മീന്‍കൃഷി അത്ര ചെറിയ കാര്യമല്ല ; ചെങ്കരയിലെ സംയോജിത കൃഷിയിടം

By: എ.കെ. ജയപ്രകാശ്
കോതമംഗലം: ഉപയോഗശൂന്യമായ വയലും പാറക്കുഴികളും കൃഷിക്ക് എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് കാട്ടിത്തരികയാണ് കോതമംഗലത്തെ രണ്ട് യുവകര്‍ഷകര്‍. സംയോജിത മത്സ്യകൃഷിയിലൂടെ സമ്പന്നരായ ഇവരുടെ കൃഷിരീതികള്‍ മാതൃകാപരമാണ്. ചെങ്കരയ്ക്ക് സമീപം പെരിയാര്‍വാലി കനാലിന്റെ ഇരുവശത്തുമായിട്ടാണ് ഇവരുടെ പ്രധാന കൃഷിയിടം. വെള്ളക്കെട്ടുമൂലം വര്‍ഷങ്ങളായി തരിശിട്ടിരുന്ന അഞ്ചര ഏക്കര്‍ പാടശേഖരവും ഉപയോഗശൂന്യമായ മൂന്ന് ഏക്കര്‍ പാറമടയുമാണ് ഇവരുടെ മത്സ്യസമ്പത്തിന്റെ ഉറവിടം. അലങ്കാരമത്സ്യങ്ങളും വളര്‍ത്തുമത്സ്യങ്ങളുമായി പ്രതിമാസം അഞ്ചുലക്ഷം മത്സ്യവിത്ത് ഉത്പാദനം നടത്തുന്നുണ്ട്. മത്സ്യക്കുഞ്ഞ് ഉത്പാദനത്തിനൊപ്പം ജൈവ പച്ചക്കറി, വാഴകൃഷി, പേര്‍ഷ്യന്‍ ക്യാറ്റ്‌സ്, താറാവ് ഇനത്തിലുള്ള വാത്ത, നാടന്‍കോഴി അങ്ങനെ നിരവധി കൃഷികള്‍ ഇവിടെ നടത്തുന്നുണ്ട്.
മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കുന്ന ലൂയിസ്
പത്തുവര്‍ഷം മുമ്പാണ് വേട്ടാമ്പാറ കാപ്പില്‍ ലൂയിസ് മത്സ്യകൃഷിയിലേക്ക് ഇറങ്ങിയത്. കൂട്ടിന് കറുകടം പുളിക്കാപ്പറമ്പില്‍ ശ്രീകാന്ത് രാജനും ഉണ്ട്. അത്യദ്ധ്വാനവും നൂതനമായ കൃഷിരീതിയും നടപ്പാക്കി മത്സ്യകൃഷിയുടെ വിജയഗാഥ തീര്‍ത്ത ലൂയിസിനെ തേടി ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ ഏറ്റവും മികച്ച മത്സ്യകര്‍ഷനുള്ള അവാര്‍ഡ് എത്തിയിരുന്നു.
ഇരുവരും ചേര്‍ന്ന് കീഴില്ലം, ചെങ്കര, കരിങ്ങഴ എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിലൂടെയാണ് മത്സ്യവിത്ത് വില്‍പ്പന നടത്തുന്നത്. ഹൈറേഞ്ചിലേക്കും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുമാണ് വില്‍പ്പന നടത്തുന്നത്. കീഴില്ലത്താണ് പ്രധാന വിപണന കേന്ദ്രം.
അലങ്കാരം മാത്രമല്ല; വളര്‍ത്തുമത്സ്യവും
തദ്ദേശ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം വിദേശ ഇനങ്ങളേയും ഉത്പാദിപ്പിക്കുന്നു.
