തിരച്ചില്‍ മുടങ്ങിയെന്നപേരില്‍ പോലീസിന് നേരെ ആക്രമണം; രണ്ടുപോലീസുകാരടക്കം ഏഴുപേര്‍ക്ക് പരുക്ക്

Posted on: 23 Dec 2012മാരാരിക്കുളം:ചെത്തിയില്‍ കടലില്‍ വീണ് വിദ്യാര്‍ഥിനിയെ കാണാതായി. രാത്രിയില്‍ തിരച്ചില്‍ നടത്താന്‍ വെളിച്ചമില്ലെന്നാരോപിച്ച് ഒരുവിഭാഗം ആളുകള്‍ പോലീസിനെ ആക്രമിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എസ്.ഐ.യും ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ക്കും രണ്ടു ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. അക്രമണത്തിനിടയില്‍ ഒരു പോലീസ് ജീപ്പും ഏതാനും ഇരുചക്രവാഹനങ്ങളും തകര്‍ന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാംവാര്‍ഡ് കൊല്ലം പറമ്പില്‍ ജാക്‌സണ്‍- ജെസി ദമ്പതിമാരുടെ മകള്‍ ജാസ്മിന്‍ (13) നെയാണ് കടലില്‍ കാണാതായത്. മാരാരിക്കുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സുഭാഷ്, അര്‍ത്തുങ്കല്‍ എസ്.ഐ.രമേശന്‍, മാരാരിക്കുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോപന്‍, സനന്ദന്‍, പോലീസ് ജീപ്പ് ഡ്രൈവര്‍ വിനോദ് എന്നിവര്‍ക്കും മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം ശോശാമ്മ ലൂയിസിനും മാരാരിക്കുളം വടക്കു ഗ്രാമപ്പഞ്ചായത്തംഗം കെ.വി.ജോസിക്കും മര്‍ദ്ദനമേറ്റു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും ആറോളം സഹപാഠികളും ഇവരുടെ ട്യൂഷന്‍ അധ്യാപികയുമായി ചെത്തി കടപ്പുറത്തെത്തിയത്. കടലിലിറങ്ങി നില്‍ക്കുന്നതിനിടയില്‍ പെട്ടെന്ന് തിരയടിച്ചപ്പോള്‍ ജാസ്മിന്‍ തിരയില്‍പ്പെടുകയായിരുന്നു. അധ്യാപികയുടെയും കുട്ടികളുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം അറിഞ്ഞാണ് മാരാരിക്കുളം സി.ഐ.യും അര്‍ത്തുങ്കല്‍ എസ്.ഐ.യും സ്ഥലത്തെത്തിയത്. സന്ധ്യ ആയതോടെ തിരച്ചില്‍ നടത്താന്‍ വെളിച്ചമില്ലെന്നാരോപിച്ചാണ് ഒരുവിഭാഗം പ്രകോപിതരായത്.

ആക്രമണം ഉണ്ടായപ്പോള്‍ പോലീസുകാര്‍ ചിതറിയോടി. കൂടുതല്‍ പോലിസെത്തിയപ്പോഴാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അക്രമികള്‍ ഒരു പോലീസ് ജീപ്പും ഏതാനും ഇരുചക്രവാഹനങ്ങളും തകര്‍ത്തു. പരുക്കേറ്റ പോലീസുദ്യോഗസ്ഥര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയിലും കോസ്റ്റുഗാര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യര്‍ഥിനിക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. കലക്ടര്‍ പി.വേണുഗോപാല്‍, ജില്ലാ പോലീസ് ചീഫ് കെ.ജി.ജയിംസ്, ചേര്‍ത്തല ഡിവൈ.എസ്.പി. എ.ജി.ലാല്‍, ചേര്‍ത്തല സി.ഐ. കെ.ജി.അനീഷ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അക്രമം നടത്തിയവര്‍ ചെത്തിയിലുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും ചെത്തിനിവാസികള്‍ പറഞ്ഞു.

കടലില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

More News from Alappuzha