ആക്ടീവ തരംഗം ആവര്‍ത്തിക്കാന്‍ ഹോണ്ട ഗ്രാസിയ അവതരിച്ചു

റ്റവും പുതിയ അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന വിശേഷണവുമായി ഹോണ്ടയുടെ പുതിയ 125 സിസി സ്‌കൂട്ടര്‍ ഗ്രാസിയ വിപണിയിലെത്തി. ആക്ടീവ സ്‌കൂട്ടറിലൂടെ ഹോണ്ട സ്വന്തമാക്കിയ മാര്‍ക്കറ്റ് ലീഡര്‍ഷിപ്പ് നവീന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഗ്രാസിയയിലും തുടരാനാണ് കമ്പനിയുടെ ലക്ഷ്യം. നഗര പ്രദേശങ്ങളിലെ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഗ്രാസിയ എത്തിയത്. 57,897 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.  സ്റ്റാന്റേര്‍ഡ്, അലോയി, Dlx എന്നീ മൂന്നു വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. 

സൗകര്യ പ്രദമായ യാത്ര പ്രദാനം ചെയ്യുന്ന ഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് ഗ്രാസിയ എന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്. ഇതിന് പുറമേയാണ് ഗ്രാസിയ കൂടി എത്തിയത്. ഇന്ത്യയില്‍ കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 2 കോടി സ്‌കൂട്ടറുകളാണ് രാജ്യത്ത് വിററഴിച്ചത്. 

കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടെ ഹോണ്ട സ്‌കൂട്ടര്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. ആദ്യത്തെ വര്‍ഷം ആകെ 54,000 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഇപ്പോള്‍ ഒരു വര്‍ഷം 3 ലക്ഷം യൂണിറ്റുകളാണ് ഹോണ്ട വില്‍ക്കുന്നത്. പ്രീമിയം സ്‌കൂട്ടര്‍ വിപണിയിലേക്ക് ഹോണ്ട നല്‍കുന്ന ഏറ്റവും പുതിയ മോഡലാണ് ഗ്രാസിയ. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ മീറ്റര്‍, എകോ സ്പീഡ് ഇന്‍ഡികേറ്റര്‍ തുടങ്ങി സ്‌കൂട്ടര്‍ വിപണിയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഒട്ടേറെ പുതുമകള്‍ ഗ്രാസിയയിലുണ്ട് അദ്ദേഹം പറഞ്ഞു. 

124.9 സിസി ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമേകും. ഇക്വലൈസര്‍ സാങ്കേതിക വിദ്യയുളള കോംബി ബ്രേക്ക് സംവിധാനമാണ് ഗ്രാസിയയിലേത്. മുന്നിലേയും പിന്നിലെയും വീലുകളില്‍ ആനുപാതികമായ ശക്തി നല്‍കി നിയന്ത്രിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണിത്. പഴയ ബ്രേക്കുകളെ അപേക്ഷിച്ച് വാഹനങ്ങളുടെ ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായിക്കും. 

നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടിപ്പിച്ച് വിപണിയിലെത്തുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ഗ്രാസിയ. ഇരുട്ടിലും മികച്ച കാഴ്ച സമ്മാനിക്കാന്‍ ഇത് സഹായകരമാണ്. സാധാരണ ലൈറ്റുകളേക്കാള്‍ മികച്ച പ്രകാശ വിന്ന്യാസവും വിശാലമായ ദൃശ്യങ്ങളും എല്‍ഇഡി ലാമ്പ് നല്‍കും. 

മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന എകോ 3 സ്റ്റെപ്പ് എകോ സ്പീഡ് ഇന്‍ഡികേറ്റര്‍ സ്‌കൂട്ടറിലുണ്ട്. ഒറ്റ സ്വിച്ചിലൂടെ നാല് ലോക്കുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഉണ്ട്. സീറ്റ് ലോക്കര്‍ തുറക്കണമെങ്കില്‍ വണ്ടി ഓഫ് ചെയ്ത് കീ ഉപയോഗിക്കണമെന്നില്ല. പകരം ഒരു സ്വിച്ചിട്ടാല്‍ മതി. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള യൂട്ടിലിറ്റി പോക്കറ്റും ഗ്രാസിയയിലുണ്ട്. ഓപ്ഷണലായി സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജറും നല്‍കുന്നു.   

1812 എംഎം നീളവും 697 എംഎം വീതിയും 1146 എംഎം ഉയരവും 1260 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 155 എംഎം. 107 കിലോഗ്രാമാണ് ആകെ ഭാരം. മുഴുവന്‍ ഡിജിറ്റല്‍ സംവിധാനമാണ് സ്‌കൂട്ടറിലുളള്ളത്. സ്പീഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോ മീറ്റര്‍, ഫ്യുവല്‍ ഗേജ്, ക്ലോക്ക് എന്നിവ ഇതിലുണ്ട്‌.

മികച്ച ഡിസൈനോടു കൂടിയ ടെയില്‍ ലാമ്പും 3 ടോണുകളിലുള്ള മുന്‍ഭാഗവും വാഹനത്തിന് സ്‌പോട്ടി രൂപം നല്‍കുന്നു. സൈഡ് പാനലില്‍ 3ഡി ലോഗോ ഉള്‍പ്പെടുത്തിയിരിക്കുന്നു. മാറ്റ് മാര്‍വെല്‍ ബ്ലൂ മെറ്റാലിക്, നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ അമേസിങ് വൈറ്റ്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. സുസുക്കി ആക്‌സസ് 125, വെസ്പ VX 125 എന്നിവയാണ് ഗ്രാസിയയുടെ എതിരാളികള്‍. 



View on mathrubhumi.com