അതിഥി ഭഗവദ്ഗീതയുടെ പ്രചാരവഴിയില്‍
Posted on: 25 Oct 2010
സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും സൗന്ദര്യംപോലെ ഭഗവദ്ഗീതയുടെ സന്ദേശം ലോകത്തിലോരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്'- ഭഗവദ്ഗീതയുടെ മഹത്തായ സന്ദേശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാനുള്ള കര്‍മ തപസ്സിലാണ് സ്വാമി സന്ദീപാനന്ദഗിരി. സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റിന്റെ അധ്യക്ഷനായ അദ്ദേഹം ഒന്നരദശാബ്ദമായി ഇന്ത്യയിലും വിദേശങ്ങളിലും ഭഗവദ്ഗീത, ഉപനിഷത്തുകള്‍, ആധ്യാത്മികഗ്രന്ഥങ്ങള്‍ എന്നിവയെ ആധാരമാക്കി പ്രഭാഷണങ്ങളും യജ്ഞങ്ങളും നടത്തി ആത്മീയസുകൃതം പകരുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ലോകമതസമ്മേളനത്തില്‍ പങ്കെടുത്ത് ലോകത്തെമ്പാടുമുള്ള വ്യത്യസ്തമതങ്ങളുടെ പ്രതിനിധികളെ അഭിസംബോധനചെയ്തു. സന്ദീപ് ചൈതന്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം സ്വാമി കാശികാനന്ദഗിരിയില്‍നിന്ന് സന്ന്യാസം സ്വീകരിച്ചാണ് സ്വാമി സന്ദീപാനന്ദഗിരിയായത്. സ്‌കൂള്‍ഓഫ് ഭഗവദ്ഗീതയുടെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴയില്‍ നടക്കുന്ന ചതുര്‍വിധ പുരുഷാര്‍ഥവിചാരയജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാതൃഭൂമിയോട് മനസ്സുതുറക്കുന്നു:
?ബാല്യകാലത്തെക്കുറിച്ച്...
=കോഴിക്കോട് നെടുമ്പറമ്പത്ത് രാമക്കുറുപ്പിന്റെയും രാധമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് ജനിച്ചത്. വളയനാട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ 1966ലെ വിജയദശമി നാളിലായിരുന്നു ജനനം. കൂട്ടുകുടുംബമായിരുന്നു. അച്ഛനില്‍നിന്ന് അറിവുകള്‍ പകര്‍ന്നുകിട്ടാന്‍ ഭാഗ്യമുണ്ടായില്ല. തളര്‍വാതം പിടിപെട്ട് പകുതി സംസാരശേഷിയേ അച്ഛനുണ്ടായിരുന്നുള്ളൂ. ചെറുപ്രായത്തിലേ നിസ്വാര്‍ഥസേവനം ചെയ്യാന്‍ അച്ഛന്‍ വഴിയൊരുക്കി. ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം.
?വിദ്യാഭ്യാസ കാലഘട്ടം
=കോഴിക്കോട് സാമൂതിരി സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠിച്ചു. നാലാംക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചുതുടങ്ങി. പഠിക്കുന്നകാലത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്നു. കുടുംബവും കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ളതാണ്. അമ്മാവനും പാര്‍ട്ടിപ്രവര്‍ത്തകനാണ്. അമ്മൂമ്മ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പോകുമെങ്കിലും ഇഷ്ടമൂര്‍ത്തികള്‍ എ.കെ.ജി.യും ഇ.എം.എസ്സുമായിരുന്നു. നാലഞ്ചുവര്‍ഷം മുംബൈയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ജോലിചെയ്തശേഷം തിരികെ നാട്ടിലെത്തി സംസ്‌കൃതപഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു.
?ജീവിതത്തിന് വഴിത്തിരിവായത്
=ചാതുര്‍വര്‍ണ്യവ്യവസ്ഥയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ.എം.എസ്സിന്റെയും പി. പരമേശ്വരന്റെയും ലേഖനമാണ് ഭഗവദ്ഗീതയെ ഗൗരവമായി സമീപിക്കാന്‍ വഴിയൊരുക്കിയത്. ഇ.എം.എസ്സിന്റെ ലേഖനത്തെ ഭംഗിയായി ഖണ്ഡിച്ച പി. പരമേശ്വരന്‍ ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് ഭാരതീയ ഋഷീശ്വരന്മാര്‍ പറഞ്ഞിരിക്കുന്നത് വ്യക്തമാക്കിയപ്പോള്‍ ഗീത വായിച്ചുനോക്കാന്‍ പ്രേരണയായി.
