ഫെരാരി അന്തരിച്ചു. ഫെരാരി നിര്‍മിച്ചതില്‍ പ്രശസ്തമായ സൂപ്പര്‍ കാര്‍ ഫെരാരി എഫ് 40 നിര്‍മിക്കുന്നതില്‍ മുന്‍കൈയെടുത്തായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 2002 മുതല്‍ 2004 വരെ ഫെരാരി നിര്‍മിച്ച സൂപ്പര്‍ കാറായിരുന്നു എന്‍സോ. അക്കാലത്തെ ഏറ്റവും വേഗംകൂടിയ കാറിന് അവരുടെ ഉപജ്ഞാതാവിന്റെ പേരുതന്നെ നല്‍കിയാണ് കമ്പനി ആദരിച്ചത്. 400 എണ്ണമായിരുന്നു എഫ് 60 എന്ന കാര്‍ നിര്‍മിച്ചത്. വിശിഷ്ട വ്യക്തികള്‍ക്കായിരുന്നു 399 എണ്ണവും നല്‍കിയത്. നാനൂറാമത്തെ കാര്‍ വത്തിക്കാന് സൗജന്യമായി നല്‍കി. ഈ കാറിന് ഏകദേശം നാലരക്കോടി രൂപയായിരുന്നു വില.    1991-ല്‍ ലൂക്ക ഡി മൊണ്ടെസ്മെലോ കമ്പനിയുടെ ചെയര്‍മാനായി ചുമതലയേറ്റു. 2014 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. ഇപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സെര്‍ജിയോ മക്രോണിയാണ് പിന്നീട് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2015-ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്ചേഞ്ചിലും 2016-ല്‍ മിലാന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചിലും സ്വതന്ത്ര കമ്പനിയായി രജിസ്റ്റര്‍ ചെയ്തു.

എന്റെ കാറുകള്‍ക്ക് ആത്മാവുണ്ട്... - കനത്ത മഞ്ഞുപെയ്തിറങ്ങുന്ന രാത്രിയായിരുന്നു അന്ന്. ഇറ്റലിയിലെ മൊഡേണ എന്ന കൊച്ചു പട്ടണത്തിനു പുറത്തുള്ള ഗ്രാമത്തില്‍ പിറന്ന കുട്ടിക്ക് മാതാപിതാക്കള്‍ എന്‍സോ അന്‍സെലോമൊ ഫെരാരിയെന്ന് പേരിട്ടു. കനത്ത മഞ്ഞില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിനാല്‍ അവന്റെ ജനനം രേഖപ്പെടുത്താന്‍ പിന്നെയുമെടുത്തു രണ്ടു ദിവസം. കുഞ്ഞ് എന്‍സോ വളര്‍ന്നു. പത്തുവയസ്സായ എന്‍സോയേയും കൂട്ടി അച്ഛന്‍ തൊട്ടടുത്ത ഗ്രാമത്തില്‍ കാര്‍ റേസ് കാണിക്കാന്‍ കൊണ്ടുപോയി. ഏറെ ആവേശഭരിതനായ എന്‍സോ അന്നുറപ്പിച്ചു, തന്റെ ലക്ഷ്യം റേസിങ് കാറുകളാണെന്ന്.   

