ശരീരം ചൊറിഞ്ഞുതടിക്കുന്നു; കുട്ടികളുടെ പഠനം പുഴുത്ത ഗോതമ്പിനൊപ്പം
Posted on: 28 Jan 2011
ഹരിപ്പാട്: പുഴുവരിക്കുന്ന ഗോതമ്പ് ചാക്കുകള്‍ ക്ലാസ്സില്‍ സൂക്ഷിക്കുന്നതിനാല്‍ കാര്‍ത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 37 ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ ദുരിതത്തില്‍. ഒരുമാസമായി പുഴുത്ത നിലയിലെ 20 ചാക്ക് ഗോതമ്പിനൊപ്പമാണ് കുട്ടികളുടെ പഠനം. ഗോതമ്പ് ഇവിടെനിന്ന് നീക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം ഐ.സി.ഡി.എസ്. അധികൃതര്‍ അവഗണിക്കുകയാണ്.
ഗോതമ്പ് ചാക്കിനുള്ളില്‍നിന്ന് പുറത്തുവരുന്ന പുഴുക്കള്‍ കുട്ടികളുടെ ശരീരം ചൊറിഞ്ഞ് തടിക്കാനിടയാക്കുന്നു. കുട്ടികള്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിലും ഈ പുഴുക്കള്‍ കടന്നുകൂടുന്നു. പാകം ചെയ്ത ഭക്ഷണപദാര്‍ഥങ്ങളില്‍നിന്ന് പുഴുക്കളെ എടുത്തു കളഞ്ഞശേഷമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളെ ഉച്ചയ്ക്ക് അങ്കണവാടിയില്‍ കിടത്തി ഉറക്കുന്ന പതിവ് ഇപ്പോള്‍ ഇവിടെയില്ല.
കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ ഗ്രാമപ്പഞ്ചായത്തുകളിലെ അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്നതിനുള്ള 20 ചാക്ക് ഗോതമ്പ് ഒരു മാസം മുമ്പാണ് ഹരിപ്പാട്ടെ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ളതാണിത്. ഹരിപ്പാട്ടെ പ്രോജക്ട് ഓഫീസില്‍ സൂക്ഷിച്ചശേഷം അങ്കണവാടികള്‍ക്ക് വിതരണം ചെയ്യേണ്ടതാണിത്. എന്നാല്‍, ഓഫീസില്‍ സ്ഥലസൗകര്യമില്ലെന്നുപറഞ്ഞാണ് അങ്കണവാടിയില്‍ എത്തിച്ചത്.
കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതാണ് 37 ാം നമ്പര്‍ അങ്കണവാടി. ഗോതമ്പിലെ പുഴുക്കള്‍ ഉപദ്രവം തുടങ്ങിയതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ അങ്കണവാടിയില്‍ വിടാന്‍ ഭയപ്പെടുകയാണ്. ഇതിനാല്‍ 30 വിദ്യാര്‍ഥികളില്‍ പകുതിയില്‍ താഴെമാത്രമാണ് ഇപ്പോള്‍ പഠിക്കാന്‍ വരുന്നത്.
ഐ.സി.ഡി.എസ്. ഡയറക്ടറേറ്റില്‍നിന്ന് അനുമതി വൈകുന്നതിനാലാണ് അങ്കണവാടിയിലെത്തിച്ച ഗോതമ്പിന്റെ വിതരണം വൈകുന്നതെന്ന് ഹരിപ്പാട്ടെ പ്രോജക്ട് ഓഫീസര്‍ പറഞ്ഞു. ഗോതമ്പിന്റെ പുറത്തുണ്ടാകുന്ന പ്രാണികള്‍ കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഗോതമ്പുവിതരണം ചെയ്യുമെന്ന് പ്രോജക്ട് ഓഫീസര്‍ വ്യക്തമാക്കി.