ഡിവൈ.എസ്.പി.ബി. രവീന്ദ്രപ്രസാദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted on: 28 Jan 2011



മാവേലിക്കര:ദുരന്തനിവാരണ പരിശീലനത്തിന്റെ ഭാഗമായ മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ആലപ്പുഴ ഡിവൈ.എസ്.പി. ബി.രവീന്ദ്രപ്രസാദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പോലീസ് ബഹുമതികളോടെ മാവേലിക്കര കോട്ടയ്ക്കകം തറമേല്‍ ഗോവിന്ദഭവനം വീട്ടുവളപ്പിലായിരുന്നു ശവസംസ്‌കാരച്ചടങ്ങ്.

ചൊവ്വാഴ്ച ഉച്ചയോടെ ആലപ്പുഴ വഴിച്ചേരി ഇ.എസ്.ഐ. ഡിസ്‌പെന്‍സറി കവാടത്തില്‍ നടന്ന മോക്ഡ്രില്ലിനിടെ ഫയര്‍ഫോഴ്‌സ് വാഹനത്തിനും മതിലിനുമിടയില്‍ ഞെരുങ്ങി ഗുരുതരമായി പരിക്കേറ്റ രവീന്ദ്രപ്രസാദിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ 2.20ന് അന്ത്യം സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച 11 മണിയോടെ ആലപ്പുഴ എസ്.പി.ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് കുടുംബവീടായ ചെറുകോല്‍ വാര്യവീട്ടില്‍ എത്തിച്ചു. വൈകീട്ട് അഞ്ച് മണിയോടെ മാവേലിക്കര കോട്ടയ്ക്കകം തറമേല്‍ ഗോവിന്ദഭവനം വീട്ടിലേക്കു മാറ്റി.

സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സഹകരണമന്ത്രി ജി.സുധാകരന്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍, സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, എം.പി.മാരായ കൊടിക്കുന്നില്‍സുരേഷ്, പ്രൊഫ. പി.ജെ. കുര്യന്‍, എം.എല്‍.എ.മാരായ എം.മുരളി, കെ.കെ. ഷാജു, ബി. ബാബുപ്രസാദ്, പി.സി. വിഷ്ണുനാഥ്, മുന്‍ എം.പി. സി.എസ്.സുജാത, ഡി.ജി.പി.ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി.മാരായ വിന്‍സന്റ് എം.പോള്‍, പി.ചന്ദ്രശേഖരന്‍, ഐ.ജി. ബി.സന്ധ്യ, ഡി.ഐ.ജി.മാരായ ഇ.ജെ. ജയരാജ്, മനോജ് എബ്രഹാം, എസ്.പി.മാരായ എ. അക്ബര്‍, ജേക്കബ് ജോബ്, ഹര്‍ഷിത അട്ടല്ലൂരി, എസ്.ശശികുമാര്‍, സുരേഷ്‌കുമാര്‍, അസി.കമ്മീഷണര്‍മാരായ സുനില്‍ ജേക്കബ്, പി.എം.വര്‍ഗീസ്,കളക്ടര്‍ പി.വേണുഗോപാല്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍, എ.ആര്‍.ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് ചന്ദ്രമോഹന്‍, ചെങ്ങന്നൂര്‍ സബ് കളക്ടര്‍ എസ്.ഹരികിഷോര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവരുടെ തിരക്കുമൂലം രാവിലെ 11ന് നിശ്ചയിച്ചിരുന്ന സംസ്‌കാരം 12.30ഓടെയാണ് നടന്നത്. രവീന്ദ്രപ്രസാദിന്റെ ഇളയസഹോദരനും ആലുവ സി.ഐ.യുമായ കെ.ബി. പ്രഫുല്ലചന്ദ്രനാണ് ചിതയ്ക്ക് തീകൊളുത്തിയത്. ഇതിനു മുമ്പ് പോലീസ് സേന മൂന്നുതവണ ആചാരവെടി മുഴക്കി.

2612-ാം നമ്പര്‍ ചെറുകോല്‍ പടിഞ്ഞാറെവഴി മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ശവസംസ്‌കാരച്ചടങ്ങുകള്‍.

ചെറുകോല്‍ വാര്യവീട്ടില്‍ പരേതനായ റിട്ട.എസ്.ഐ. ഭാസ്‌കരന്‍ നായരുടെയും തങ്കമ്മയുടെയും മകനാണ്‌സുഹൃദ്-ബന്ധുവലയങ്ങളില്‍ ഗോപന്‍ എന്നറിയപ്പെടുന്ന ബി.രവീന്ദ്രപ്രസാദ്.

ഭാര്യ പി.രാജലക്ഷ്മി( അധ്യാപിക, എന്‍.എസ്.എസ്.ഗേള്‍സ് ഹൈസ്‌കൂള്‍ പന്തളം). വെച്ചൂച്ചിറ നവോദയ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഗൗരിലക്ഷ്മിയും എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി മാധവിലക്ഷ്മിയുമാണ് മക്കള്‍. സഞ്ചയനകര്‍മങ്ങള്‍ തിങ്കളാഴ്ച രാവിലെ 9ന്.

More News from Alappuzha