എന്‍സോ ഫെരാരി (ഒരു പഴയ ചിത്രം). Source Image: stocklogos.com
എന്നാല്‍ വിധി വേറെയായിരുന്നു. അച്ഛനും സഹോദരനും പൊടുന്നനെ മരിച്ചപ്പോള്‍ കുടുംബഭാരം മുഴുവന്‍ കുഞ്ഞു എന്‍സോയുടെ തലയിലായി. അങ്ങനെ പഠനം പാതിവഴിക്കുപേക്ഷിച്ച് മോഡേണയിലെ വര്‍ക്ക്ഷോപ്പില്‍ ജോലിക്കു പോയിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധരംഗത്ത്  വെച്ച് ഗുരുതരമായി പരിക്കേറ്റു മടങ്ങി.  തുടര്‍ന്ന്, ഫിയറ്റില്‍ ജോലിക്ക് ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ചില്ലറ ജോലികളുമായി ഒതുങ്ങിയെങ്കിലും റേസിങ് കാറുകളോടുള്ള ഭ്രമം അദ്ദേഹം വിട്ടിരുന്നില്ല. മിലാനില്‍ സി.എം.എന്‍. എന്ന കമ്പനിയില്‍ ടെസ്റ്റ് ഡ്രൈവറായി ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുവെച്ചു. 1919-ലായിരുന്നു ആദ്യ റേസിങ്ങില്‍ അദ്ദേഹം പങ്കെടുത്തത്. നിരവധി മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. എന്നാല്‍, സ്വന്തമായി ഒരു റേസിങ് കാര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് 1929-ല്‍ സ്‌കുഡേറിയ ഫെരാരി എന്ന സ്ഥാപനം ആരംഭിച്ചത്. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ കാലമായിരുന്നു. 1987-ല്‍ അദ്ദേഹത്തിന്റെ സ്വപ്നവാഹനമായ എഫ് 40 പുറത്തിറക്കി. പൂര്‍ണമായും എന്‍സോയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ അവസാന വാഹനമായിരുന്നു അത്. തൊണ്ണൂറാം വയസ്സില്‍ 1988-ല്‍ അദ്ദേഹം അന്തരിച്ചു. 

ചാടുന്ന കറുത്ത കുതിര - ഫെരാരിയുടെ പ്രശസ്തമായ ലോഗോയ്ക്ക് പിന്നിലും ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റായ ഫ്രാന്‍സെസോ ബരാക്കയുടെ വിമാനത്തില്‍ ആലേഖനം ചെയ്ത ചിത്രമായിരുന്നു ഇത്. വിമാനത്തിന്റെ വാലില്‍ വളരെ വലുതായാണ് ഈ ചിത്രം വരച്ചിരുന്നത്.

യുദ്ധശേഷം ബരാക്കയുടെ മാതാപിതാക്കള്‍ ഈ ചിത്രം എന്‍സോയ്ക്ക് കൈമാറുകയായിരുന്നു. തന്റെ റേസിങ് കാറായ സ്‌കുഡേറിയയില്‍ അദ്ദേഹം ഇത് പതിച്ചു. തന്റെ നാടായ മോഡേണയുടെ ബഹുമാനാര്‍ഥം മഞ്ഞ പശ്ചാത്തലത്തിനു മുകളില്‍ ഇറ്റലിയുടെ ദേശീയപതാകയുടെ നിറങ്ങളും അദ്ദേഹം വരച്ചു ചേര്‍ത്തതാണ്. 

ഫോര്‍മുല വണ്‍ - എന്‍സോ ഫെരാരി കാര്‍ നിര്‍മിച്ചത് റോഡിലോടാനല്ല. ട്രാക്കുകളില്‍ പറക്കാനാണ്. എന്‍സോയുടെ സ്വപ്നങ്ങള്‍ പൂവണിയുന്നത് ഫോര്‍മുല വണ്‍ ട്രാക്കിലാണ്. കോടികള്‍ കൊയ്യുന്ന ഫോര്‍മുല വണ്‍ ട്രാക്കിലെ അനിഷേധ്യ രാജാവാണ് ഫെരാരി. ഏതുകാലത്തും അതില്‍ കുറവുവന്നിട്ടില്ല. ഫോര്‍മുല വണ്ണിന്റെ ചരിത്രത്തിന്റെ കാര്‍ഡ് നോക്കിയാലും മുന്നില്‍ നില്‍ക്കുന്നത് ഈ കറുത്ത കുതിര തന്നെയാണ്. 1950 മുതല്‍ തുടര്‍ച്ചയായി ഫോര്‍മുല വണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട് ഫെരാരി. 1951-ല്‍ ബ്രിട്ടീഷ് ഗ്രാന്‍പ്രീയിലായിരുന്നു ഫെരാരിയുടെ ആദ്യവിജയം.