?ചിന്മയാമിഷനുമായുള്ള ബന്ധം തുടങ്ങിയത്?
=വീടിനടുത്തുള്ള അധ്യാപകന്‍ ഗോപാലന്‍ മാസ്റ്ററുടെ രാമായണപ്രഭാഷണം കേട്ടതോടെയാണ് ആധ്യാത്മികവിഷയത്തില്‍ ആകര്‍ഷണം തോന്നിയത്. ഭഗവദ്ഗീതയെക്കുറിച്ച് പഠിക്കാനുള്ള ആഗ്രഹം മാസ്റ്ററോട് പറഞ്ഞു. ചിന്മയാമിഷനാണ് ഭഗവത്ഗീത പഠിക്കാന്‍ ഏറ്റവുംനല്ല വഴിയെന്ന് അദ്ദേഹം ഉപദേശിച്ചു. അക്കാലത്ത് എറണാകുളത്ത് ഫോട്ടോ ലാമിനേഷന്‍ ബിസിനസ് നടത്തുകയായിരുന്നു. ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ചിന്മയാമിഷന്റെ ഭഗവദ്ഗീതാപഠനം നടക്കുന്നതായി അറിഞ്ഞു. ഗീതാപഠനക്ലാസില്‍ചേര്‍ന്ന് പഠനം തുടങ്ങി. ബാലവിഹാര്‍, ചിന്മയാ യുവകേന്ദ്ര എന്നിവയുമായി ബന്ധപ്പെട്ടു. ആദിശങ്കരനിലയത്തില്‍ നടന്ന ചിന്മയാ യുവകേന്ദ്രയുടെ ദേശീയ ക്യാമ്പില്‍ പങ്കെടുത്തു. 93ല്‍ സ്വാമി ചിന്മയാനന്ദനെ കണ്ടു. അടുപ്പമില്ലെങ്കിലും ദൂരെനിന്ന് വല്ലാത്തൊരു ആത്മബന്ധമാണ് അദ്ദേഹത്തോട് തോന്നിയത്. 94ല്‍ ശങ്കരനിലയത്തില്‍ മൂന്നുവര്‍ഷത്തെ വേദാന്തപഠനം തുടങ്ങി. സ്വാമി ആത്മചൈതന്യയായിരുന്നു മുഖ്യാചാര്യന്‍. 1994 മുതല്‍ ചിന്മയാമിഷനില്‍ പലപലസ്ഥാനങ്ങള്‍ വഹിച്ച് ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
?ചിന്മയാമിഷനുമായി വേര്‍പിരിയാനുണ്ടായ സാഹചര്യം?
=സ്‌നേഹാദരങ്ങളാല്‍ പരസ്പരം ബന്ധപ്പെട്ട ഒരു കുടുംബമായി നാം നിലകൊള്ളും എന്നാണ് സ്വാമി ചിന്മയാനന്ദസ്വാമി വിഭാവനംചെയ്ത പ്രതിജ്ഞയിലെ ആദ്യവാചകം. സ്വാമിജിയുടെ പ്രതിജ്ഞയെ പ്രവൃത്തിയിലെത്തിക്കുകയാണ് അദ്ദേഹത്തിന് നല്കാനുള്ള ഗുരുദക്ഷിണ. ഏതൊരാള്‍ക്കും രാജ്യസ്‌നേഹം ഉണ്ടാകേണ്ടത് അയല്‍രാജ്യങ്ങളെ വെറുത്തുകൊണ്ടല്ല. അങ്ങനെ ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണ്. ഇന്ത്യയിലെ യുവാക്കള്‍ പാകിസ്താനില്‍പ്പോയി അവിടത്തെ യുവാക്കളുമായി ചര്‍ച്ചനടത്തി ഇരുരാജ്യങ്ങളും തമ്മില്‍ ശത്രുതയകറ്റാനുള്ള സന്ദേശം പ്രചരിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ബന്ധപ്പെട്ട മന്ത്രാലയവുമായി ബന്ധപ്പെട്ട് എല്ലാപിന്‍തുണയും ഉറപ്പുവരുത്തി. ചിന്മയാമിഷന്‍ മേധാവിക്ക് പദ്ധതി നല്കിയെങ്കിലും കൃത്യമായി മറുപടി നല്കിയില്ല. ആശയപരമായ അകല്‍ച്ച അങ്ങനെയാണ് തുടങ്ങിയത്. പിന്നീട് പല വിയോജിപ്പുകളുമുണ്ടായി. ബന്ധം വേര്‍പെട്ടെങ്കിലും ചിന്മയാമിഷനെ ഒരിക്കലും ശത്രുവായി കാണുന്നില്ല.
