രാസവളമില്ലാതെയും കൃഷി ചെയ്യാം; പക്ഷേ സാങ്കേതിക വിദ്യ പ്രയോഗിക്കണം

By: നിത.എസ്.വി

ശരിയായ രീതിയിലുള്ള ജൈവകൃഷി പൂര്‍ണമായും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ പോളിഹൗസ് കൃഷിയില്‍ വിജയം നേടണമെങ്കില്‍ രാസവളങ്ങള്‍ ഉപയോഗിക്കാതെ നിവൃത്തിയില്ലെന്നാണ് അനുഭവ സമ്പന്നരായ കര്‍ഷകര്‍ പറയുന്നത്. ജൈവകൃഷിയും പോളിഹൗസ് കൃഷിയും ഒരുമിച്ച് കൈകാര്യം ചെയ്ത കര്‍ഷകര്‍ വ്യക്തമാക്കുന്നത് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും നല്ലത് മഴമറ കൃഷിയാണെന്നാണ്. പോളി ഹൗസ് കൃഷിയെക്കുറിച്ച് ജൈവകര്‍ഷകര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ചില കാര്യങ്ങള്‍ പങ്കുവെക്കാനുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ.വി.കെ രാജു 2006 മുതല്‍ ജൈവകര്‍ഷകനും കൂടിയാണ്. 'വില കൂടിയ ദ്രാവക രൂപത്തിലുള്ള രാസസംയുക്തങ്ങള്‍ പോളിഹൗസില്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ കൃഷി ഇത്രയ്ക്ക് ചെലവേറിയതാകുന്നത്. പോളി ഹൗസില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഫെര്‍ട്ടിലൈസറിനു പകരം പശുവിന്റെ മൂത്രത്തില്‍ നിന്ന് ദ്രാവകരൂപത്തിലുള്ള വളം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ നമ്മള്‍ കണ്ടെത്തണം. 19 % നൈട്രജന്‍, 19% ഫോസ്ഫറസ് ,19% പൊട്ടാഷ് എന്നിവയ്ക്ക് സമാനമായ ഫോര്‍മുലേഷന്‍ കണ്ടെത്തണം. ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യ എന്തുകൊണ്ട് ഉണ്ടാകുന്നില്ല? അങ്ങനെ പശുവിന്റെ മൂത്രത്തില്‍ നിന്നുമുള്ള ജൈവസംയുക്തങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ വളരെ വിജയകരമായി പോളി ഹൗസിലും ജൈവകൃഷി നടത്താം. പഞ്ചഗവ്യം അരിച്ചെടുത്ത ശേഷം പോളിഹൗസില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.'അദ്ദേഹം വ്യക്തമാക്കുന്നു.

ആത്മയുടെയും പഞ്ചായത്തിന്റെ ഏറ്റവും നല്ല പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് ചന്ദ്രന് ലഭിച്ചിട്ടുണ്ട്. 1993 ല്‍ ബ്ലോക്ക് ലെവലില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചത് ചന്ദ്രനായിരുന്നു.'പണ്ടുകാലങ്ങളില്‍ ചെറിയ തോതില്‍ രാസകീടനാശിനികള്‍ ഉപയോഗിച്ചിരുന്നു. ഇന്ന് നിശേഷം ഒഴിവാക്കി ജൈവകൃഷിയിലേക്ക് മാറി വരികയാണ്. ആദ്യ വര്‍ഷങ്ങളില്‍ ജൈവകൃഷിയായിരുന്നപ്പോള്‍ നല്ല ഉത്പാദനമായിരുന്നു. ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന രീതിയില്‍ അറിവില്ലാതെ കാര്‍ഷിക രംഗത്തേക്ക് വന്ന് പരിഷ്‌കാരം കൊണ്ടു വരാമെന്ന് പറഞ്ഞ ചിലരുടെ പ്രവൃത്തിയാണ് മണ്ണിനെ നശിപ്പിച്ചത്. സ്ഥലത്തെ തരംതിരിച്ചായിരിക്കണം കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. എന്നാല്‍ മാത്രമേ ലാഭമുണ്ടാകുകയുള്ളു." മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകന്റെ വാക്കുകളാണ് ഇത്. ദിവസവും ആയിരത്തില്‍ക്കൂടുതല്‍ തൈകളാണ് ചന്ദ്രന്റെ പോളിഹൗസില്‍ നിന്ന് വിറ്റഴിക്കുന്നത്.

