പച്ചമരുന്നുകള്‍ കൊണ്ട് കന്നുകാലികളുടെ രോഗം മാറ്റും; ഇത് ഗുണ്ടറയുടെ ഡോക്ടര്‍

By: രമേഷ് കുമാര്‍ വെള്ളമുണ്ട

കന്നുകാലികളാണ് കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ മച്ചൂര്‍ ഗ്രാമത്തിന്റെ സമ്പത്ത്. ആയിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് നാലായിരത്തോളം കന്നുകാലികളുണ്ട്. എല്ലാം ഏതു കാലാവസ്ഥയോടും ഇണങ്ങുന്ന നാടന്‍ ഇനങ്ങള്‍. ഈ കന്നുകാലിക്കൂട്ടങ്ങള്‍ക്കെല്ലാം ഒരേ ഒരു വൈദ്യനുമാണ് നാഗരാജ്. പച്ചമരുന്നുകള്‍ കൊണ്ട് കന്നുകാലികളുടെ ഏതു രോഗവും മാറ്റുന്ന വൈദ്യകുടുംബത്തിലെ ഏറ്റവും അവസാനത്തെ കണ്ണി. പശുക്കളുടെയും കിടാരിയുടെയുമെല്ലാം അസുഖത്തിന് പച്ചമരുന്നുകള്‍ വാങ്ങാന്‍ കാടിനുനടുവിലെ ഗുണ്ടറ ഗ്രാമത്തിലെ നാഗരാജിന്റെ വീട്ടിലേക്ക് കബനികടന്ന് അനേകം മലയാളികളും എത്താറുണ്ട്.

അച്ഛന്‍ ദേവശ്ശേ ഗൗഡറാണ് മൃഗവൈദ്യത്തിലേക്ക് ഈ ഗ്രാമത്തെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വഴികാട്ടിയത്. ആറുമാസങ്ങള്‍ക്ക് മുമ്പ് ദേവശ്ശേ വൈദ്യര്‍ മരിച്ചതോടെ മൃഗ ചികിത്സ മകന്‍ നാഗരാജ് ഏറ്റെടുത്തു. വൈദ്യര്‍ മരിച്ചതറിയാതെ ദൂരെ ദിക്കില്‍ നിന്നും പച്ചമരുന്നുകള്‍ തേടി വീട്ടില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ചികിത്സ മകനും ഏറ്റെടുത്തത്. കാടിനുള്ളില്‍ നിന്നും കണ്ടെത്തിയ അനേകം പച്ചമരുന്നുകളുടെ കൂട്ടുകളാണ് ഓരോ രോഗത്തിനും പ്രത്യേകം നല്‍കുന്നത്.

മുറിവുണങ്ങുന്നതിനു മുതല്‍ എരണ്ടകെട്ടലിനും കുളമ്പുരോഗത്തിനും വരെ നാട്ടുവൈദ്യത്തില്‍ ഉത്തമ മരുന്നുണ്ടെന്നാണ് നാഗരാജ് പറയുന്നത്. വന്യജീവി സങ്കേതത്തിനകത്തുള്ള ഗ്രാമമെന്ന നിലയില്‍ കടുവയുടെയും മറ്റും ആക്രമണത്തില്‍ നിന്നും മുറിവേല്‍ക്കുന്ന കന്നുകാലികളെ ചികിത്സിക്കാനുള്ള ഉത്തരവാദിത്തമാണ് കൂടുതലായുള്ളത്. വഴിവക്കിലും കാട്ടിലും വീണുപോകുന്ന കന്നുകാലികളെ അവിടെ നിന്നു തന്നെ പച്ചമരുന്നുകള്‍ വെച്ചുകെട്ടി സുഖപ്പെടുത്തി തിരികെ എത്തിക്കാനും പോകേണ്ടി വരാറുണ്ട്.