സ്വര്‍ണം തിളക്കം കൂട്ടാനെന്ന പേരില്‍ തട്ടിപ്പ്: ബിഹാര്‍ സ്വദേശികള്‍ പിടിയില്‍
Posted on: 28 Jan 2011
അമ്പലപ്പുഴ: സ്വര്‍ണാഭരണം തിളക്കം കൂട്ടി നല്‍കാമെന്നു പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പുനടത്തിയ ബിഹാര്‍ സ്വദേശികള്‍ പിടിയിലായി. ബീഹാര്‍ സൂപ്പോള്‍ ജില്ലയില്‍ രോഹ്‌നാഥപ്പുര്‍ ജഗന്നാല്‍ ഭഗത്തിന്റെ മകന്‍ ഗണജിത്ത് (25), റണജോദിറാമിന്റെ മകന്‍ ബിജേന്ദ്രകുമാര്‍ (25) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തോട്ടപ്പള്ളി നാലുചിറ കോശിയുടെചിറ രാധ (63) യാണ് തട്ടിപ്പിനിരയായത്. ഇവരുടെ 8ഗ്രാം തൂക്കമുള്ള സ്വര്‍ണമാല പ്രതികള്‍ ലായനിയില്‍ മുക്കി തിളക്കം കൂട്ടി നല്‍കിയപ്പോള്‍ 2.750 ഗ്രാമായി കുറയുകയായിരുന്നു.
ബുധനാഴ്ച പകല്‍ 12 മണിയോടെയാണ് തട്ടിപ്പ് സംഘം വീട്ടമ്മയെ സമീപിച്ചത്. വീട്ടമ്മ നല്‍കിയ വെള്ളി പാദസരം ലായനിയില്‍ മുക്കി തിളക്കം കൂട്ടി നല്‍കി ആദ്യം വിശ്വസിപ്പിച്ചു. പിന്നീടാണ് വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല തിളക്കം കൂട്ടാനായി വാങ്ങിയത്. ലായനിയില്‍ മുക്കിയശേഷം മഞ്ഞള്‍വിതറി തിരികെ നല്‍കിയ മാല ഫാനിനടിയില്‍വെച്ച് ഉണക്കി നല്‍കിയശേഷം പ്രതികള്‍ പോകാനൊരുങ്ങി. ഈ സമയം രാധയുടെ മകന്‍ ഭദ്രന്‍ മാല നോക്കിയപ്പോള്‍ അതിന്റെ കനം തീരെ കുറഞ്ഞതായി ശ്രദ്ധിച്ചു. ഇതോടെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് തട്ടിപ്പു സംഘത്തെ തടഞ്ഞുവച്ചു.
തുടര്‍ന്ന് പോലീസ് എത്തി മാല തൂക്കിനോക്കിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. പിന്നീട് പ്രതികളെ അറസ്റ്റുചെയ്തു. യാത്രാ സൗകര്യം കുറവുള്ള പ്രദേശത്ത് കിലോമീറ്ററുകള്‍ നടന്ന് കടത്തുവള്ളത്തിലാണ് പ്രതികള്‍ തട്ടിപ്പ് നടത്താനെത്തിയത്.
എ.എസ്.ഐ.മാരായ കെ.സുധീന്ദ്രന്‍ നായര്‍, ജോയ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ ജേക്കബ്, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മൊബൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ആലപ്പുഴ സബ്ജയിലില്‍ അയച്ചു.