ഗോള്‍ഡ് എയ്ഞ്ചല്‍, കോയ്കാര്‍പ്പ്, റെയിന്‍ബോ ഷാര്‍ക്ക്, ആല്‍ബിനോ റെയിന്‍ബോ ഷാര്‍ക്ക് തുടങ്ങി മുപ്പത് ഇനം അലങ്കാര മത്സ്യങ്ങളുടെ വിത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. എണ്‍പതോളം ഇനം മത്സ്യവിത്തുകളെ ഇവിടെ വില്‍പ്പന നടത്തുന്നുണ്ട്. കട്‌ല, രോഹു, മൃഗാള്‍, ഗ്രാസ് കാര്‍പ്പ്, ഗൗര, റെഡ് ബെല്ലി, അസം വാള, ഗിഫ്ട് തിലോപ്പിയ തുടങ്ങിയ പത്ത് ഇനം വളര്‍ത്തുമത്സ്യ വിത്തുകളും ഉത്പാദിപ്പിക്കുന്നുണ്ട്. റെഡ് ബെല്ലി, ഗിഫ്ട് തിലോപ്പിയ, വാള തുടങ്ങിയ ഇനങ്ങളുടെ വിത്ത് കൊല്‍ക്കത്തയില്‍ നിന്നാണ് കൊണ്ടുവരുന്നതെന്ന് ലൂയിസ് പറഞ്ഞു.
ബാക്കിയുള്ളവയെ ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് സീസണ്‍. ഓഫ് സീസണില്‍ വലിപ്പമുള്ള മത്സ്യങ്ങളെ വില്‍പ്പന നടത്തുമെന്ന് ശ്രീകാന്ത് പറഞ്ഞു. പരിചരണവും നല്ല ശ്രദ്ധയും നല്‍കിയാല്‍ പന്ത്രണ്ട് മാസവും നല്ല വരുമാനം ലഭിക്കുന്നതാണ് മത്സ്യകൃഷിയെന്നാണ് ഇവരുടെ അഭിപ്രായം. ഉള്‍നാടന്‍ ജലാശയങ്ങളിലൂടെ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടത്തിവരുന്നുണ്ട്. പെരിയാര്‍വാലി കനാല്‍ ബണ്ടിന്റെ ഇരുവശത്തുമുള്ള വയലില്‍ ബണ്ട് കീറി പൈപ്പ് ലൈനുകളും വലകളുമെല്ലാം മത്സ്യകൃഷിക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. വേനലില്‍ കനാല്‍ വെള്ളത്തെയും വര്‍ഷകാലത്ത് ഒഴുകിയെത്തുന്ന മഴവെള്ളത്തെയും ആശ്രയിച്ചാണ് കൃഷി നടത്തുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. മത്സ്യ ഉത്പാദനത്തിന് വേണ്ടിയുള്ള ബണ്ടിലാണ് പച്ചക്കറിയും വാഴയുമെല്ലാം കൃഷി ചെയ്യുന്നത്.
പഞ്ച് ഫേസ് : വില 10000 മുതല്‍ 40000 വരെ
പഞ്ച്‌ഫേസുള്ള പൂച്ചകളെ വേണോ, ഇവിടെ വന്നാല്‍ മതി. വിലകേട്ടാല്‍ ഞെട്ടരുത്. 40000 രൂപ വരെയുള്ള പേര്‍ഷ്യന്‍ പൂച്ചകളെയും ജോഡിക്ക് 2500 രൂപയ്ക്ക് മേല്‍ വിലയുള്ള താറാവ് ഇനത്തില്‍പ്പെട്ട വാത്ത പക്ഷികളെയും വിവിധയിനം നായ്ക്കളെയും വളര്‍ത്തി വില്‍പ്പന നടത്തുന്നുണ്ട്.
നീലക്കണ്ണും വെളുത്ത് രോമാവൃതമായ നിഷ്‌കളങ്ക നോട്ടമുള്ള പെണ്‍പൂച്ചകളും കറുത്തരോമവും ഉഗ്രനോട്ടവുമുള്ള തടിയന്മാരായ കണ്ടന്‍പൂച്ചകളും കൃഷിയിടത്തിലെ താരങ്ങളാണ്. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കാന്‍ ലൂയിസ് വലയെടുത്താല്‍ പൂച്ചകളെല്ലാം മീന്‍ കിട്ടാന്‍ ചുറ്റുംകൂടും.
ബണ്ടിന് ഇടയിലൂടെയുള്ള ചാലിലൂടെ അരയന്നത്തെ പോലെ നീന്തിത്തുടിക്കുന്ന വാത്തകളും കൃഷിസ്ഥലത്തെ കൗതുകക്കാഴ്ചയാണ്. പേരുപോലെ തന്നെ അന്വര്‍ത്ഥമാണ് ഇവിടത്തെ സംയോജിത കൃഷി.


VIEW ON mathrubhumi.com