വള്ളികുന്നത്തും താമരക്കുളത്തും തെരുവുനായശല്യം
Posted on: 28 Jan 2011
വള്ളികുന്നം: വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളില്‍ തെരുവുനായശല്യം രൂക്ഷമായി. കൊച്ചു കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നത് ഇവിടെ പതിവായി. വള്ളികുന്നം പഞ്ചായത്തിലെ വാളാച്ചാല്‍, ഇലിപ്പക്കുളം, കാമ്പിശ്ശേരി, കടുവിനാല്‍, പള്ളിമുക്ക്, മലമേല്‍ച്ചന്ത, താമരക്കുളം പഞ്ചായത്തിലെ ചത്തിയറ, താമരക്കുളം ചന്ത, ചാവടി, ഒന്നാംമൈല്‍, കണ്ണനാകുഴി, കൊട്ടയ്ക്കാട്ടുശ്ശേരി, കിഴക്കേമുറി ഭാഗങ്ങളിലാണ് നായ ശല്യം രൂക്ഷമായത്.
വള്ളികുന്നം വാളാച്ചാല്‍ കാര്‍ത്തികയില്‍ കാര്‍ത്തികേയന്‍, ചിറ്റൂര്‍ ഗോള്‍ഡന്‍ വില്ലയില്‍ യൂനുസുകുഞ്ഞ് എന്നിവരുടെ വീട്ടിലെ ആട്ടിന്‍കുട്ടികളെ തെരുവുനായ്ക്കള്‍ കൂട്ടമായെത്തി കടിച്ചുകൊന്നു. ഇവിടങ്ങളിലെ നിരവധി കോഴികളെയും താറാവുകളെയും കടിച്ചുകൊല്ലുകയും പശുക്കളെയും ആടുകളെയും കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. നായശല്യം മൂലം ഗ്രാമീണ റോഡുകളിലൂടെ ഇരുചക്രവാഹനങ്ങളില്‍ പോലും യാത്രചെയ്യാന്‍ നാട്ടുകാര്‍ ഭയക്കുകയാണ്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരുടെ പിന്നാലെ നായ്ക്കള്‍ കൂട്ടത്തോടെ ഓടിച്ചെന്ന് കാലില്‍ കടിച്ചു പരിക്കേല്പിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. നായശല്യം മൂലം രാത്രികാലങ്ങളില്‍പ്പോലും ആളുകള്‍ക്കു പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സ്‌കൂള്‍ കുട്ടികളും നായയെ പേടിച്ചാണു നടക്കുന്നത്. നായ്ക്കളെ ഇടിച്ച് ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. തെരുവുനായ്ക്കളെ നശിപ്പിക്കാന്‍ പഞ്ചായത്തുകള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.