ധാര്‍മികമൂല്യങ്ങള്‍ ഉറപ്പാക്കുന്ന വിദ്യാഭ്യാസം സമൂഹസുസ്ഥിതിക്കാവശ്യം- ആര്‍ച്ച് ബിഷപ്പ്

Posted on: 28 Jan 2011



മുട്ടാര്‍: ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം ധാര്‍മികമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസമാണ് സമൂഹത്തിന്റെയും വ്യക്തിയുടെയും സമഗ്രമായ സുസ്ഥിതിക്കാവശ്യമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പറഞ്ഞു. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വജ്രജൂബിലി സമാപന സമ്മേളനവും സ്‌കൂള്‍ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പ്രധാനഘടകമായ മാതാപിതാക്കളെ സഹായിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സമൂഹത്തിലുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ ഹാളില്‍ വ്യാഴാഴ്ച 2.45ന് സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. പുതുതായി പണിയുന്ന ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ തറക്കല്ല് വെഞ്ചരിപ്പ് ആര്‍ച്ച്ബിഷപ്പ് നിര്‍വഹിച്ചു. പുനര്‍നിര്‍മിച്ച സ്‌കൂള്‍ മൈതാനത്തിന്റെ സമര്‍പ്പണവും ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മാണോദ്ഘാടനവും ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറല്‍ റവ.ഡോ.ജോസഫ് നടുവിലേഴം നിര്‍വഹിച്ചു.

കുട്ടനാട് മുന്‍ എം.എല്‍.എ ഡോ.കെ.സി.ജോസഫ് മുഖ്യാതിഥിയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം മേരിക്കുട്ടി ബാബു, പി.ടി.എ. പ്രസിഡന്റ് മാത്യു ഇ. സ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആനിമ്മ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അറുപതു വിദ്യാര്‍ഥികള്‍ ചേര്‍ന്നവതരിപ്പിച്ച വജ്രജൂബിലി ഗാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ് സ്വാഗതവും പ്രധാനാധ്യാപകന്‍ ജോയി ജോസഫ് നന്ദിയും പറഞ്ഞു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച പൂര്‍വ വിദ്യാര്‍ഥി സംഗമവുമുണ്ടായിരുന്നു.

More News from Alappuzha