മുരുക്കുംമൂട് വീണ്ടും സമരകേന്ദ്രം; മാലിന്യവണ്ടി അകത്തുകടത്തിയില്ല

Posted on: 23 Dec 2012കായംകുളം:കായംകുളം നഗരസഭയുടെ മുരുക്കുംമൂട്ടിലെ മാലിന്യ കേന്ദ്രത്തില്‍ മാലിന്യവുമായി വന്ന ലോറി അകത്ത് കടത്താന്‍ ശനിയാഴ്ചയും നാട്ടുകാര്‍ അനുവദിച്ചില്ല.

നഗരസഭയുടെ വാഹനം വെള്ളിയാഴ്ച വൈകിട്ട് ഡമ്പിങ് ഗ്രൗണ്ടിന്റെ കവാടത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. മാലിന്യം തള്ളാതെ വാഹനം തിരിച്ചുകൊണ്ടുപോകേണ്ടെന്നാണ് നഗരസഭയുടെ നിലപാട്.

വാഹനം അകത്ത് കടത്തില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പോലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അമ്പിളി സുരേഷ് ശനിയാഴ്ച വൈകിട്ട് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും അതും വിജയിച്ചില്ല.

ഇതേത്തുടര്‍ന്ന് മാലിന്യം നിറച്ചെത്തിയ വാഹനം രണ്ടാം ദിവസവും ഡമ്പിങ് ഗ്രൗണ്ടിന് മുന്നിലെ റോഡില്‍ കിടക്കുകയാണ്.

ഒരുവര്‍ഷംമുന്‍പ് അശാസ്ത്രീയമായ മാലിന്യനിക്ഷേപത്തിനെതിരെ പ്രദേശവാസികള്‍ ദിവസങ്ങളോളം സമരംചെയ്തിരുന്നു. മാലിന്യ നിക്ഷേപം മൂലമുണ്ടാകുന്ന ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ചെയ്യേണ്ട പത്ത് ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് നഗരസഭാ അധികൃതര്‍ ഉറപ്പുനല്‍കിയതാണ്.

ഇതില്‍ ഡമ്പിങ് ഗ്രൗണ്ടില്‍നിന്ന് പുറത്തേക്ക് മലിനജലം ഒഴുകുന്നത് തടയാന്‍ ഓടനിര്‍മ്മിക്കുമെന്നതുമാത്രമാണ് നടപ്പാക്കിയത്. അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന ഓടിയിലൂടെ മലിനജലം മലയന്‍ കനാലിലെത്തുമെന്നുമാണ് നാട്ടുകാരുടെ പരാതി.

പ്രശ്‌നം ചര്‍ച്ചചെയ്യാനായി പ്രദേശവാസികളുടെ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.

More News from Alappuzha