കൃഷിഭൂമികള്‍ കുറയുന്നു; ഹൈടെക് കൃഷി വരണം

കാലത്തിനനുസരിച്ചുള്ള കൃഷിരീതി മുന്നോട്ട് കൊണ്ടു പോകണം. കൃഷിഭൂമികള്‍ കുറഞ്ഞുവരുമ്പോള്‍ ഹൈടെക് കൃഷിരീതികള്‍ വേണം. പുതിയ കാര്‍ഷിക രീതികള്‍ വിജയിപ്പിക്കണം. കീടനാശിനികള്‍ വേണ്ടാത്ത ഹൈടെക് കൃഷിരീതി കൂടുതല്‍ കൂടുതല്‍ ഉപയോഗത്തില്‍ വരുത്തണം. മനുഷ്യനും നാടിനും എല്ലാത്തിനും രാസവളം ദോഷമാണെന്ന് പറയാന്‍ പറ്റില്ലെന്ന് ചന്ദ്രന്‍ പറയുന്നു. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ മാത്രമേ രാസവളങ്ങള്‍ ഉപയോഗിക്കുന്നുള്ളു. രാസകീടനാശിനികളാണ് മാരകപ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ജൈവകൃഷി എന്ന രീതിയില്‍ കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്താല്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടില്ലെന്ന് ഈ ജൈവകര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതിക വിദ്യയും മട്ടുപ്പാവ് കൃഷിയും നമ്മള്‍ പ്രോത്സാഹിപ്പിക്കണം.

ഹൈടെക് ഫാമിങ്ങും സ്‌കൂള്‍ വിദ്യാര്‍ഥികളും

തുള്ളിനന ഏറ്റവും കുറഞ്ഞ ചെലവില്‍ കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ പറ്റിയ രീതിയാണെന്നും വിദ്യാര്‍ഥികള്‍ക്ക് അറിയാം. തുള്ളിനന ഉപയോഗിക്കുമ്പോള്‍ ആവശ്യമായ വെള്ളം മാത്രമേ ചെടികള്‍ക്ക് കൊടുക്കുന്നുള്ളു. ഇനിയൊരു ലോകമഹായുദ്ധം വരികയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്നതുകൊണ്ടു തന്നെ വെള്ളം ലാഭിക്കാന്‍ കഴിയുന്ന തുള്ളിനന എന്ന രീതി കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് ഇവര്‍ പറയുന്നു.

ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ്ങ് ചെലവേറിയ രീതിയാണെങ്കിലും കേരളത്തില്‍ ഏറ്റവും വിളവുത്പാദിപ്പിക്കാന്‍ നല്ലത് ഈ കണിശക്കൃഷി തന്നെയാണെന്ന് ഇവര്‍ വിശദമാക്കുന്നു. പോളിഹൗസിന്റെ തത്വങ്ങള്‍, മഴമറ, അക്വാപോണിക്‌സ്, തുള്ളിനന, വെര്‍ട്ടിക്കല്‍ ഫാമിങ്ങ് എന്നീ മോഡലുകളെല്ലാം ഇവിടെ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ജൈവകര്‍ഷകരും വിദ്യാര്‍ഥികളും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചൂണ്ടിക്കാണിക്കുന്നത് മഴമറ കൃഷി തന്നെയാണ്. മികച്ച വിളവുത്പാദിപ്പിക്കാന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പോളി ഹൗസ് കൃഷി യഥാര്‍ഥത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ വിളവുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന കൃഷിരീതിയാണ്. കര്‍ഷകര്‍ തിരിച്ചറിയേണ്ടതും ഇതാണെന്ന് ഓര്‍മിപ്പിക്കുകയാണ് അനുഭവസ്ഥര്‍.(തുടരും)

Read more

Part 1 : കേരളത്തില്‍ കൃഷി ഹൈടെക് ആയി; എന്നാല്‍ കര്‍ഷകരോ?

Part 2 : യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിച്ചത് ഹൈടെക് കൃഷി: ഡോ.പി.സുശീല

Part 3 : ഇത് വിജയന്റെ ഹൈടെക് വിജയം; പരാജയപ്പെട്ടവര്‍ക്ക് ഒരു പാഠംView on mathrubhumi.com

READ MORE AGRICULTURE STORIES: