ബസ്സില്‍നിന്നു കിട്ടിയ ബാഗില്‍ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍

Posted on: 28 Jan 2011



ചെങ്ങന്നൂര്‍: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്നു കിട്ടിയ ബാഗിനുള്ളില്‍ വ്യാജ ബിരുദ-ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റുകള്‍. ഇവ തയ്യാറാക്കാന്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന സീലുകള്‍, ഒപ്പുകള്‍, വിവിധ സര്‍വകലാശാലകളുടെ എംബ്ലങ്ങള്‍ തുടങ്ങിയവ ബട്ടര്‍ പേപ്പറിലെടുത്തതും ഒപ്പമുണ്ടായിരുന്നു.

കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, അണ്ണാമലൈ സര്‍വകലാശാല എന്നിവയുടെ പൂരിപ്പിക്കാത്ത ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ധാരാളമുണ്ട്. വ്യാജ ബിരുദദാന റാക്കറ്റിലെ പ്രധാന കണ്ണിയുടെതാണ് ബാഗെന്നു സൂചനയുണ്ട്. ഇയാളുടെ വസ്ത്രങ്ങളും ബാഗിലുണ്ടായിരുന്നു. ചെങ്ങന്നൂര്‍ ഇടനാട് വഴി പത്തനംതിട്ടയ്ക്കുള്ള ബസ് കഴിഞ്ഞ ദിവസം രാത്രി ചെങ്ങന്നൂരിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മഹേഷ് എം. കുമാര്‍ ഈ ബാഗ് കണ്ട് ഡിപ്പോയില്‍ ഏല്പിക്കുകയായിരുന്നു. പിന്നീട് ഡി.ടി.ഒ. ടി.സി. ജേക്കബ്, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ജി. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ബാഗ് പിന്നീടു പോലീസിനു കൈമാറി.

250ഓളം സര്‍ട്ടിഫിക്കറ്റുകളും നൂറുകണക്കിന് ബട്ടര്‍പേപ്പര്‍ പ്രിന്റുകളും ബാഗിലുണ്ട്. കേരളത്തിലെ മുതല്‍ യു.കെ.യിലെ സര്‍വകലാശാലയുടെതു വരെയാണ് സര്‍ട്ടിഫിക്കറ്റുകള്‍.

പത്തനംതിട്ട നാഷണല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ സൊസൈറ്റി, സി.കെ. സ്‌കൂള്‍ ഓഫ് നഴ്‌സിങ് ഡിപ്ലോമാ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി, ഫിസിയാട്രി, കേരള ഗവ. സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് രണ്ടാം വര്‍ഷ ഡിപ്ലോമ തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു.

പെണ്ണുക്കര സ്വദേശിയായ യുവാവ് മൂന്നുതവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റുണ്ട്. അങ്ങാടിക്കല്‍ തെക്ക് സ്‌കൂളിന്റെ ഈ സര്‍ട്ടിഫിക്കറ്റ് ജയിച്ചതാക്കി മാറ്റാനാവാം ശ്രമിച്ചതെന്ന് കരുതുന്നു.

സ്വകാര്യ സ്ഥാപനത്തിന്റെ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ ധാരാളമുണ്ട്. കുമ്പനാട് ഹെബ്രോണ്‍ ഐ.പി.സി. ചൈല്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡ്, കുമ്പനാട് സെന്റ് മേരീസ് കത്തോലിക്കാപ്പള്ളി എന്നിവയുടെ ലെറ്റര്‍ പാഡുകളും ബാഗില്‍ കരുതിയിരുന്നു. ചുനക്കര സ്വദേശിയുടെ മറ്റൊരു എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും ഇതിലുണ്ട്.

ബാഗ് ബുധനൂര്‍ പെരിങ്ങിലിപ്പുറം സ്വദേശിയുടെതാണെന്ന് സൂചനയുണ്ട്. ഇതിലുള്ള നോട്ടുബുക്കില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന രീതി പരാമര്‍ശിക്കുന്നതോടൊപ്പം യുവാവിന്റെ മേല്‍വിലാസവും നല്‍കിയിട്ടുണ്ട്. രണ്ടു വിലാസങ്ങളിലൊന്ന് വെണ്മണിയിലേതാണ്. അവിചാരിതമായി അപകടമോ മരണമോ സംഭവിച്ചാല്‍ ആദ്യവിലാസത്തില്‍ (പെരിങ്ങിലിപ്പുറത്തെ വിലാസം) ബന്ധപ്പെടണമെന്നും മരിച്ചാല്‍ കുടുംബവസ്തുവില്‍ അടക്കണമെന്നും മകനെക്കൊണ്ട് ഹൈന്ദവാചാരപ്രകാരം കര്‍മങ്ങള്‍ ചെയ്യിക്കണമെന്നും ബുക്കില്‍ എഴുതിയിട്ടുണ്ട്. മേല്‍വിലാസക്കാരന്റെതെന്നു കരുതപ്പെടുന്ന പഴക്കം ചെന്ന ചിത്രവും ഇതിലുണ്ട്. സി.ഐ. ആര്‍. ജോസിന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

More News from Alappuzha