വിവാഹവാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Posted on: 06 Apr 2011
തുറവൂര്‍: വിവാഹവാഗ്ദാനം നല്കി വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസില്‍, വിവാഹിതനും കേബിള്‍ ടി.വി. ഓപ്പറേറ്ററുമായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചെല്ലാനം പഞ്ചായത്ത് മൂന്നാംവാര്‍ഡ് കളത്തില്‍ പ്രദീഷിനെ(30)യാണ് കുത്തിയതോട് സി.ഐ.യുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ചെല്ലാനം സ്വദേശിയായ യുവതി ചേര്‍ത്തല കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തിന്മേല്‍ കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡുചെയ്തു.
ഭര്‍ത്താവ് വിദേശത്തായിരുന്ന യുവതിയുടെ വീട്ടില്‍ പ്രദീഷ് കേബിള്‍ സര്‍വീസിങ്ങിനെത്തിയതിനെത്തുടര്‍ന്നാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. വിവാഹം കഴിക്കാമെന്ന് വാഗ്ദാനംചെയ്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. എഴുപുന്ന പി.എസ്.കവലയില്‍ വാടകവീടെടുത്ത് താമസിപ്പിച്ചും പഴനി, തിരുപ്പൂര്‍, മനക്കോടം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചത്രേ. കൂടാതെ മൊബൈല്‍ഫോണില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇരുവരുടെയും ജീവിതപങ്കാളികള്‍ വിവാഹമോചനത്തിന് ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇരുവര്‍ക്കും അഞ്ചുവയസ്സുവീതം പ്രായമായ കുട്ടികളുണ്ട്.
പ്രദീഷ് ബന്ധത്തില്‍നിന്ന് അകലം പാലിച്ചുതുടങ്ങിയതോടെയാണ് യുവതി കഴിഞ്ഞമാസം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്.