അശാസ്ത്രീയതയുടെ കരിങ്കല്‍ക്കെട്ടില്‍ അപകടം പതിയിരുന്നു
Posted on: 28 Jan 2011
തുറവൂര്‍: ടിപ്പര്‍ലോറി പാടത്തേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടം പതിയിരുന്നത് അശാസ്ത്രീയ കരിങ്കല്‍ക്കെട്ടില്‍. ഒരു ഭാഗം മാത്രം കരിങ്കല്‍ച്ചിറ കെട്ടിയുള്ള ഫാം റോഡില്‍ മറ്റു വണ്ടികള്‍ സുരക്ഷിതമായി കടന്നുപോകാന്‍ കരിങ്കല്‍ക്കെട്ടിനോടു ചേര്‍ത്ത് വണ്ടിയൊതുക്കിയ ഡ്രൈവറെ കാത്തിരുന്നത് മരണമായിരുന്നു. അശാസ്ത്രീയമായ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞതിനെത്തുടര്‍ന്ന് ഡ്രൈവര്‍ കാബിനോടു ചേര്‍ന്നഭാഗം ഒന്നരയാള്‍ താഴ്ചയുള്ള പാടത്തേക്കു മറിയുകയായിരുന്നു. പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സ്റ്റിയറിങ്ങില്‍ കാലുടക്കി ചെളിയില്‍ പുതഞ്ഞുപോയി.
26ന് രാവിലെ എട്ടുമണിയോടെ കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചങ്ങരം പടിഞ്ഞാറ് ചേരുങ്കല്‍ ഫാംറോഡിലായിരുന്നു അപകടം. അങ്കമാലി മുണ്ടാടന്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ അനൂപ് (24) ആണ് മരിച്ചത്. റോഡിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെമ്മണ്ണുമായാണ് അനൂപ് ലോറിയിലെത്തിയത്. എതിരേവന്ന മറ്റു രണ്ടു ടിപ്പര്‍ ലോറികള്‍ക്കു കടന്നുപോകാനാണ് തന്റെ വണ്ടി കരിങ്കല്‍ച്ചിറയോടു ചേര്‍ത്തു നിര്‍ത്തിയത്. പക്ഷേ, നിര്‍മാണഘട്ടത്തില്‍ത്തന്നെ അശാസ്ത്രീയമെന്ന് ആരോപണവിധേയമായ കരിങ്കല്‍ച്ചിറ തകരുകയും വണ്ടി പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ചേര്‍ത്തലയില്‍നിന്നെത്തിയ അഗ്‌നിശമനസേനയും കുത്തിയതോട് പോലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടുമണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് ചെളിയില്‍ പുതഞ്ഞുകിടന്നിരുന്ന മൃതദേഹം പുറത്തെടുത്തത്.
അരൂര്‍ മണ്ഡലത്തിന്റെ കരിനിലങ്ങള്‍ കേന്ദ്രീകരിച്ച് കോടികളാണ് കരിങ്കല്‍ച്ചിറ നിര്‍മിക്കുന്നതിനായി ചെലവഴിക്കുന്നത്. അശാസ്ത്രീയതകള്‍ ഏറെ ആരോപിക്കപ്പെട്ടാണ് ഓരോ കരിങ്കല്‍ച്ചിറയും പൂര്‍ത്തിയാക്കുന്നതും. പക്ഷേ, ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനോ, നിര്‍മാണസമയത്ത് വേണ്ടത്ര സുരക്ഷ ഉറപ്പാക്കാനോ അധികൃതര്‍ ശ്രമിക്കാറില്ല.
ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ റെനി ലൂക്കോസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമനസേനയും കുത്തിയതോട് സി.ഐ. എസ്. ശിവന്‍കുട്ടി, എസ്.ഐ. ടോമി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. എ.എം.ആരിഫ് എം.എല്‍.എയും സ്ഥലത്തെത്തി.