പതിനാറ് തവണ കണ്‍സ്ട്രക്ടേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടി. പതിനഞ്ചു തവണ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പും. 228 മത്സരവിജയങ്ങളും സ്വന്തമാക്കിയ ഫെരാരി തന്നെയാണ് ഫോര്‍മുല വണ്‍ മത്സരരംഗത്തെ അതികായന്‍. ഫോര്‍മുല വണ്ണിലെ ജീവിക്കുന്ന ഇതിഹാസം മൈക്കിള്‍ ഷുമാക്കറുമായി ചേര്‍ന്നുള്ള വിജയങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു. ഫോര്‍മുല വണ്ണിന് പുറമെ മറ്റ് വിവിധ കാറ്റഗറികളിലും ഫെരാരിയുടെ കാറുകള്‍  മത്സരിക്കുന്നുണ്ട്. മറ്റ് കമ്പനികള്‍ക്ക് എന്‍ജിനുകളും വിതരണം ചെയ്യുന്നുണ്ട്. 

കാറുകളുടെ മായാലോകം - ട്രാക്കുകളില്‍ നിന്ന് റോഡിലേക്കുള്ള ഫെരാരിയുടെ മാറ്റം ആരംഭിക്കുന്നത് 1949-ലാണ്. ഫെരാരി 1661 ഇന്റര്‍ ആയിരുന്നു അത്. മിഡ് എന്‍ജിന്‍ കാറായ ഡിനോയെ അധികരിച്ചായിരുന്നു 1980 മുതല്‍ ഫെരാരിയുടെ കാര്‍ നിര്‍മാണം. വി 8 എന്‍ജിന്‍ ശക്തിനല്‍കിയ കാറുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. രണ്ടു സീറ്റില്‍ നിന്ന് നാലു സീറ്റിലേക്കും മിഡ് എന്‍ജിനില്‍ നിന്ന് എന്‍ജിന്‍ മുന്നിലേക്കും മാറി. മാറ്റങ്ങള്‍ കാലത്തിനനുസരിച്ച് വരുത്തി ഫെരാരി ആഗോളതലത്തില്‍ തങ്ങളുടെ കരുത്ത് കാത്തു സൂക്ഷിച്ചു. 1984-ല്‍ ഇറക്കിയ ഫെരാരി 288 ജി.ടി.ഒ.യാണ് കമ്പനിയുടെ ആദ്യ സൂപ്പര്‍ കാര്‍.

സൂപ്പര്‍ കാറുകളുടെ ശ്രേണി വന്നുനില്‍ക്കുന്നത് ലാ ഫെരാരിയിലാണ്. സങ്കല്‍പ്പ കാറുകളുടെ കാര്യത്തിലും ഫെരാരി പിന്നോട്ടുപോയിട്ടില്ല. ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ഫെരാരി മിത്തോസ് തന്നെയെടുക്കാം. നിര്‍മിക്കുന്ന കാറുകള്‍ക്ക് ഭംഗി വര്‍ധിപ്പിക്കാനായി എടുക്കുന്ന ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് മിത്തോസ് എന്നാണ് കമ്പനി പറയുന്നത്. അത് തങ്ങളുടെ നിര്‍മാണ മോഡലല്ലെന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2010-ല്‍ പ്രഖ്യാപിച്ച ഫെരാരി മിലെചിലിയാണ് മറ്റൊന്ന്. 

ഇന്ന് - അറുപത് രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഫെരാരിയുടെ കാറുകള്‍ കയറ്റിയയയ്ക്കപ്പെടുന്നു. ഇന്ത്യയില്‍ 2011 ലാണ് ഫെരാരി ഔദ്യോഗികമായി എത്താന്‍ തുടങ്ങിയത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക, ചൈന എന്നിവിടങ്ങളിലായി 200 ഡീലര്‍ഷിപ്പുകളാണ് ഫെരാരിക്കുള്ളത്. 

 



View on mathrubhumi.com