തുറവൂര്‍: മനക്കോടം കോര്‍ത്തുപറമ്പ് വീട്ടില്‍  എണ്‍പത്തെട്ടുകാരന്‍ സനാതനത്തണ്ടാര്‍ക്ക് കൃഷിതന്നെയാണ് ജീവിതം. പടിഞ്ഞാറേ കരിനിലത്തില്‍ പാട്ടത്തിനെടുത്ത ഒന്നരയേക്കര്‍ പാടത്ത് ഇത്തവണയും  കൊണ്ടല്‍ക്കൃഷിക്ക് മികച്ച വിളവാണ് നേടിയത്.

ചീര, മത്തന്‍, വെള്ളരി, അച്ചിങ്ങപ്പയര്‍ തുടങ്ങിയവയാണ് വന്‍തോതില്‍ കൃഷിയിറക്കിയത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എന്‍.പി. തണ്ടാരുടെ സഹോദരന്‍ ഇദ്ദേഹം 18 വയസ്സുള്ളപ്പോഴാണ് കൃഷി ആരംഭിച്ചത്.

വീടുള്‍പ്പെടെയുള്ള 72 സെന്റ് പുരയിടത്തില്‍ ഓരോ വര്‍ഷവും വിളകള്‍ മാറിമാറി കൃഷിചെയ്തുകൊണ്ടിരിക്കും. പാവല്‍, പയര്‍, കുമ്പളം, ചേന, ചേമ്പ്, കപ്പ, അച്ചിങ്ങ എന്നിങ്ങനെ നീളുന്നു കൃഷിയിനങ്ങള്‍. പടിഞ്ഞാറന്‍ കരിനിലങ്ങള്‍ ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പാടങ്ങളാണ്.
 
പാടം വറ്റിച്ചശേഷം ലഭിക്കുന്ന പെയ്ത്തുവെള്ളത്തെ ആശ്രയിച്ചു നടത്തുന്ന കൃഷിയാണിത്. ക്വിന്റല്‍കണക്കിന് പച്ചക്കറികളാണ് ആദ്യകാലങ്ങളില്‍ ഇവിടെനിന്ന് കയറ്റിപ്പോയിരുന്നത്. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നെത്തിയാണ് കച്ചവടക്കാര്‍ ജൈവപച്ചക്കറികള്‍ സംഭരിച്ചിരുന്നത്.

എന്നാല്‍, ഇത്തവണ വിളകള്‍ക്ക് കാര്യമായ വില ലഭിച്ചില്ലെന്നാണിദ്ദേഹം പറയുന്നത്. കൃഷിയെ ഒരു സംസ്‌കാരമായിട്ടാണ് താന്‍ കാണുന്നതെന്നും അതുകൊണ്ടുതന്നെ പച്ചക്കറികള്‍ക്ക് വില ലഭിക്കാത്തത് ഒരുതരത്തിലും അലട്ടില്ലെന്നും സനാതനത്തണ്ടാര്‍ പറഞ്ഞു.