യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍നിന്ന് ഐ വിഭാഗം ഇറങ്ങിപ്പോയി

Posted on: 28 Jan 2011



മാന്നാര്‍: യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് മാന്നാറില്‍ കൂടിയ യോഗത്തില്‍നിന്ന് ഐ വിഭാഗം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി.

ബുധനാഴ്ച വൈകീട്ട് മാന്നാര്‍ പെന്‍ഷന്‍ഭവനില്‍ കൂടിയ യോഗത്തില്‍നിന്നാണ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമുള്‍പ്പെടെയുള്ള ഐ വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയത്.

ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍നിന്നു പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ നിര്‍വാഹകസമിതിയംഗം ജെജി മാത്യു, കൃഷ്ണകുമാര്‍ എന്നിവരെ യോഗത്തില്‍ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇസഡ്.എച്ച്. ഭൂട്ടോ, വൈസ് പ്രസിഡന്റ് സി. ബിനു, ബ്ലോക്ക് ഭാരവാഹിയായ സുധീഷ്, മണ്ഡലം ഭാരവാഹികളായ ഷമീര്‍, കണ്ണന്‍, ലിന്റു എന്നിവര്‍ നേതൃത്വം നല്കി. പ്രതിഷേധമുദ്രാവാക്യങ്ങളും ആരോപണപ്രത്യാരോപണ മുദ്രാവാക്യങ്ങളുമായി വൈകിയാണ് യോഗം തുടങ്ങിയത്.

കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സംഘടനാതിരഞ്ഞെടുപ്പില്‍ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് കൃഷ്ണകുമാര്‍. എന്നാല്‍ കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഘടകത്തിനു നല്കിയ പരാതിയില്‍ തീര്‍പ്പുണ്ടാകാത്തതിനാല്‍ പുറത്താക്കിയവരെ പങ്കെടുപ്പിക്കേണ്ട എന്നായിരുന്നു ഐക്കാരുടെ വാദം.

തുടര്‍ന്ന് യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാവേലിക്കര ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ബിബിന്‍ മാമന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ. പ്രമോദിനെ ഷാളണിയിച്ച് സ്ഥാനമേല്പിച്ചു.

മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്. ഷഫീക്ക് അധ്യക്ഷത വഹിച്ചു.

മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എ.ആര്‍. വരദരാജന്‍ നായര്‍, സണ്ണി കോവിലകം, എം. ശ്രീകുമാര്‍, തോമസ് ടി. തോമസ്, തമ്പി കൗണടിയില്‍, അജിത്ത് പഴവൂര്‍, സുജിന്‍ കോമ്പ്രാട്ട്, അഭിലാഷ് കൂമ്പിനാത്ത്, ദീപു എസ്. അഭിലാഷ്, റ്റിറ്റി പാറയില്‍, ജിനോ മാത്യു, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha