കണ്ടിരിക്കുമോ ആ ചിത്രം?

Posted on: 28 Jan 2011


എസ്.ഡി.വേണുകുമാര്‍



ആലപ്പുഴ: ആഗ്രഹിച്ച ആ ചിത്രം കണ്ടിട്ടാകുമോ ഡിവൈ.എസ്.പി. രവീന്ദ്രപ്രസാദ് മരണത്തിന് കീഴ്‌പെട്ടിരിക്കുക. അതോ ഇപ്പോഴും അദ്ദേഹത്തിന്റെ ഇ മെയില്‍ ഇന്‍ബോക്‌സില്‍ തുറക്കാതെ കിടക്കുകയാണോ അത്?

രണ്ടാഴ്ച മുന്‍പ് അമ്പലപ്പുഴയില്‍ ക്ഷേത്രദര്‍ശനത്തിനുവന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയോടൊപ്പം ഒരുഫ്രെയിമില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രവീന്ദ്ര പ്രസാദും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ആ ചിത്രം ഒന്നു കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

'ആ ചിത്രം എനിക്ക് ഇ മെയില്‍ ചെയ്താല്‍ വലിയ ഉപകാരമായിരുന്നു. നാളെ വലിയ നേതാവാകാന്‍ പോകുന്ന ആളിനൊത്തുള്ള ചിത്രമല്ലേ?'- ഈ ലേഖകനോട് ആഗ്രഹം പറഞ്ഞു. ചിത്രമെടുത്ത 'മാതൃഭൂമി' സീനിയര്‍ ഫോട്ടോഗ്രാഫര്‍ കെ.അബുബക്കറിന് അന്ന് ചിത്രമയച്ചുകൊടുക്കാനായില്ല. മോക്ഡ്രില്‍ അപകടമുണ്ടാകുന്നതിന്റെ തലേരാത്രി രവീന്ദ്ര പ്രസാദിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 'എനിക്ക് ആ ചിത്രം കിട്ടിയില്ല' എന്നു പരിഭവം. വിവരം പറഞ്ഞയുടന്‍ തന്നെ രവീന്ദ്രപ്രസാദിന്റെ മൂന്നുചിത്രങ്ങള്‍ അദ്ദേഹത്തിനു അബൂബക്കര്‍ ഇ മെയില്‍ ചെയ്തു.

പിറ്റേന്നുകാലത്ത് മോക്ഡ്രില്ലിനു ചെന്നപ്പോള്‍ അബൂബക്കറിനോട് രവീന്ദ്രപ്രസാദ് കുശലം പറഞ്ഞു. ചിത്രത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം. മണിക്കൂറുകള്‍ക്കുള്ളില്‍ രവീന്ദ്രപ്രസാദ് മരിക്കുന്നു. കണ്ടിരിക്കുമോ അദ്ദേഹം ആ ചിത്രം?.

More News from Alappuzha