?സ്‌കൂള്‍ഓഫ് ഭഗവദ്ഗീതയുടെ തുടക്കം
=2006 ഡിസംബര്‍ ഒന്നിന് സ്‌കൂള്‍ഓഫ് ഭഗവദ്ഗീതയുടെ ഉദ്ഘാടനം രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍കലാമിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതാണ് നിര്‍വഹിച്ചത്. തിരുവനന്തപുരത്ത് കുണ്ടമണ്‍കടവില്‍ കരമനയാറിന്റെ തീരത്തെ സാളഗ്രാമം ആശ്രമത്തിലാണ് സ്‌കൂള്‍ഓഫ് ഭഗവദ്ഗീതയുടെ മുഖ്യകാര്യാലയം. തിരുവനന്തപുരത്തും എറണാകുളത്തും 108 ദിവസം നീണ്ടുനില്‍ക്കുന്ന ഭഗവദ്ഗീത പ്രഭാഷണം നടത്തി. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടന്ന 45 ദിവസത്തെ ഗീതാപ്രഭാഷണ പരമ്പര ഒട്ടേറെപ്പേരെ ആകര്‍ഷിച്ചു. 'ചതുര്‍ഗകാര വിചാരയജ്ഞം' എന്ന പേരില്‍ കേരളത്തിലുടനീളം സംഘടിപ്പിച്ച, മൂന്നുമാസം നീണ്ടുനിന്ന പ്രഭാഷണപരമ്പരയും പരിസ്ഥിതിസംരക്ഷണ പരിപാടിയും സാഗര്‍ഗംഗാ ദര്‍ശനയാത്രയും പുതിയ മാനങ്ങള്‍ നല്കി. കൈലാസയാത്രയിലും ഹിമാലയയാത്രയിലും ഒട്ടനവധിപേര്‍ പങ്കെടുക്കുന്നു.
?ഭാവിപരിപാടികള്‍?
=ഇന്ത്യന്‍ യുവത്വം പാകിസ്താന്‍ യുവത്വവുമായി വേദിപങ്കിടുന്ന പദ്ധതി 2011-2012ല്‍ നടപ്പാകും. ഭഗവദ്ഗീതയ്ക്ക് സിലബസ് തയ്യാറാക്കാനുള്ള പദ്ധതിയും പ്രാരംഭഘട്ടത്തിലാണ്.
?ആലപ്പുഴയെക്കുറിച്ച്...
=ഉണര്‍വുള്ള ജനതയാണ് ഇവിടെ. പ്രായമായവര്‍ക്കും ഉണര്‍വുണ്ട്. പുലര്‍ച്ചെതന്നെ പ്രായമായവരെ റോഡില്‍ കാണാം. ചിലര്‍ ക്ഷേത്രദര്‍ശനത്തിന് പോകുമ്പോള്‍ മറ്റുചിലര്‍ ചായക്കടയില്‍ ചായകുടിച്ച് രാഷ്ട്രീയം പറയുന്നു. പുതുമയെ സ്വീകരിക്കുന്നവരാണ് ആലപ്പുഴക്കാര്‍. സംസ്‌കൃതിയും വിപ്ലവവീര്യവും നിറയുന്ന നാട്. ജനതയ്ക്കും ആ വീര്യം കാണാം.